ആരാണെന്നോ പേരെന്താണെന്നോ പോലുമറിയില്ലെങ്കിലും ആ സാഹചര്യത്തിൽ വിശപ്പിന്‍റെ വില മനസ്സിലാക്കിയ മനുഷ്യരുടെ കരുതല്‍ വെളിപ്പെടുത്തുകയാണ് വീഡിയോയിലൂടെ.
കോഴിക്കോട്: ആദ്യ വിമാനയാത്ര എല്ലാവര്‍ക്കും സന്തോഷവും ആകാംക്ഷയും കുറച്ച് പേടിയുമൊക്കെ കലര്‍ന്ന അനുഭവമായിരിക്കും. വിമാനയാത്ര എപ്പോഴും കൗതുകകരമാണ്. എന്നാൽ ചിലപ്പോഴൊക്കെ വിമാനയാത്ര ദുരിതവും ആകാറുണ്ട്. ദുരിതപൂര്‍ണമായ തന്‍റെ ആദ്യ വിമാനയാത്രയും അതിനിടെ സ്നേഹത്തിന്‍റെ ഇത്തിരി വെളിച്ചം കാട്ടിയ പേരു പോലുമറിയാത്ത ചില മനുഷ്യരെയും ഓര്‍ത്തെടുക്കുകയാണ് മലപ്പുറം സ്വദേശിയായ മുസമിൽ പിപി എന്ന യുവാവ്. സോഷ്യൽ മീഡിയയിൽ കഴിഞ്ഞ ദിവസം ഇദ്ദേഹം പങ്കുവെച്ച ഒരു വീഡിയോ ഇപ്പോൾ ശ്രദ്ധേയമാകുകയാണ്.
Read Also- മാതാപിതാക്കൾ നേരത്തെ മരിച്ചു, ബന്ധുക്കളില്ല, ഒടുവിൽ പ്രവാസിയുടെ മൃതദേഹം സൗദിയിൽ സംസ്കരിച്ചു
സുഹൃത്തിനൊപ്പം കോഴിക്കോട് നിന്നും ദുബൈയിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസിൽ യാത്ര ചെയ്ത അനുഭവമാണ് യുവാവ് പങ്കുവെച്ചത്. എന്നാണ് യാത്ര നടത്തിയതെന്ന് പോസ്റ്റിൽ വ്യക്തമാക്കിയിട്ടില്ല. വിമാനം 5 മണിക്കൂറോളം വൈകി പുറപ്പെട്ടത് മൂലമുണ്ടായ ബുദ്ധിമുട്ടുകളും എന്നാൽ അതിനിടെ അപ്രതീക്ഷിതമായി ഹൃദയം തൊട്ട ഒരു അനുഭവവുമാണ് ഈ വീഡിയോയിൽ. വിമാനത്തിലെ എസി തകരാര്‍ കാരണമാണ് 5 മണിക്കൂറോളം വൈകി പുറപ്പെട്ടത്. ആകെ എട്ട് മണിക്കൂറോളം ഭക്ഷണവും വെള്ളവും ഇല്ലാതെ നിരവധി യാത്രക്കാര്‍ വലഞ്ഞു. പ്രകോപിതരാകുന്ന യാത്രക്കാരെ വീഡിയോയിൽ കാണാം. എന്നാൽ പെട്ടെന്നാണ് വിമാനത്തിലെ യാത്രക്കാര്‍ തങ്ങളുടെ സുഹൃത്തുക്കൾക്കും മറ്റുമായി നാട്ടിൽ നിന്ന് പ്രിയപ്പെട്ടവർ തന്നുവിട്ട സ്നേഹപ്പൊതികൾ തുറന്ന് സഹയാത്രികര്‍ക്ക് പങ്കുവെക്കാൻ തുടങ്ങിയത്. പണത്തിനും എത്രയോ വലുതായി മറ്റ് ചിലതുണ്ടെന്ന് മനസ്സിലാക്കിയ നിമിഷമായിരുന്നു അതെന്ന് യുവാവ് കുറിച്ചു.
നാടിനെയും പ്രിയപ്പെട്ടവരെയും ഓര്‍മ്മയിൽ സൂക്ഷിച്ച് പ്രവാസ ജീവിതത്തിലേക്ക് മടങ്ങുന്നവര്‍, പ്രിയപ്പെട്ടവർ അവർക്കായി തയാറാക്കിയ പലഹാരങ്ങളാണ് അന്ന് വിമാനത്തിലെ യാത്രക്കാർക്കായി പങ്കുവച്ചത്. രണ്ട് വര്‍ഷം മുമ്പ് നടത്തിയ യാത്രയുടെ വീഡിയോയാണ് യുവാവ് പങ്കുവെച്ചത്. അടുത്തിടെ കേൾക്കുന്ന പേടിപ്പെടുത്തുന്ന വാര്‍ത്തകൾക്കിടെ കരുണ വറ്റാത്ത മനുഷ്യരുമുണ്ടെന്ന് ഓര്‍മ്മപ്പെടുത്തുകയാണ് മുസമിൽ ഈ വീഡിയോയിലടെ.
സാമൂഹിക മാധ്യമത്തിൽ പങ്കുവെച്ച കുറിപ്പിന്‍റെ പൂര്‍ണരൂപം
ലൈഫിൽ ആദ്യമായിട്ട് ആണ് പണത്തിനേക്കാളൂം വലുത് വേറെ എന്തൊക്കെയോ ഉണ്ട് എന്ന് തിരിച്ചറിഞ്ഞ ഒരു നിമിഷം . yes , എന്റെ ആദ്യത്തെ flight യാത്ര . ഒരുപാട് പ്രതീക്ഷകളോടെ കുറച്ചു excitement വെച്ചിട്ടൊക്കെ ആണ് വിമാനത്തിലേക്ക് കയറിയത് . എന്നാൽ വിമാനത്തിലെ ac യിലെ എന്തൊക്കെയോ പ്രശ്നം കാരണം യാത്ര 5 മണിക്കൂറോളം വൈകിയാണ് പുറപ്പെട്ടത് .8 മണിക്കൂറോളം വെള്ളമോ ഭക്ഷണമോ ഇല്ലാതെ നാ വിമാനത്തിൽ സ്തംഭിച്ചു പ്പോയി . കയ്യിൽ ലക്ഷകണക്കിന് പൈസ ഉണ്ടായിട്ടും മൂല്യം ഇല്ലാതായ , പരസ്പരം ആരെന്ന് പോലും അറിയാത്ത അവരുടെ പ്രിയപെട്ടവർക് ആയിട്ട് എടുത്തു വെച്ച മധുര പലഹാരങ്ങളും മറ്റു ഭക്ഷ്യ വസ്‌തുകളും പകർന്നു നൽകിയപ്പോൾ പണത്തിനു മേലെ പലതും ഉണ്ടെന്ന് തിരിച്ചറിഞ്ഞ നിമിഷം . കയ്യ് നീട്ടി വേടിച്ചു കഴിച്ചിട്ടും ഇവരൊക്കെ ആരാണ് എന്ന് പോലും അറിയാതെ ഒരു നന്ദി വാക്ക് പോലും പറയാൻ പറ്റിയില്ല , ഒരുപാട് അർത്ഥങ്ങളായിരുന്നു ആ മധുര പലഹാരങ്ങളിലൂടെ എനിക്ക് പകർന്നു കിട്ടിയത് .
