അബുദാബി: യുഎഇയില്‍ വരും ദിവസങ്ങളില്‍ ശക്തമായ മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ബുധന്‍, വ്യാഴം, വെള്ളി ദിവസങ്ങളില്‍ മഴ പെയ്യുമെന്നാണ് അറിയിപ്പ്. ബുധനാഴ്ച മുതല്‍ രാജ്യത്തെ താപനിലയില്‍ വീണ്ടും കുറവുവരും. റോഡുകളില്‍ ദൂരക്കാഴ്ച ദുഷ്കരമാകുമെന്നും അറിയിച്ചിട്ടുണ്ട്.

രാജ്യത്ത് 70 കിലോമീറ്റര്‍ വേഗതയില്‍ കാറ്റടിക്കും. കടല്‍ പ്രക്ഷുബ്ധമായിരിക്കും.  തിങ്കഴാള്ച പുലര്‍ച്ചെ ജബല്‍ ജൈസില്‍ 11.9 ഡിഗ്രി സെല്‍ഷ്യസായിരുന്നു ഏറ്റവും കുറഞ്ഞ താപനില. രാജ്യത്തെ ഉള്‍പ്രദേശങ്ങളില്‍ 27 മുതല്‍ 31 ഡിഗ്രി സെല്‍ഷ്യസ് വരെയും തീരപ്രദേശങ്ങളില്‍ 28 മുതല്‍ 32 ഡിഗ്രി സെല്‍ഷ്യസ് വരെയുമാണ് തിങ്കഴാഴ്ചയിലെ താപനില.

പ്രക്ഷുബ്ധമായ കാലാവസ്ഥ നിലനില്‍ക്കുന്ന സമയങ്ങളില്‍ അധികൃതരുടെ നിര്‍ദേശങ്ങള്‍ പാലിക്കണമെന്ന് നാഷണല്‍ എമര്‍ജന്‍സി ക്രൈസിസ് ആന്റ് ഡിസാസ്റ്റര്‍ മാനേജ്‍മെന്റ് അതോരിറ്റി ആവശ്യപ്പെട്ടു. ശക്തമായ മഴയാണ് കഴിഞ്ഞ ആഴ്ചകളില്‍ യുഎഇയില്‍ ലഭിച്ചത്.