ദുബായ്: യുഎഇയിലെ ഏറ്റവും വലിയ സ്കൂള്‍ കലോത്സവമായ യുഫെസ്റ്റ് 2019ലെ മത്സരങ്ങള്‍ പുരോഗമിക്കുന്നു. സെന്‍ട്രല്‍ സോണ്‍ മത്സരങ്ങള്‍ ഈ മാസം 29,30 തീയതികളില്‍ ഷാര്‍ജയില്‍ നടക്കും. മുപ്പത്തിനാലിനങ്ങളിലായി രണ്ടായിരത്തിലേറെ വിദ്യാര്‍ഥികളാണ് മാറ്റുരയ്ക്കുക. വ്യക്തികള്‍ തമ്മിലുള്ള മത്സരത്തിലുപരി സ്കൂളുകള്‍ തമ്മിലുള്ള പോരാട്ടത്തിന് മേഖലാതല മത്സരങ്ങള്‍ വേദിയാകുമ്പോള്‍ യുഫെസ്റ്റിന് കൊഴുപ്പേറുകയാണ്.

സെന്‍ട്രല്‍ സോണ്‍ മത്സരത്തിനായുള്ള ഒരുക്കത്തിലാണ് ദുബായ് ഷാര്‍ജ എമിറേറ്റുകളിലെ വിദ്യാലയങ്ങള്‍. പതിനെട്ടു സ്കൂളുകളില്‍ നിന്നായി രണ്ടായിരത്തിലേറെ വിദ്യാര്‍ത്ഥികള്‍ ഇക്കുറി മത്സര രംഗത്തുണ്ട്. കേരളത്തില്‍ നിന്ന് പരിശീലകരെ എത്തിച്ച് കലോത്സവത്തിന് തയ്യാറാവുന്ന ടീമുകളും ഇത്തവണയുണ്ട്. അതുകൊണ്ട് തന്നെ വാശിയേറിയ പോരാട്ടത്തിനാണ് മേഖലാതല മത്സരങ്ങള്‍ വേദിയാകുന്നത്.

യുഫെസ്റ്റ് കിരീടം നിലനിര്‍ത്താനുള്ള പോരാട്ടത്തിനൊരുങ്ങുന്ന ഷാര്‍ജ ഇന്ത്യന്‍ സ്കൂള്‍ സോണ്‍തല മത്സരത്തിലും മികച്ച പ്രകടനം കാഴ്ചവെക്കാനാവുമെന്ന ആത്മവിശ്വാസത്തിലാണ്. സംസ്ഥാന സ്കൂള്‍ കലോത്സവം നിയന്ത്രിച്ച അനുഭവ സമ്പത്തുമായി കേരളത്തില്‍ നിന്നെത്തിയ പതിനൊന്ന് പേരടങ്ങുന്ന വിധികര്‍ത്താക്കളാണ് മത്സരങ്ങള്‍ നിയന്ത്രിക്കുന്നതെന്ന് ഇക്വിറ്റി പ്ലസ് മാനേജിംഗ് ഡയറക്ടര്‍ ജുബി കുരുവിള പറഞ്ഞു. മേഖലാതല മത്സരങ്ങള്‍ക്കുശേഷം ഡിസംബര്‍ 5,6 തിയതികളില്‍ ഷാര്‍ജ അമിറ്റി സ്കൂളില്‍ വച്ച് നടക്കുന്ന ഗ്രാന്‍റ് ഫിനാലെയിലൂടെ യുഎഇയിലെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കിടയിലെ കലാപ്രതിഭകളെ കണ്ടെത്തും.