വിവാഹം കഴിഞ്ഞ് വര്‍ഷങ്ങളായിട്ടും സാമ്പത്തികമായ നിക്ഷേപങ്ങളെ കുറിച്ചോര്‍ത്ത് ആശങ്കപ്പെടുകയാണോ?  മൂന്നാമതൊരാള്‍ നിങ്ങള്‍ക്കിടയിലേക്ക് കടന്നുവരികയാണെങ്കില്‍ പാലിക്കേണ്ട മുന്നൊരുക്കങ്ങളെന്തൊക്കെയാണ്?  കൃത്യമായ പ്ലാനിങ്ങുകളോടെ ജീവിതത്തെ സമീപിക്കുകയാണെങ്കില്‍ സാമ്പത്തികമായ ഭദ്രത ഉറപ്പ് വരുത്തിയുള്ള സുഗമമായ ജീവിതമായിരിക്കും നിങ്ങളുടേത്.  പ്രഗ്‌നന്‍സി, പോസ്റ്റ് പ്രഗ്‌നന്‍സി, കുട്ടിയുടെ ഭാവി എന്നിങ്ങനെ മൂന്നായി തിരിച്ചുവേണം സാമ്പത്തികമായ പ്ലാനിങ് നടത്തേണ്ടത്. ഗര്‍ഭകാലത്തെ ചെലവ് കണ്ടെത്തുന്നതിന് വിവിധ തരം ഇന്‍ഷൂറന്‍സ് പ്ലാനുകളുണ്ട്. അതെക്കുറിച്ച് മനസിലാക്കി ആവശ്യാനുസരണം പ്ലാനുകള്‍ ഉപയോഗപ്പെടുത്താം.

പ്രധാനമായും മൂന്ന് രീതിയില്‍ നിക്ഷേപം നടത്താം. 'ഷോര്‍ട്ട് ടേം' അഥവാ കുറച്ച് കാലയളവുള്ളത്, 'ലോങ് ടേം' അഥവാ ദീര്‍ഘകാലയളവുള്ളത്. 'ഫ്ളെക്സിബിള്‍'  അഥവാ ആവശ്യാനുസരണം എപ്പോള്‍ വേണമെങ്കിലും പിന്‍വലിക്കാവുന്നത്.  ഇപ്പോള്‍ 30,000 രൂപ മാസവരുമാനമുള്ള ഒരു കുടുംബം മാസച്ചിലവും കഴിച്ച് ഒരു 10,000 രൂപ സമ്പാദിക്കാന്‍ തീരുമാനിച്ചു. സമ്പാദ്യമായി മാറ്റിവെക്കുന്നതിന് പുറമേ കുറച്ച് പണം കയ്യില്‍ കരുതുകയും വേണം. അപ്രതീക്ഷിതമായ എന്തെങ്കിലും ആവശ്യങ്ങള്‍ വരികയാണെങ്കില്‍ ഇതില്‍ നിന്നും പണം ചെലവഴിക്കാം. പ്രസവം, കുട്ടിയുടെ പ്രീ പ്രൈമറി വിദ്യാഭ്യാസം ഇവയൊക്കെ ഷോര്‍ട്ട് ടേമിനുദാഹരണങ്ങളായെടുക്കാം. വര്‍ഷങ്ങള്‍ കഴിഞ്ഞ് വരുന്ന കുട്ടികളുടെ ആവശ്യങ്ങള്‍ക്കായി മാറ്റി വെക്കേണ്ട പണം ലോങ് ടേം ഇന്‍വെസ്റ്റ്മെന്റായും കണക്കാക്കുന്നു.  എസ് എസ് എല്‍ സി, ഉന്നതവിദ്യാഭ്യാസം, വിവാഹം എന്നിങ്ങനെ വിവിധ ലക്ഷ്യങ്ങള്‍ക്കായി ആളുകള്‍ ലോങ് ടേം ഇന്‍വെസ്റ്റ്മെന്റ് പ്ലാന്‍ എടുക്കുന്നു.  

ഗര്‍ഭ കാലയളവില്‍ ഉപയോഗപ്പെടുത്താവുന്ന വിവിധ ഇന്‍ഷുറന്‍സ് സ്‌കീമുകള്‍ ഇന്ന് നിലവിലുണ്ട്്. ഇതില്‍ പ്രീ-പ്രഗ്‌നന്‍സി, പോസ്റ്റ്-പ്രഗ്‌നന്‍സി ചെലവുകളും പ്രസവവും ഉള്‍പ്പെടും. ഗര്‍ഭകാലത്തെ വിവിധ പരിശോധനകള്‍, മരുന്ന് എന്നിങ്ങനെയുള്ള ചെലവും, കുട്ടി ജനിച്ച് പത്ത് ദിവസത്തേക്കുള്ള ചെലവും ഇതില്‍ ഉള്‍പ്പെടുന്നു. ഗര്‍ഭകാല ഇന്‍ഷൂറന്‍സിലൂടെ ആ സമയത്തെ സാമ്പത്തിക ആവശ്യങ്ങള്‍ ഒരു പരിധി വരെ കണ്ടെത്താനാകും.  എന്നാല്‍ പ്ലാനില്‍ ഉള്‍പ്പൊത്ത മറ്റു ആവശ്യങ്ങള്‍ക്കായി ആകെ ചെലവ് കണക്കാക്കുന്നതിന്റെ 25% പണമെങ്കിലും ഫ്‌ളെക്സിബിള്‍ നിക്ഷേപമായി അധികമായി കരുതിവെക്കണം. ഈ സമയത്ത് അപ്രതീക്ഷിതമായി വരുന്ന ചെലവുകള്‍ ഇതില്‍ നിന്ന് കണ്ടെത്താം. 

വിവിധ പ്ലാനുകള്‍

മേല്‍ സൂചിപ്പിച്ച വിവിധ നിക്ഷേപ പദ്ധതികളിലേക്ക് 10,000 രൂപ പ്രതിമാസം ഉപയോഗിക്കാന്‍ തീരുമാനിക്കുന്ന ഒരു കുടുംബം ഈ പണം കൃത്യമായി ഏതൊക്കെ പദ്ധതികളില്‍ നിക്ഷേപിക്കണം എന്ന് കൂടി അറിഞ്ഞ് വെക്കേണ്ടതുണ്ട്. സര്‍ക്കാര്‍-സ്വകാര്യ മേഖലകളിലെ കുറികളും, മ്യൂച്വല്‍ ഫണ്ടും, ആര്‍ ഡിയും, ഫിക്സഡ് ഡെപ്പോസിറ്റുമടക്കം വിവിധ നിക്ഷേപക മാര്‍ഗങ്ങള്‍ ഇതിനായി ഉപയോഗപ്പെടുത്താം.  10,000 രൂപയാണ് പ്രതിമാസ നിക്ഷേപമെങ്കിലും അതിനെ മൂന്നായി തരം തിരിക്കേണ്ടതുണ്ട്. ആകെ നിക്ഷേപത്തിന്റെ പകുതിയെങ്കിലും സ്ഥിര നിക്ഷേപം എന്ന നിലയില്‍ മാറ്റണം. 25 ശതമാനം ഷോര്‍ട്ട് ടേം ആയും, ബാക്കിയുള്ളത് ലോങ് ടേം ആയും നിക്ഷേപിക്കാം. ഷോര്‍ട്ട് ടേം നിക്ഷേപങ്ങളിലും, ലോങ് ടേം നിക്ഷേപങ്ങളിലും മ്യൂച്വല്‍ ഫണ്ടുകളായും, ആര്‍ ഡിയായും പണം നിക്ഷേപിക്കാവുന്നതാണ്.  മ്യൂച്വല്‍ ഫണ്ടുകളില്‍ സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്മെന്റ് പ്ലാനുകളിലൂടെ (എസ് ഐ പി) പ്രതിമാസം ഇത്ര രൂപ വീതം വിവിധ ഫണ്ടുകളിലായി നിക്ഷേപിക്കാം. ലോങ് ടേമില്‍ കൂടുതല്‍ റിട്ടേണ്‍ ലഭിക്കുന്ന ഫണ്ടുകള്‍ ദീര്‍ഘകാലത്തേക്കുള്ള നിക്ഷേപങ്ങള്‍ക്കായി കണ്ടെത്താം. ഒപ്പം കുട്ടിയുടെ പ്രൈമറി സ്‌കൂള്‍ വിദ്യാഭ്യാസത്തിനായി ഷോര്‍ട്ട് ടേം എസ് ഐ പി പ്ലാനുകള്‍ക്കും രൂപം നല്‍കാം.

എസ് ഐ പിയില്‍ നിക്ഷേപിച്ച പണം സിസ്റ്റമാറ്റിക് വിത്ത്ഡ്രോവല്‍ പ്ലാനിലായി (എസ് ഡബ്ലിയു പി) ആയി ഓരോ മാസവും ഒരു നിശ്ചിത തുക ലഭിക്കുന്ന വിധത്തില്‍ മാറ്റാവുന്നതാണ്. കുട്ടിയുടെ ഓരോ മാസത്തേയും വിദ്യാഭ്യാസ ചെലവുകള്‍ ഇതില്‍ നിന്ന് കണ്ടെത്താം. എസ് ഐ പി വഴി സമാഹരിച്ച മ്യൂച്വല്‍ ഫണ്ട് യൂണിറ്റുകളില്‍ നിന്ന് നിശ്ചിത എണ്ണം ഓരോ മാസവും വിറ്റിട്ടാണ് ഈ പണം കണ്ടെത്തുക.  ആര്‍ ഡി ആയി പണം നിക്ഷേപിക്കുകയാണെങ്കില്‍ വര്‍ഷം ഇത്ര ശതമാനം പലിശയടക്കം ലാഭമായി ലഭിക്കും. കുട്ടി ജനിച്ച ശേഷം മാസം ഇത്ര തുക ഇത്ര വര്‍ഷത്തേക്ക് കണ്ട് നിക്ഷേപിച്ച് തുടങ്ങുകയാണെങ്കില്‍ കുട്ടിയുടെ ഉന്നത വിദ്യാഭ്യാസ-വിവാഹ ചെലവുകളെ കുറിച്ചോര്‍ത്ത് ഒട്ടും ആശങ്കപ്പെടേണ്ടതില്ല. ദീര്‍ഘകാല ആവശ്യങ്ങള്‍ ലക്ഷ്യമിട്ട് സ്വര്‍ണമായും, സ്ഥലമായും നിക്ഷേപം നടത്താവുന്നതാണ്. ഒപ്പം മറ്റ് നിക്ഷേപ മാര്‍ഗങ്ങളും സ്വീകരിക്കാം. വിവിധ നിക്ഷേപക പദ്ധതികളെ കുറിച്ച് മനസിലാക്കി മുന്നോട്ട് പോയാല്‍ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ ഇല്ലാതെ കുട്ടിയുടെ ഭാവി സുരക്ഷിതമാക്കാന്‍ സാധിക്കുന്നതാണ്.

സജീഷ് ലാല്‍
ഫിനാന്‍ഷ്യല്‍ അഡ്വൈസര്‍, ബാങ്കര്‍