ശബരിമല: ശബരിമലയിലെ ഓണ്‍ലൈന്‍ പ്രസാദവിതരണം നേരിട്ട് നടത്താന്‍ ദേവസ്വം ബോര്‍ഡ്. ഓണ്‍ലൈന്‍ പ്രസാദവിതരണ രംഗത്ത് തട്ടിപ്പിന് തെളിവ് ലഭിച്ചതിനെ തുടര്‍ന്നാണ് തീരുമാനം. ഈ മണ്ഡല മകരവിളക്ക് കാലത്തിന് ശേഷം ഇത് സംബന്ധിച്ച് അന്തിമ തീരുമാനമുണ്ടാകുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

ദേവസ്വം ബോര്‍ഡിന്റെ അനുവാദമിലാലാതെ ബുക്ക് മൈ ദര്‍ശന്‍ എന്ന ഹൈദരബാദിലുള്ള ഓണ്‍ലൈന്‍ ഏജന്‍സിയാണ് പ്രസാദവിതരണം സംബന്ധിച്ച് ഓണ്‍ലൈന്‍ പരസ്യം നല്‍കിയത്.ബോര്‍ഡ് നല്‍കിയ പരാതിയില്‍ സൈബര്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.നിലവില്‍ ശബരിമല പ്രസാദം ഓണ്‍ലൈനില്‍ ലഭ്യമാക്കാന്‍ ധനലക്ഷ്മി ബാങ്കിനെ മാത്രമാണ് ബോര്‍ഡ് ചുമതലപ്പെടുത്തിയിട്ടുള്ളത്.

അടുത്ത സീസണ്‍ മുതല്‍ ഓണ്‍ലൈന്‍ പ്രസാദവിതരണം നേരിട്ട് നടത്താനാണ് ദേവസ്വം ബോര്‍ഡ് തീരുമാനിച്ചിരിക്കുന്നത്.ഒപ്പം പൂജകളുടെ വിവരം ഭക്തരെ ഓര്‍മിപ്പിക്കാനും സംവിധാനം ഒരുക്കും. ഓണ്‍ലൈന്‍പ്രസാദവിതരണത്തിനായി ഒന്നില്‍ കൂടുതല്‍ സ്വകാര്യ കമ്പനികള്‍ ബോര്‍ഡിനെ സമീപിച്ചിരുന്നു. തട്ടിപ്പുകള്‍ സംബന്ധിച്ച് പുറത്ത വന്ന കാര്യങ്ങള്‍ ഗൗരവമായാണ് ബോര്‍ഡ് കാണുന്നതെന്നും,നിയമപരമായി ഇതിനെ നേടിരുമെന്ന് പ്രസിഡന്റ് വ്യക്തമാക്കി.