ശബരിമല: ശബരിമല സന്നിധാനത്ത് മലിനജലം ശുദ്ധീകരിക്കാൻ സ്ഥാപിച്ച അത്യാധുനിക പ്ലാന്റിലെ ശുദ്ധീകരണ യന്ത്രങ്ങൾ പ്രവർത്തിക്കുന്നില്ല. പ്ലാന്റിലെ ഓസോണൈസേഷൻ സംവിധാനം തകരാറിലാണെന്ന് മലിനീകരണ നിയന്ത്രണ ബോർഡ് കണ്ടെത്തി. സന്നിധാനത്തെ മലിനജലം മുഴുവൻ ശുദ്ധീകരിച്ച ശേഷം പമ്പയിലേക്ക് ഒഴുക്കാൻ ലക്ഷ്യമിട്ടാണ് 23 കോടി മുതൽ മുടക്കുള്ള ആധുനിക പ്ലാന്റ് സ്ഥാപിച്ചത്. പ്ലാന്റിന്റെ പ്രവർത്തനം തകരാറിലാണെന്നാണ് ഇപ്പോൾ മലിനീകരണ നിയന്ത്രണ ബോർഡ് കണ്ടെത്തിയിരിക്കുന്നത്.

പ്ലാന്റിൽ നിന്ന് ശുദ്ധീകരിച്ച് പമ്പയിലേക്ക് ഒഴുക്കുന്ന ജലത്തിൽ ഇക്കഴിഞ്ഞ 19ന് നടത്തിയ പരിശോധനയിൽ കോളി ഫോം ബാക്ടീരിയയുടെ അളവ് 100 മില്ലിയിൽ 40000 ആണ്. മലിനീകരണ നിയന്ത്രണ ബോർഡ് അപ്പം അരവണ പ്ലാന്റിൽ നിന്ന് പുറന്തള്ളുന്ന എണ്ണയും ഗ്രീസുമടക്കമുള്ള ജലം ശുദ്ധീകരിക്കാനും പ്ലാന്റിൽ സാധിക്കുന്നില്ലെന്ന് പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. 50 ലക്ഷം ലിറ്ററാണ് പ്ലാന്റിന്റെ ശേഷി. ഇപ്പോൾ 35 ലക്ഷം ലിറ്റർ മലിനജലം ഒഴുകിയെത്തി.

ഇനി തിരക്ക് കൂടുമ്പോൾ മലിനജലത്തിന്റെ തോത് ഇരട്ടിയാകും. അപ്പോൾ ശുദ്ധീകരണത്തിന് നിലവിലത്തെ പ്ലാന്റ് പര്യാപ്തമാകില്ലെന്ന ആശങ്കയും മലിനീകരണ നിയന്ത്രണ ബോർഡ് പങ്ക് വയ്ക്കുന്നു. പരിശോധനാ ഫലം ഉദ്ധരിച്ച് വിഷയം ദേവസ്വത്തിന്റെയും സർക്കാരിന്റെയും ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും നടപടി ഒന്നുമുണ്ടായിട്ടില്ല. കരാറുകരനെ പ്ലാന്റിന്റെ പ്രവർത്തന വൈകല്യങ്ങൾ അറിയിച്ചിട്ടുണ്ടെന്നാണ് ദേവസ്വം ബോർഡ് വിശദീകരണം.