പ്രതിഷേധക്കാർക്കെതിരായ പൊലീസ് നടപടിയെയും തന്ത്രി പന്തളം കുടുംബത്തിനെതിരായ മുഖ്യമന്ത്രിയുടെ വിമർശനങ്ങളെയും എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ കുറ്റപ്പെടുത്തി.

തിരുവനന്തപുരം:ശബരിമല വിവാദത്തിൽ സർക്കാരിനെ രൂക്ഷമായി വിമർശിച്ച് എൻഎസ്എസ്. അടിയന്തിരാവസ്ഥക്ക് തുല്യമായ രീതിയിൽ വിശ്വാസികളെ പൊലീസിനെ ഉപയോഗിച്ച് സർക്കാർ നേരിടുകയാണെന്ന് എൻഎസ്എസ് കുറ്റപ്പെടുത്തി. സന്നിധാനത്ത് പാർട്ടിക്കാരെ കൊണ്ടുവരാനുള്ള നീക്കത്തെ എതിർക്കുമെന്ന് കോൺഗ്രസും ബിജെപിയും വ്യക്തമാക്കി.

പ്രതിഷേധക്കാർക്കെതിരായ പൊലീസ് നടപടിയെയും തന്ത്രിക്കും പന്തളം കുടുംബത്തിനെതിരായ മുഖ്യമന്ത്രിയുടെ വിമർശനങ്ങളെയും എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ കുറ്റപ്പെടുത്തി. ബിജെപിയെക്കാൾ ഒരു പടി കൂടി കടന്ന് പൊലീസ് നടപടി അടിയന്തിരാവസ്ഥക്ക് തുല്യമാണെന്നാണ് എൻഎസ്എസ് വിമർശനം. പന്തളം കുടുംബത്തെയും തന്ത്രിമാരെയും മുഖ്യമന്ത്രിയും മന്ത്രിമാരും വിലകുറഞ്ഞ ഭാഷയിൽ അവഹേളിച്ചത് വിശ്വാസികളുടെ മനസ്സിൽ മുറിവേല്‍പ്പിച്ചെന്നും എൻഎസ്എസ് പ്രസ്താവനയിൽ കുറ്റപ്പെടുത്തി.

ഈ മാസം 31ന് കരയോഗതലത്തിൽ വിശ്വാസ സംരക്ഷണ നാമജപം നടത്താനാണ് എന്‍എസ്എസ് തീരുമാനം. മണ്ഡല-മകരവിളക്ക് കാലത്ത് താൽക്കാലിക ജീവനക്കാരായി സന്നിധാനത്ത് സിപിഎമ്മുകാരെ നിയമിക്കാനുള്ള നീക്കത്തെ കോൺഗ്രസ്സും ബിജെപിയും വിമർശിച്ചു. താൽക്കാലിക ജീവനക്കാരെ നിയമിക്കുന്നത് സ്വാഭാവിക നടപടിയാണെന്നാണ് സർക്കാർ വിശദീകരണം. പാർട്ടി സ്ക്വാഡിനെ ഇറക്കുന്നുവെന്ന പ്രചാരണം ശരിയല്ലെന്നാണ് വിമർശനങ്ങൾക്കുള്ള മറുപടി.