പത്തനംതിട്ട : ശബരിമല തീര്‍ത്ഥടകര്‍ പമ്പയില്‍ സോപ്പും എണ്ണയും തേച്ചുള്ള കുളിക്ക് വിലക്ക്. മലിനീകരണ നിയന്ത്രണത്തിന്‍റെ ഭാഗമായുള്ള വിലക്ക് ലംഘിക്കുന്നവര്‍ക്ക് ആറു വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കും. ജില്ലാ കളക്ടറുടേതാണ് ഉത്തരവ്. കോളിഫോം ബാക്ടീരിയയുടെ അളവ് വര്‍ദ്ധിച്ചതായുള്ള മലിനീകരണ നിയന്ത്രണ ബോര്‍ഡ് റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് നടപടി.

ദീര്‍ഘ യാത്രകഴിഞ്ഞ് എത്തുന്നവര്‍ക്ക് പമ്പാ സ്‌നാനത്തിന് മുന്‍പായി പ്രത്യേക കുളിമുറിയില്‍ സോപ്പും എണ്ണയും തേച്ച് കുളിക്കാന്‍ സൗകര്യം ഒരുക്കും. ഇതിനു ശേഷം പമ്പാസ്‌നാനം നടത്താവുന്നതാണ്. പമ്പാനദിയില്‍ സോപ്പ് ഉപയോഗിക്കുന്നവരില്‍ നിന്നും തുണി അലക്കുന്നവരില്‍ നിന്നും പിഴ ഈടാക്കും. പമ്പയില്‍ വസ്ത്രം ഉപേക്ഷിക്കുന്നത് ആചാരമെന്ന രീതിയില്‍ നടപ്പാക്കുന്നത് വ്യാപകമായതോടെയാണ് നടപടി.