പതിവ് പൂജ തുടരുന്നുണ്ടെങ്കിലും കലശാഭിഷേകം ഉൾപ്പടെയുള്ള പ്രത്യേകചടങ്ങുകൾ ബഹിഷ്കരിച്ചാണ് പ്രതിഷേധം. ആദ്യമായാണ് പരികർമികൾ ഇത്തരത്തിലൊരു പ്രതിഷേധം ശബരിമല നടയ്ക്കൽ നടത്തുന്നത്. യുവതീപ്രവേശനമുണ്ടായാൽ ശബരിമല നട അടച്ചിടണമെന്നാണ് പന്തളം രാജകുടുംബം നിർദേശം നൽകിയിരിക്കുന്നത്.
സന്നിധാനം: ആചാരം ലംഘിച്ചാൽ ശബരിമല നട അടച്ചിടുമെന്ന് തന്ത്രികുടുംബം പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ പതിനെട്ടാം പടിയ്ക്ക് കീഴെ പരികർമികൾ പ്രതിഷേധിയ്ക്കുന്നു. പതിവ് പൂജ തുടരുന്നുണ്ടെങ്കിലും കലശാഭിഷേകം ഉൾപ്പടെയുള്ള പ്രത്യേകചടങ്ങുകൾ ബഹിഷ്കരിച്ചാണ് പ്രതിഷേധം. ആദ്യമായാണ് പരികർമികൾ ഇത്തരത്തിലൊരു പ്രതിഷേധം ശബരിമല നടയ്ക്കൽ നടത്തുന്നത്.
പ്രശ്നപരിഹാരം ഉണ്ടാകുന്നത് വരെ പ്രതിഷേധം അവസാനിപ്പിയ്ക്കില്ലെന്ന നിലപാടിലാണ് പരികർമികൾ. ആന്ധ്ര സ്വദേശിനിയായ മാധ്യമപ്രവർത്തക കവിതയും എറണാകുളം സ്വദേശിനി രഹ്ന ഫാത്തിമയും പൊലീസ് സംരക്ഷണത്തോടെ നടപ്പന്തൽ വരെ എത്തിയപ്പോൾ കനത്ത പ്രതിഷേധമാണ് ഉണ്ടായത്. തുടർന്ന് യുവതികളെ അടുത്തുള്ള കെട്ടിടത്തിലേയ്ക്ക് മാറ്റിയിരിക്കുകയാണ്. യുവതികളുമായി പൊലീസ് ഇപ്പോൾ അനുനയചർച്ച നടത്തുകയാണ്.
യുവതീപ്രവേശനമുണ്ടായാൽ ശബരിമല നട അടച്ചിടണമെന്നാണ് പന്തളം രാജകുടുംബം നിർദേശം നൽകിയിരിക്കുന്നത്. ആചാരലംഘനമുണ്ടായാൽ വിളിച്ചുചൊല്ലി പ്രായശ്ചിത്തവും താന്ത്രികവിധി പ്രകാരം ശുദ്ധി വരുത്തിയ ശേഷം മാത്രമേ ഇനി മറ്റ് ചടങ്ങുകൾ നടത്താവൂ എന്നാണ് താഴമൺ തന്ത്രികുടുംബം പന്തളം രാജകുടുംബത്തിനെ അറിയിച്ചിരിക്കുന്നതെന്ന് 'പന്തളത്ത് കൊട്ടാരം നിർവാഹകസംഘം' പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു.
