ശബരിമലയുടെ മാലിന്യനിര്‍മ്മാര്‍ജ്ജനത്തില്‍ വ്യത്യസ്തവഴികള്‍ തേടിയ പുണ്യം പൂങ്കാവനം പദ്ധതി ഏഴാം വയസ്സിലേക്ക്. ശബരിമലയും പമ്പയും കടന്ന് അയ്യപ്പഭക്തര്‍ കെട്ടുനിറക്കുന്ന ക്ഷേത്രങ്ങളിലേക്കും പദ്ധതി വ്യാപിപ്പിച്ചിരിക്കുകയാണ് സംഘാടകര്‍.

2011ല്‍ അന്നത്തെ ശബരിമല സ്പെഷ്യല്‍ ഓഫീസറായിരുന്ന പി വിജയന്‍ ഐപിഎസാണ് പുണ്യം പൂങ്കാവനത്തിന് തുടക്കമിട്ടത്. മാലിന്യപ്രശ്നവും,പ്ളാസ്റ്റിക്കിന്‍റെ വ്യാപനവും പരിധി ലംഘിച്ചിരുന്ന ശബരിമലയില്‍, വ്യത്യസ്ത വഴിയിലൂടെയാണ് പദ്ധതി നടപ്പിലാക്കിയത്.മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിന് നിയോഗിച്ചിരുന്ന തൊഴിലാളികള്‍ക്കൊപ്പം, ഇവിടെ ജോലിക്കായി എത്തുന്ന വിവിധ സര്‍ക്കാര്‍ വകുപ്പുകളിലെ ജീവനക്കാര്‍, പൊലീസുകാര്‍ അയ്യപ്പസേവാസംഘം പ്രവര്‍ത്തകര്‍ ഇവരൊക്കെ പങ്കാളികളായി. ഊഴമനുസരിച്ച് മാലിന്യം നീക്കി മാതൃകയായി.ഒപ്പം കളക്ടറുടെ നേതൃത്വത്തില്‍ രൂപീകരിച്ച ശബരിമല സാനിറ്റേഷന്‍ സൊസൈറ്റി പ്രവര്‍ത്തകരും കൂടിയതോടെ പുണ്യം പൂങ്കാവനം വേറിട്ട നിലയിലായി.

തീര്‍ത്ഥാടകര്‍ക്കുള്ള ബോധവത്ക്കരണത്തിലൂടെയാണ് പദ്ധതി വലിയ നേട്ടത്തിലെത്തിയത്. പ്ളാസ്റ്റിക് പൂര്‍ണമായും ഉപേക്ഷിക്കുക.തീര്‍ത്ഥാടനം പൂര്‍ത്തിയാകുമ്പോള്‍ അധികം വരുന്ന സാധനങ്ങളില്‍ ശബരിമലയില്‍ ഉപേക്ഷിത്താതെ തിരികെ കൊണ്ടുപോകുക തുടങ്ങിയ നിര്‍ദ്ദേശ്ശങ്ങള്‍ വലിയ പ്രയോജനം ചെയ്തു. കെട്ടു നിറയ്‍ക്കുന്ന സ്ഥലങ്ങളില്‍ ശീലിക്കേണ്ട,സപ്തകര്‍മങ്ങള്‍ അടങ്ങിയ പുതിയ നിര്‍ദ്ദേശ്ശങ്ങളാണ് പുണ്യം പൂങ്കാവനം സംഘാടകര്‍ ഏഴാം വയസ്സില്‍ മുന്നോട്ടുവയ്ക്കുന്നത്.