തിരുവനന്തപുരം:ശബരിമലയില്‍ സര്‍ക്കാരിന് ഗൂഡ അജണ്ടയെന്ന് പ്രതിപക്ഷ നേതാവ്. വിശ്വാസികളുടെ വികാരങ്ങളെ കണക്കിലെടുത്തുകൊണ്ട് മാത്രമേ ഭരണാധികാരികള്‍ക്ക് പ്രവര്‍ത്തിക്കാന്‍ കഴിയുകയുള്ളു. ഇതിനുമുന്‍പും സുപ്രീംകോടതി വിധികള്‍ ഉണ്ടായിട്ടുണ്ടെന്നും അന്നൊന്നും കാണിക്കാത്ത തിടുക്കമാണ് സര്‍ക്കാരിനെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ബിജെപിയും സിപിഎമ്മും ഡബിള്‍ സ്റ്റാന്‍ഡേഡ് ആണ് കാണിക്കുന്നതെന്നും ആര്‍എസ്എസിനും ബിജെപിക്കും ഇന്ധനം കൊടുക്കുകയാണ് സിപിഎമ്മെന്നും രമേശ് ചെന്നിത്തലയുടെ ആരോപണം.

ഐജി ശ്രീജിത്തിന്‍റെ നേതൃത്വത്തില്‍ പൊലീസ് സുരക്ഷയില്‍ രണ്ട് യുവതികള്‍ നടപന്തല്‍ വരെ എത്തിയെങ്കിലും പൊലീസിനോട് മടങ്ങാനായിരുന്നു ദേവസ്വം മന്ത്രിയുടെ നിര്‍ദ്ദേശം. വിശ്വാസികളുടെ താല്‍പ്പര്യത്തിനാണ് മുന്‍ഗണനയെന്നും ശക്തി തെളിയിക്കാനുള്ള ആക്ടിവിസ്റ്റുകളുടെ ശ്രമത്തിനെ സര്‍ക്കര്‍ പിന്തുണയ്ക്കില്ലെന്നും ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞിരുന്നു.