മണ്ഡല പൂജയ്ക്ക് മുന്നോടിയായി ശബരിമലയിലെ സുരക്ഷ വര്‍ദ്ധിപ്പിച്ചു. വൻ തിരക്ക് കണക്കിലെടുത്ത് 2500 പൊലീസുകാരെയാണ് സുരക്ഷയ്ക്കായി നിയോഗിച്ചിരിക്കുന്നത്. തിങ്കളാഴ്ചയാണ് മണ്ഡലപൂജ.
കേന്ദ്ര- സംസ്ഥാന രഹസ്യാന്വേഷണ വിഭാഗങ്ങളുടെ മുന്നറിയിപ്പ് കണക്കിലെടുത്താണ് മണ്ഡലപൂജയ്ക്ക് മുന്നോടിയായി ശബരിമലയിലെ സുരക്ഷ വര്‍ദ്ധിപ്പിച്ചത്. ഒരു എസ്പിയുടെ നേതൃത്വത്തില്‍ 20 സിഐമാര്‍ 36 ഡിവൈഎസ്പിമാര്‍ അങ്ങനെ ആകെ 2500 പൊലീസുകാര്‍ ശബരിമലയിലും സന്നിധാനത്തും സുരക്ഷയൊരുക്കുക.
അടിയന്തരസാഹചര്യം നേരിടാൻ 250 പൊലീസുകാരെ സുസജ്ജരാക്കി നിര്‍ത്തും. പമ്പ, ശരംകുത്തി, ശബരിപീഠം വലിയ നടപ്പന്തല്‍ എന്നിവിടങ്ങളിലൊക്കെ സുരക്ഷ ശക്തമാക്കി. ദ്രുതകര്‍മ്മ സേനയുടെയും ദുരന്ത നിവാരണ സേനയുടെയും വിന്ന്യാസവും പൂര്‍ത്തിയായി.
തിരക്ക് വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ അയ്യപ്പഭക്തരെ തടയുന്ന സ്ഥലങ്ങളില്‍ വെള്ളവും ലഘുഭക്ഷണവും നല്‍കും, അടിയന്തര വൈദ്യസഹായം കൂടുതല്‍ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിച്ചു.
