അയ്യപ്പ സ്വാമിക്ക് പ്രിയപ്പെട്ട വഴിപാടുകളില്‍ ഒന്നാണ് പുഷ്പാ ഭിഷേകം എന്നാണ് സങ്കല്‍പം. ശബരിമല സന്നിധാനത്ത് പ്രധാനമായും ഏട്ട് അഭിഷേകങ്ങളാണ് നടക്കുന്നത്. പുലർച്ചെ ഗണപതിഹോമത്തിന് ശേഷംതുടങ്ങുന്ന നെയ്യഭിഷേകത്തില്‍ തുടങ്ങി പുഷ്പാഭിഷേകത്തോടെയാണ് അഭിഷേകങ്ങള്‍ അവസാനിക്കുക.
വൈകിട്ട് ദീപാരാധനക്ക് ശേഷാണ് പുഷ്പാഭിഷേകത്തിനോട് അനുബന്ധിച്ചുള്ള ചടങ്ങുകള്‍ തുടങ്ങുക. വർഷങ്ങള്‍ക്ക് മുൻപ് കാട്ടുപൂക്കള്‍ കൊണ്ടാണ് അഭിഷേകം നടത്തിയിരുന്നത്. കാട്ടുപൂക്കള്‍ കിട്ടാതയോടെ ചെത്തി, തുളസി, റോസ തുടങ്ങി ഏഴിനം പൂക്കള്‍ കൊണ്ടാണ് അഭിഷേകം നടത്തുക.

നേർച്ചക്കാർ തന്നെ പൂക്കള്‍ കൂടകളിലാക്കി ശ്രികോവിന് മുന്നിലെത്തിക്കുന്നു. മേല്‍ശാന്തിയും പരിവാരങ്ങളും ചേർന്നാണ് അഭിഷേകംനടത്തുക. അഭിഷേക സമയത്ത് വിഗ്രഹത്തില്‍ കിരിടവും പ്രത്യേകതരം മാലകളും ചാർത്തുന്ന പതിവുമുണ്ട്.

പുഷ്പാഭിഷേകത്തിന് ആവശ്യമായ പൂക്കള്‍ എത്തുന്നത് തമിഴ്നാട്, ബാഗ്ലൂർ എന്നിവിടങ്ങളില്‍നിന്നുമാണ്. മുൻകൂട്ടി ബുക്ക് ചെയ്യാതെ നടത്താൻ പറ്റുന്ന വഴിപാടുകളില്‍ ഒന്നാണ് പുഷ്പാഭിഷേകം. ഈ മണ്ഡലകാലം തുടങ്ങിയതോടെ പുഷ്പാഭിഷേകത്തിന്‍റെ സമയവും വർദ്ധിപ്പിച്ചിട്ടുണ്ട്. ഏഴരമുതല്‍ ഒൻപതരവരെയാണ് സമയം.