മാളികപ്പുറത്തിന് തൊട്ട് താഴെകാണുന്ന കുത്തനെയുള്ള ഈ സ്ഥലത്താണ് ഇന്നലെ അപകടം നടന്നത്. മാളികപ്പുറം ക്ഷേത്രത്തില്‍ നിന്നും സമീപത്തെ വിരിപ്പന്തലില്‍ നിന്നും സന്നിധാനത്തേക്ക് പോകാനിറങ്ങിയ അയ്യപ്പഭക്തരെ ഇവിടെയാണ് തടഞ്ഞത്. ബാരിക്കേഡിന് പകരം വലിയ വടം ഉപയോഗിച്ച് പത്തില്‍ താഴെ വരുന്ന പൊലിസുകാര്‍ നിരന്ന് നിന്നു. കുത്തനെയുള്ള സ്ഥലമായതിനാല്‍ കൂട്ടത്തോടെ അയ്യപ്പഭക്തര്‍ ഇറങ്ങി വന്നപ്പാള്‍ കൈയില്‍ നിന്നും വടം വഴുതി. ആദ്യം ഒരാള്‍ തലയിടിച്ച് വീണു. പിന്നാലെയെത്തിയവര്‍ കൂട്ടത്തോടെ തെറിച്ച് വീണു. ആയിരക്കണക്കിനാളുകള്‍ കൂട്ടം കൂടിയ സ്ഥലത്ത് പത്തില്‍ താഴെ പൊലിസുകാരെ വിന്ന്യസിച്ചതാണ് അപകടത്തിന്റെ പ്രധാന കാരണം. ദുരന്ത നിവാരണ സേനയുടെ ഇടപടെലാണ് അപകടത്തിന്റെ തീവ്രത കുറച്ചത്. അപകടത്തില്‍പ്പെട്ട അയ്യപ്പന്മാരില്‍ ഭൂരിഭാഗം പേര്‍ക്കും മതിയായ ചികിത്സ നല്‍കാനുള്ള സൗകര്യം സന്നിധാനം ആശുപത്രിയിലുണ്ടായിരുന്നില്ല. എക്‌സേറ യൂണിറ്റും അടിയന്തര ചികിത്സയ്‌ക്കുള്ള സംവിധാനവും സന്നിധാനം ആശുപത്രിയിലില്ല. ശ്വാസതടസം നേരിട്ട പലരെയും പമ്പയിലേക്കാണ് കൊണ്ടുപോയത്.