ശബരിമല സന്നിധാനത്തെ ശുചിമുറികളില്‍ നിന്നടക്കമുള്ള മാലിന്യം സംസ്ക്കരിച്ച് പമ്പയാറ്റിലേക്കൊഴുക്കി വിടുന്നത് രണ്ട് വര്‍ഷം മുമ്പ് നിര്‍മ്മിച്ച മാലിന്യസംസ്ക്കരണ ശാലയിലൂടെയാണ്. 26 കോടി രൂപ മുടക്കി പണിതീര്‍ത്ത പ്ലാന്റിന്റെ നടത്തിപ്പ് ഒരു സ്വകാര്യ കമ്പനിക്കാണ്. 2015 ഒക്ടോബര്‍ മുതലുള്ള കുടിശ്ശിക ഏതാണ്ട് ഒന്നേമുക്കാല്‍ കോടി രൂപ വരും. കരാറുകാര്‍ പല തവണ മുന്നറിയിപ്പ് നല്‍കിയതിനെ തുടര്‍ന്ന് ഉന്നതാധാകാര സമിതി പണം നല്‍കാന്‍ അനുമതി നല്‍കിയിരുന്നു. അതേസമയം ഇതുവരെ ഇതിന് ദേവസ്വം ബോര്‍ഡ് തയ്യാറായിട്ടില്ല. 30 തൊഴിലാളികളുണ്ടായിരുന്ന ഇവിടെ ശമ്പളം ലഭിക്കാത്തതിനെ തുടര്‍ന്ന് ഭൂരിഭാഗം പേരും തിരിച്ചു പോയി. അവശേഷിക്കുന്നവരും പണി നിര്‍ത്തുമെന്ന് മുന്നറിയിപ്പ് നല്‍കിക്കഴിഞ്ഞു.

തൊഴിലാളികളുടെ പ്രതിഷേധത്തെ തുടര്‍ന്ന് ഇന്നലെ രാത്രി മൂന്ന് മണിക്കൂര്‍ പ്ലാന്റിന്റെ പ്രവര്‍ത്തനം നിലച്ചു. പണം നല്‍കിയില്ലെങ്കില്‍ ഏതു നിമിഷവും പൂര്‍ണമായും ഇത് അടച്ചു പൂട്ടും. പമ്പയാറ്റിലേക്ക് മാലിന്യം എത്തുന്ന സാഹചര്യം ഇപ്പോള്‍ തന്നെയുണ്ട്. പ്ളാന്റിന്റെ പ്രവര്‍ത്തനം നിലച്ചാല്‍ ഗുരുതരമായ പ്രതിസന്ധിയാകും സന്നിധാനം നേരിടേണ്ടി വരിക.