സന്നിധാനത്തിന് കീഴെ നടപ്പന്തൽ വരെ എത്തിയ രണ്ട് യുവതികൾ കനത്ത പ്രതിഷേധത്തെത്തുടർന്ന് തിരികെ പോന്നു. ഇരുമുടിക്കെട്ടുമായി എത്തിയ എറണാകുളം സ്വദേശി രഹ്ന ഫാത്തിമയും റിപ്പോർട്ടിംഗിന് എത്തിയ ആന്ധ്ര സ്വദേശിനി കവിതയുമാണ് മലയിറങ്ങുന്നത്. നിവൃത്തിയില്ലാതെയാണ് മലയിറങ്ങുന്നതെന്ന് രഹ്ന ഫാത്തിമ വ്യക്തമാക്കി.
സന്നിധാനം: സന്നിധാനത്തിന് കീഴെ നടപ്പന്തൽ വരെ എത്തിയ യുവതികൾ കനത്ത പ്രതിഷേധത്തെത്തുടർന്ന് തിരിച്ചുപോന്നു. ഇരുമുടിക്കെട്ടുമായി എത്തിയ എറണാകുളം സ്വദേശി രഹ്ന ഫാത്തിമയും റിപ്പോർട്ടിംഗിന് എത്തിയ ആന്ധ്ര സ്വദേശിനി കവിതയുമാണ് മലയിറങ്ങുന്നത്. കനത്ത പൊലീസ് വലയത്തിലാണ് യുവതികൾ തിരികെപ്പോയത്.
ഐജി ശ്രീജിത്തിന്‍റെ നേതൃത്വത്തിലുള്ള ഒരു സംഘം പൊലീസുദ്യോഗസ്ഥരുടെ വലയത്തിലാണ് യുവതികൾ രാവിലെ മല കയറിത്തുടങ്ങിയത്. ഇന്നലെ രാത്രിയാണ് ഇവർ പൊലീസിനെ കണ്ട് മല കയറണമെന്ന് ആവശ്യപ്പെട്ടത്. എന്നാൽ ഇന്നലെ രാത്രി മല കയറാൻ ഒരു കാരണവശാലും അനുവദിയ്ക്കില്ലെന്ന നിലപാടിലായിരുന്നു പൊലീസ്. തുടർന്ന് രാവിലെ തയ്യാറാണെങ്കിൽ സംരക്ഷണത്തോടെ കൊണ്ടുപോകാമെന്ന് പൊലീസ് വ്യക്തമാക്കി.
രാവിലെ ഏഴ് മണിയോടെ മല കയറ്റം തുടങ്ങിയപ്പോൾ ആദ്യം പ്രതിഷേധങ്ങളൊന്നുമുണ്ടായിരുന്നില്ല. എന്നാൽ നടപ്പന്തലിലെത്തിയപ്പോഴേയ്ക്ക് കനത്ത പ്രതിഷേധമാണുണ്ടായത്. സന്നിധാനത്ത് പതിനെട്ടാം പടിയ്ക്ക് കീഴെ പരികർമികൾ പൂജാദികർമങ്ങൾ നിർത്തിവച്ച് പ്രതിഷേധം തുടങ്ങി. അനുനയത്തിന് പൊലീസ് ശ്രമിച്ചെങ്കിലും നടന്നില്ല. തുടർന്നാണ് സർക്കാരിന്‍റെ കർശനനിർദേശത്തെത്തുടർന്ന് പൊലീസ് ഇവരെ തിരികെക്കൊണ്ടുവരാൻ തീരുമാനിച്ചത്.
നിവൃത്തിയില്ലാതെയാണ് മലയിറങ്ങുന്നതെന്ന് രഹ്ന ഫാത്തിമ പിന്നീട് മാധ്യമങ്ങളോട് വിശദമാക്കി.
