പക്ഷി റോബോട്ടിനെ കൂടുതൽ മികച്ചതാക്കി വീണ്ടും അവതരിപ്പിച്ചിരിക്കുകയാണ് ശാസ്‍ത്രജ്ഞർ. പറക്കാൻ കഴിവുള്ള വവ്വാലുകളുടെ ശൈലിയിലുള്ള മോർഫിംഗ് ചിറകുകൾ ഉപയോഗിക്കുന്ന ഒരു ഫ്ലാപ്പിംഗ്-വിംഗ് റോബോട്ട് ആയിരുന്നു ഇത്.

2021-ൽ ആണ് ചൈനയിൽ നിന്നുള്ള ഒരു കൂട്ടം ശാസ്ത്രജ്ഞർ റോബോഫാൽക്കൺ എന്ന പറക്കും റോബോട്ടിനെ വികസിപ്പിച്ചെടുത്തത്. പറക്കാൻ കഴിവുള്ള വവ്വാലുകളുടെ ശൈലിയിലുള്ള മോർഫിംഗ് ചിറകുകൾ ഉപയോഗിക്കുന്ന ഒരു ഫ്ലാപ്പിംഗ്-വിംഗ് റോബോട്ട് ആയിരുന്നു ഇത്. എന്നാൽ മികച്ച വേഗത കാഴ്ചവച്ചെങ്കിലും കുറഞ്ഞ വേഗതയിൽ പറക്കാനോ സഹായമില്ലാതെ പറന്നുരാനോ അതിന് ഇതുവരെ കഴിഞ്ഞിരുന്നില്ല. ഇപ്പോഴിതാ ഈ പക്ഷി റോബോട്ടിനെ കൂടുതൽ മികച്ചതാക്കി വീണ്ടും അവതരിപ്പിച്ചിരിക്കുകയാണ് ശാസ്‍ത്രജ്ഞർ.

റോബോഫാൽക്കൺ 2.0 യെ ആണ് പുതുതായി അവതരിപ്പിച്ചതെന്ന് സയൻസ് അഡ്വാൻസിൽ പ്രസിദ്ധീകരിച്ച ലേഖനത്തിൽ ഗവേഷകർ വ്യക്തമാക്കുന്നു. 800 ഗ്രാം ബോഡിയും ചിറകുകളിൽ പുനഃക്രമീകരിക്കാവുന്ന സംവിധാനങ്ങളും ഉൾക്കൊള്ളുന്ന പക്ഷി റോബോട്ട് ആണ് റോബോഫാൽക്കൺ 2.0. ഇതിന്‍റെ പുതിയ ചിറകുകൾ ഫ്ലാപ്പിംഗ്, സ്വീപ്പിംഗ്, മടക്കൽ തുടങ്ങി പക്ഷി ശൈലിയിലുള്ള പറന്നുയരലിനും വായുവിലെ മികച്ച പിച്ച് ആൻഡ് റോൾ മാനേജ്മെന്റിനും അനുസൃതമായി പ്രവർത്തിക്കുന്നു എന്ന് ഗവേഷകർ പറയുന്നു. കൂടുതൽ സങ്കീർണ്ണമായ ഈ വിംഗ് സിസ്റ്റം സഹായമില്ലാതെ പറന്നുയരാനും കുറഞ്ഞ വേഗതയിൽ പറക്കലിൽ തുടരാനും റോബോഫാൽക്കൺ 2.0 നെ അനുവദിക്കുന്നു.

സ്വയം പറന്നുയരാനും സ്ഥിരതയുള്ള കുറഞ്ഞ വേഗതയിലുള്ള പറക്കലും നേടുന്നതിനായി റോബോഫാൽക്കൺ 2.0 പക്ഷി ചിറകുകളുടെ ചലനങ്ങളെ അനുകരിക്കുന്നു എന്ന് സയൻസ് അഡ്വാൻസസിൽ പ്രസിദ്ധീകരിച്ച ലേഖനം വ്യക്തമാക്കുന്നു. മുൻകാലങ്ങളിലെ പറക്കുന്ന റോബോട്ടുകളിൽ ഭൂരിഭാഗവും പ്രാണികളുടേയോ ഹമ്മിംഗ് ബേർഡുകളുടേയോ പോലെ ലളിതമായ ഏകമാന ചിറകുകളുടെ ചലനങ്ങളെ ആശ്രയിച്ചിരുന്നു. നേരെമറിച്ച് റോബോഫാൽക്കൺ 2.0-ൽ പക്ഷികളിലും വവ്വാലുകളിലും കാണപ്പെടുന്ന ത്രിമാന ചലനാത്മകത പുനർനിർമ്മിച്ചിരിക്കുന്നു. വിൻഡ് ടണലും സിമുലേഷൻ ഫലങ്ങളും സ്ഥിരീകരിച്ചതുപോലെ, സ്വീപ്പിംഗ് ചിറകുകൾ ലിഫ്റ്റും പിച്ചിംഗും വർദ്ധിപ്പിക്കുന്നു.

കുറഞ്ഞ വേഗതയിൽ സ്ഥിരതയും സ്വയം പറന്നുയരാനുള്ള കഴിവും റോബോഫാൽക്കൺ 2.0 തെളിയിച്ചതായി ഗവേഷകർ പറയുന്നു. എങ്കിലും ഊർജ്ജ കാര്യക്ഷമതക്കുറവ് ഉൾപ്പെടെ ചില പരിമിതികളും ഇതിനുണ്ടെന്നും ഗവേഷകർ പറയുന്നു. പക്ഷികളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട റോബോട്ടിക്സുമായി മുന്നോട്ട് പോകുന്നതിനും സ്ഥിരതയെയും ഊർജ്ജത്തിന്റെ കൂടുതൽ കാര്യക്ഷമമായ ഉപയോഗത്തെയും കുറിച്ചുള്ള റോബോട്ടിക് ചലനത്തെക്കുറിച്ചുള്ള ഗവേഷണത്തിനായി പുതിയ സമീപനങ്ങളും ഗവേഷകർ മുന്നോട്ടുവയ്ക്കുന്നു.