ഒരു കിലോനോവ സ്ഫോടനത്തിൽ നിന്നുള്ള നിരവധി തരം ജ്യോതിശാസ്ത്ര ഡാറ്റയെ സോഫ്റ്റ്‍ വെയർ  ഉപയോഗിച്ചാണ് ഗവേഷകര്‍ വിശകലനം ചെയ്യുന്നത്

പ്രപഞ്ചത്തിലെ ഏറ്റവും തീവ്രമായ വിസ്ഫോടനങ്ങളിലൊന്നാണ് കിലോനോവ. ന്യൂട്രോണ്‍ നക്ഷത്രങ്ങളുടെ കൂട്ടിയിടിക്ക് ശേഷമുണ്ടാകുന്ന പൊട്ടിത്തെറി കിലോനോവ എന്നാണ് അറിയപ്പെടുന്നത്. ഭൂമിയിലെ ലോഹങ്ങള്‍ പണ്ടുപണ്ടു നടന്ന കിലോനോവ സ്ഫോടനത്തില്‍ നിന്നുണ്ടായതാണെന്നാണ് ഗവേഷകര്‍ പറയുന്നത്. സ്വര്‍ണം ഉള്‍പ്പെടെയുള്ള ലോഹങ്ങള്‍ ഈ പൊട്ടിത്തെറിയിലൂടെ എങ്ങനെ ഭൂമിയിലെത്തി എന്ന് കണ്ടെത്താന്‍ ഒരു പുതിയ മോഡല്‍ ആവിഷ്കരിച്ചിരിക്കുകയാണ് ശാസ്ത്രജ്ഞര്‍.

മൃതനക്ഷത്രങ്ങളുടെ അവശിഷ്ടങ്ങളില്‍ നിന്നാണ് ന്യൂട്രോണ്‍ നക്ഷത്രങ്ങള്‍ രൂപപ്പെടുന്നത്. ഈ അവശിഷ്ടങ്ങളില്‍ ഒരു ടീസ്പൂണ്‍ ദ്രവ്യത്തിന് തന്നെ ഒരു കോടി ടണ്‍ ഭാരമുണ്ടാകും. കിലോനോവ സ്ഫോടനങ്ങള്‍ ഗാമാ രശ്മികളുടെ പ്രവാഹത്തിന് കാരണമാകും. കോസ്മിക് തരംഗങ്ങള്‍ക്ക് വഴിവെക്കും. ഇത് ഗുരുത്വ തരംഗങ്ങള്‍ സൃഷ്ടിക്കാന്‍ കാരണമാകും. ചിലപ്പോൾ ന്യൂട്രോൺ നക്ഷത്രങ്ങൾ പരസ്പരം പരിക്രമണം ചെയ്യുന്നു. നിരന്തരം ഊർജ്ജം നഷ്ടപ്പെട്ട് അവ ഒടുവിൽ കൂട്ടിയിടിച്ച് ലയിക്കുന്നു. അങ്ങനെയാണ് സ്വര്‍ണ്ണം പോലുള്ള ലോഹങ്ങള്‍ രൂപംകൊണ്ടതെന്നാണ് കണ്ടെത്തല്‍. 

ഒരു കിലോനോവ സ്ഫോടനത്തിൽ നിന്നുള്ള നിരവധി തരം ജ്യോതിശാസ്ത്ര ഡാറ്റയെ സോഫ്റ്റ്‍ വെയർ ഉപയോഗിച്ചാണ് ഗവേഷകര്‍ വിശകലനം ചെയ്യുന്നത്. വിവിധ ഡാറ്റാ സ്രോതസ്സുകൾ പ്രത്യേകം വിശകലനം ചെയ്യുകയും ചില സന്ദർഭങ്ങളിൽ വ്യത്യസ്ത ഫിസിക്കൽ മോഡലുകൾ ഉപയോഗിച്ച് ഡാറ്റ വ്യാഖ്യാനിക്കുകയും ചെയ്യുന്നുവെന്ന് മാക്സ് പ്ലാങ്ക് സൊസൈറ്റി വിശദീകരിക്കുന്നു. ന്യൂട്രോൺ നക്ഷത്ര ലയനങ്ങളിൽ എത്രത്തോളം ഭാരമേറിയ മൂലകങ്ങൾ രൂപപ്പെടുന്നുവെന്ന് ഇതിലൂടെ മനസ്സിലാക്കാന്‍ കഴിയുമെന്ന് ഗവേഷകനായ ടിം ഡയട്രിച്ച് അവകാശപ്പെട്ടു.

ഭൂമിയിൽ നിന്നും നോക്കെത്താ ദൂരത്ത്... 2500 പ്രകാശവർഷം അകലെ അതിമനോഹരമായൊരു 'ക്രിസ്മസ് ട്രീ' !

2017 ഓഗസ്റ്റ് 17ന് കിലോനോവ സ്ഫോടനത്തിന്‍റെ തരംഗങ്ങള്‍ ലിഗോ, വിര്‍ഗോ തുടങ്ങിയ ഡിറ്റക്റ്ററുകള്‍ പിടിച്ചെടുത്തിരുന്നു. 13 കോടി പ്രകാശവര്‍ഷം അകലെയാണ് ഈ പൊട്ടിത്തെറി നടന്നത്. ഭൂമിക്ക് 36 വര്‍ഷം പ്രകാശവര്‍ഷം ചുറ്റളവില്‍ ന്യൂട്രോണ്‍ നക്ഷത്രങ്ങള്‍ കൂട്ടിയിടിച്ചാല്‍ ഭൂമിയില്‍ കൂട്ടവംശനാശം സംഭവിക്കുമെന്നാണ് ഇലിനോയ് അര്‍ബാന സര്‍വകലാശാലയിലെ ഗവേഷകര്‍ നടത്തിയ പഠനത്തിലെ കണ്ടെത്തല്‍. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം