Asianet News MalayalamAsianet News Malayalam

സുനിത വില്യംസും ബുച്ച് വില്‍മോറും കൂടെയില്ലാതെ സ്റ്റാര്‍ലൈനര്‍ പേടകം ഭൂമിയിലേക്ക്; തിയതിയും സ്ഥലവും കുറിച്ചു

ഹീലിയം ചോര്‍ച്ചയും ത്രസ്റ്ററുകള്‍ പ്രവര്‍ത്തനരഹിതമായതും പേടകത്തെ അപകടാവസ്ഥയിലാക്കുകയായിരുന്നു

Boeing Starliner will return to earth on September 6 after ISS mission
Author
First Published Sep 3, 2024, 1:47 PM IST | Last Updated Sep 3, 2024, 1:50 PM IST

കാലിഫോര്‍ണിയ: നീണ്ട ആശയക്കുഴപ്പങ്ങള്‍ക്കൊടുവില്‍ ബോയിംഗിന്‍റെ സ്റ്റാര്‍ലൈനര്‍ പേടകത്തിന്‍റെ ഭൂമിയിലേക്കുള്ള മടക്കയാത്ര തീരുമാനമായി. സ്റ്റാര്‍ലൈനര്‍ പേടകം യാത്രക്കാര്‍ ആരുമില്ലാതെ ഈ വരുന്ന സെപ്റ്റംബര്‍ ആറാം തിയതി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ നിന്ന് അണ്‍ഡോക്ക് ചെയ്യും എന്ന് നാസ അറിയിച്ചു. 

2024 ജൂണ്‍ അഞ്ചിന് സുനിത വില്യംസിനെയും ബുച്ച് വില്‍മോറിനെയും വഹിച്ച് ബഹിരാകാശത്തേക്ക് കുതിച്ചതായിരുന്നു ബോയിംഗിന്‍റെ സ്റ്റാര്‍‌ലൈനര്‍ പേടകം. 'ക്രൂ ഫ്ലൈറ്റ് ടെസ്റ്റ്' എന്നായിരുന്നു ഈ ദൗത്യത്തിന്‍റെ പേര്. എന്നാല്‍ യാത്രക്കിടെയുണ്ടായ ഹീലിയം ചോര്‍ച്ചയും ത്രസ്റ്ററുകള്‍ പ്രവര്‍ത്തനരഹിതമായതും പേടകത്തെ അപകടാവസ്ഥയിലാക്കി. വളരെ സാഹസികമായാണ് സുനിത വില്യംസിനെയും ബുച്ച് വില്‍മോറിനെയും വഹിച്ച് സ്റ്റാര്‍ലൈനര്‍ പേടകം ഐഎസ്എസില്‍ ഡോക് ചെയ്‌തത്. വെറും എട്ട് ദിവസത്തെ ദൗത്യത്തിനായി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തിയ സുനിതയ്ക്കും ബുച്ചിനും ഇതോടെ മുന്‍നിശ്ചയിച്ച പ്രകാരം സ്റ്റാര്‍ലൈനറില്‍ ഭൂമിയിലേക്ക് മടങ്ങാനായില്ല. പേടകത്തിലെ സാങ്കേതിക പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. അതിനാല്‍ മൂന്ന് മാസമായി ഐഎസ്എസില്‍ സ്റ്റാര്‍ലൈനര്‍ പേടകം ഡോക് ചെയ്‌തിട്ടിരിക്കുകയാണ്. 

സ്റ്റാര്‍ലൈനര്‍ പേടകത്തില്‍ തന്നെ സുനിത വില്യംസിനെയും ബുച്ച് വില്‍മോറിനെയും ഭൂമിയില്‍ തിരിച്ചെത്തിക്കാന്‍ ശ്രമിച്ചെങ്കിലും അതീവ അപകടകരമായ സാഹചര്യം മുന്നില്‍ക്കണ്ട് ബോയിംഗും നാസയും ഇതില്‍ നിന്ന് പിന്‍മാറിയിരുന്നു. ഇതോടെയാണ് ആളില്ലാതെ സ്റ്റാര്‍ലൈനറിനെ ഭൂമിയില്‍ തിരികെ ലാന്‍ഡ് ചെയ്യിക്കാന്‍ തീരുമാനമായത്. സുനിതയുടെയും ബുച്ചിന്‍റെയും മടക്കയാത്ര 2025 ഫെബ്രുവരിയിലേക്ക് നീട്ടുകയും ചെയ്‌തിരുന്നു. സ്പേസ് എക്‌സിന്‍റെ ഡ്രാഗണ്‍ പേടകമാണ് ഇരുവരെയും ഭൂമിയിലേക്ക് തിരികെ കൊണ്ടുവരിക. 

സെപ്റ്റംബര്‍ ആറാം തിയതി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ നിന്ന് അണ്‍ഡോക് ചെയ്യുന്ന സ്റ്റാര്‍ലൈനര്‍ പേടകം ആറ് മണിക്കൂറിന് ശേഷം ഭൂമിയില്‍ ലാന്‍ഡ് ചെയ്യും. ന്യൂ മെക്‌സിക്കോയിലെ വൈറ്റ് സാന്‍ഡ് സ്പ്രേസ് ഹാര്‍ബറാണ് പേടകത്തിന്‍റെ ലാന്‍ഡിംഗിനുള്ള ഇടമായി കണ്ടെത്തിയിരിക്കുന്നത്. 

Read more: രണ്ട് ഫുട്ബോള്‍ സ്റ്റേഡിയങ്ങളുടെ വലിപ്പം; ഓണദിനം ഭീമന്‍ ഛിന്നഗ്രഹം ഭൂമിക്കരികെയെത്തും; കരുതലോടെ നാസ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios