മൂന്നേ മൂന്ന് രാജ്യങ്ങൾ മാത്രമേ ചന്ദ്രനിൽ സോഫ്റ്റ് ലാൻഡിംഗ് നടത്തുകയെന്ന അസൂയാവഹമായ നേട്ടം കൈവരിച്ചിട്ടുള്ളൂ, സോവിയറ്റ് യൂണിയനും അമേരിക്കയും കഴിഞ്ഞാൽ ആ നേട്ടം കൈവരിച്ചിട്ടുള്ള മൂന്നാമത്തെ രാജ്യം ചൈനയാണ്. 2004ലാണ് ചൈനയുടെ ചാന്ദ്രദൗത്യങ്ങൾ തുടങ്ങുന്നത്. പക്ഷേ ആ ചരിത്രം പറഞ്ഞ് തുടങ്ങുന്നതിന് മുമ്പ് വാൻ ഹുവിനെക്കുറിച്ച് അറിയേണ്ടതുണ്ട്.

ആധുനിക ബഹിരാകാശ വാഹനങ്ങൾക്കെല്ലാം മുമ്പ്  ചന്ദ്രനെ ലക്ഷ്യമാക്കി ഒരാൾ യാത്ര പുറപ്പെട്ടു, വെടിമരുന്ന് നിറച്ച 47 മുളന്തണ്ടുകൾക്ക് മുകളിൽ ഉറപ്പിച്ച വ്യാളീമുഖം കൊത്തിയ സിംഹാസനത്തിലിരുന്ന് ചന്ദ്രനിലേക്ക് പോകാൻ തുനിഞ്ഞ ആ ചൈനാക്കാരന്റെ പേരാണ് വാൻ ഹൂ. 1909 ഒക്ടോബർ രണ്ടിന് സയന്റിഫിക് അമേരിക്കനിൽ വന്ന ലേഖനത്തിലൂടെയാണ് ചൈനാക്കാരനായ വാൻഹൂവിനെ ആദ്യമായി പാശ്ചാത്യലോകം അറിയുന്നത്. ചന്ദ്രനിലേക്ക് യാത്ര പുറപ്പെട്ട വാൻഹൂവിന്റെ  ചേതനയറ്റ ശരീരം വാൻ ജെയ്ഷെൻ മലനിരകളിൽ നിന്ന് കണ്ടെത്തിയെന്നാണ് ലേഖനത്തിലുള്ളത് . 

മിത്തായാലും ചരിത്രകഥയായാലും വാൻഹൂവിന്‍റെ നാട്ടുകാർ ചന്ദ്രനിലേക്ക് പിന്നീട് പേടകമയക്കുക തന്നെ ചെയ്തു.2007 ഒക്ടോബർ 24ന് ലോങ്ങ് മാർച്ച് 3എ റോക്കറ്റിൽ കുതിച്ച ചാങ്ങ് ഇ ഒന്ന് സെപ്റ്റംബർ 5ന് ചന്ദ്ര ഭ്രമണപഥത്തിൽ പ്രവേശിപ്പിച്ചു. സോഫ്റ്റ് ലാൻഡിംഗ് എന്ന സ്വപ്ന നേട്ടം കൈവരിച്ചത് ചാങ്ങ് ഇ ശ്രേണിയിലെ മൂന്നാമനാണ്, 2013 ഡിസംബർ ഒന്നിന്  യാത്ര തുടങ്ങിയ ചാങ്ങ് ഇ 3 ഡിസംബർ 14ന് ചന്ദ്രനിൽ ഇറങ്ങി.  Yutu റോവർ ചന്ദ്രോപരിതലത്തിലൂടെ, സ‌ഞ്ചരിച്ച് ചരിത്രം കുറിച്ചു. ചാങ്ങ് ഇ നാലിലൂടെ ചൈന ഒരു പടികൂടി മുന്നോട്ട് പോയി, എപ്പോഴും ഭൂമിയോട് മുഖം തിരിഞ്ഞ് നിൽക്കുന്ന ചന്ദ്രന്‍റെ ഇരുണ്ട ഭാഗത്ത് ലാൻഡ് ചെയ്യുന്ന ആദ്യ മനുഷ്യ നിർമ്മിത ഉപഗ്രഹമെന്ന ചരിത്ര നേട്ടം 2019 ജനുവരി മൂന്നിന് ചൈന സ്വന്തമാക്കി. ചൈനയ്ക്ക് പിന്നാലെ ആ വലിയ നേട്ടത്തിന് ഇന്ത്യയും ഒരുങ്ങിക്കഴിഞ്ഞു.