2024-ലെ സൗരക്കൊടുങ്കാറ്റുകൾക്കിടെ ഭൂമിയുടെ കാന്തികമണ്ഡലം വിചിത്രമായി പ്രതികരിച്ചതായി ആദിത്യ-എൽ1 ദൗത്യം കണ്ടെത്തി. ധ്രുവപ്രദേശങ്ങളിലെ വൈദ്യുത പ്രവാഹങ്ങൾ കൊടുങ്കാറ്റിന്റെ ശക്തിയാൽ ഭൂമധ്യരേഖയിലേക്ക് തള്ളപ്പെട്ടതാണ് ഇതിന് കാരണം.

2024-ലെ രണ്ട് ഭീമൻ സൗരപ്രവർത്തനങ്ങൾക്കിടെ ഭൂമി അസാധാരണമായി പെരുമാറിയതായി വെളിപ്പെടുത്തി ഐഎസ്ആർഒയുടെ ആദിത്യ-എൽ1 ദൗത്യം. സൂര്യനിൽ നിന്ന് നിരന്തരം ഒഴുകിയെത്തുന്ന ചാർജ്ജിത കണങ്ങളിൽ നിന്ന് ഭൂമിയെ സംരക്ഷിക്കുന്നത് 'മാഗ്നറ്റോസ്‍ഫിയർ' എന്ന അദൃശ്യ കാന്തിക കവചമാണ്. എന്നാൽ ശക്തമായ സൗര കൊടുങ്കാറ്റുകൾ ഉണ്ടാകുമ്പോൾ ഈ കവചവും വലിയ സമ്മർദ്ദം നേരിടേണ്ടിവരും. 2024 മെയ് 10-നും ഒക്‌ടോബര്‍ 10-നും ഉണ്ടായ വമ്പൻ സൗര കൊടുങ്കാറ്റുകൾക്കിടയിൽ ഭൂമിയിലെ ചില മേഖലകളിൽ കാന്തിക വ്യതിയാനങ്ങൾ വിചിത്രമായി മാറിയതിന്‍റെ കാരണം ഇതുവഴി കണ്ടെത്തി.

Add Asianetnews as a Preferred SourcegooglePreferred

സൗരജ്വാലകള്‍ക്കെതിരായ ഭൗമ പ്രതിരോധം

സൂര്യൻ സാധാരണയായി സോളാർ വിൻഡ് എന്നറിയപ്പെടുന്ന കണപ്രവാഹം പുറന്തള്ളുന്നു. ചിലപ്പോൾ കോറോണൽ മാസ് ഇജെക്ഷൻ എന്ന വൻ പ്ലാസ്‍മ പൊട്ടിത്തെറി സംഭവിക്കുമ്പോൾ അതിന്‍റെ ആഘാതം ഭൂമിയിലെ ധ്രുവപ്രദേശങ്ങളിൽ മനോഹരമായ അറോറകളായി പ്രത്യക്ഷപ്പെടും. എന്നാൽ ഈ മനോഹര ദൃശ്യങ്ങൾക്കൊപ്പം അസാധാരണ കാന്തിക അലയൊലികളും ഉണ്ടാകും. സാധാരണയായി സോളാർ വിൻഡിന്‍റെ സമ്മർദ്ദം കൂടുമ്പോൾ ഭൂമിയുടെ കാന്തിക ശക്തി വർധിക്കും. സമ്മർദ്ദം കുറഞ്ഞാൽ ശക്തിയും കുറയും. പക്ഷേ 2024-ലെ ഈ സൗര കൊടുങ്കാറ്റുകളിൽ “ഡോൺ സെക്‌ടർ” എന്ന് വിളിക്കുന്ന, ഭൂമിയുടെ കാന്തികമണ്ഡലത്തിലെ സൂര്യോദയത്തെ അഭിമുഖീകരിക്കുന്ന മാഗ്നറ്റോസ്‌ഫിയർ ഭാഗം മറിച്ചാണ് പ്രതികരിച്ചത്. ലോകത്തിന്‍റെ മറ്റ് ഭാഗങ്ങളിൽ കാന്തിക ശക്തി ഉയർന്നപ്പോൾ ഇവിടെ അത് കുറഞ്ഞു; മറ്റ് ഭാഗങ്ങളിൽ കുറഞ്ഞപ്പോൾ ഇവിടെ വർധിച്ചു.

ഇങ്ങനെ സംഭവിച്ചതിന്‍റെ രഹസ്യം ഇപ്പോൾ പുറത്തുവന്നിരിക്കുന്നു. കൊളാബയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജിയോമാഗ്നറ്റിസവും ഐഎസ്ആർഒയും ചേർന്ന് നടത്തിയ പഠനത്തിലാണ് ഇതിന്‍റെ കാരണം കണ്ടെത്തിയത്. ആദിത്യ-എൽ1ലെ ASPEX ഉപകരണത്തിന്‍റെ വിവരങ്ങൾ ഭൂമിയിലെ നിരീക്ഷണങ്ങളുമായി താരതമ്യം ചെയ്തപ്പോൾ, ഉയർന്ന ഉയരത്തിലുള്ള വൈദ്യുത പ്രവാഹങ്ങളാണ് കാരണമെന്ന് വ്യക്തമായി. സാധാരണയായി ഈ പ്രവാഹങ്ങൾ ധ്രുവപ്രദേശങ്ങൾക്കടുത്താണ് നിലനിൽക്കുന്നത്. എന്നാൽ ഈ തവണ ശക്തമായ സൗര കൊടുങ്കാറ്റുകൾ അവയെ ഭൂമദ്ധ്യരേഖയിലേക്കു തള്ളിക്കൊണ്ടുവന്നു. പ്രത്യേകിച്ച് ഡോൺ സെക്‌ടറിൽ ഇവയുടെ സാന്നിധ്യം കൂടുകയും അവ സൃഷ്ടിച്ച കാന്തികബലം ഭൂമിയുടെ സ്വാഭാവിക കാന്തികക്ഷേത്രത്തെ പ്രതിരോധിക്കുകയും ചെയ്‌തു.

ആദിത്യ-എൽ1 കണ്ടെത്തല്‍

ഒക്ടോബർ മാസത്തിലെ സൗര കൊടുങ്കാറ്റിനിടെ സോളാർ വിൻഡിന്‍റെ സമ്മർദ്ദം പെട്ടെന്ന് കുറഞ്ഞതായി ആദിത്യ-എൽ1 രേഖപ്പെടുത്തി. ലോകത്തിന്‍റെ ഭൂരിഭാഗവും കാന്തികശക്തിയിൽ ഇടിവ് കണ്ടപ്പോൾ ഡോൺ സെക്‌ടറിൽ ഉയർച്ച രേഖപ്പെടുത്തി. ഈ കണ്ടെത്തൽ സൗരചക്രത്തിന്‍റെ ഉച്ചസ്ഥായിയിൽ ഭൂമിയുടെ കാന്തികപരിസ്ഥിതി വളരെ അനിശ്ചിതമാണെന്ന് തെളിയിക്കുന്നു. ഇത്തരം കാന്തിക വ്യതിയാനങ്ങൾ ജിപിഎസ് സംവിധാനങ്ങൾക്കും ഉപഗ്രഹങ്ങൾക്കും വൈദ്യുതി വിതരണത്തിനും ഭീഷണിയാകാം. അതിനാൽ ഇത്തരത്തിലുള്ള പ്രവാഹങ്ങളുടെ ചലനം മനസിലാക്കുന്നത് ആധുനിക സാങ്കേതിക സംവിധാനങ്ങളെ സംരക്ഷിക്കാൻ നിർണായകമാണ്.

Asianet News Live | Malayalam Live News | Kerala News Updates | Breaking News | HD News Streaming