ഇലോണ്‍ മസ്‌കിന്‍റെ സ്പേസ് എക്സ് കമ്പനിയുടെ ചൊവ്വ സ്വപ്‌നങ്ങള്‍ അനന്തമായി നീളുന്നു, 2025ലെ മൂന്നാം വിക്ഷേപണ പരീക്ഷണവും പരാജയത്തില്‍ അവസാനിച്ചു

ടെക്സസ്: ചൊവ്വയിലേക്ക് ഉള്‍പ്പടെയുള്ള ഗ്രഹാന്തര യാത്രകള്‍ ലക്ഷ്യമിട്ട് ഇലോണ്‍ മസ്‌കിന്‍റെ സ്പേസ് എക്സ് കമ്പനി തയ്യാറാക്കുന്ന സ്റ്റാർഷിപ്പ് സൂപ്പര്‍ ഹെവി റോക്കറ്റിന്‍റെ പരീക്ഷണ ദൗത്യം വീണ്ടും പരാജയമായിരിക്കുകയാണ്. സൗത്ത് ടെക്സസിലെ ബൊക്കാ ചിക്കയിലുള്ള സ്റ്റാര്‍‌ബേസില്‍ ഇന്ന് പുലര്‍ച്ചെ നടന്ന ഒമ്പതാം പരീക്ഷണ വിക്ഷേപണത്തില്‍ ലക്ഷ്യത്തിൽ എത്തും മുമ്പ് സ്റ്റാര്‍ഷിപ്പിന്‍റെ മുകള്‍ ഭാഗമായ സ്പേസ്‌ക്രാഫ്റ്റ് ഇന്ത്യന്‍ മഹാസമുദ്രത്തിന് മുകളില്‍ വച്ച് തകരുകയായിരുന്നു. എന്നാല്‍ ഇന്ത്യൻ മഹാസമുദ്രത്തിൽ എവിടെയാണ് പേടകം പതിച്ചതെന്ന് വ്യക്തമല്ല. ഇതോടെ മസ്‌കിന്‍റെ ചൊവ്വ സ്വപ്‌നങ്ങള്‍ അനന്തമായി നീളുകയാണ്. 

എന്താണ് സ്റ്റാര്‍ഷിപ്പ്? ഡീപ്‌സ്പേസ് യാത്രാ വാഹനം

തുടര്‍ച്ചയായ പരാജയങ്ങള്‍ ഇലോണ്‍ മസ്‌കിന്‍റെ ചൊവ്വ സ്വപ്‌നങ്ങള്‍ വൈകിപ്പിക്കുകയാണ്. ചൊവ്വയില്‍ മനുഷ്യകോളനി സ്ഥാപിക്കാന്‍ ലക്ഷ്യമിട്ടാണ് മസ്‌കിന്‍റെ സ്പേസ് എക്സ് മനുഷ്യചരിത്രത്തിലെ ഏറ്റവും വലുതും കരുത്തുറ്റതും ഭാരമേറിയതും ഭാരം വഹിക്കുന്നതുമായ സ്റ്റാര്‍ഷിപ്പ് ബഹിരാകാശ വിക്ഷേപണ വാഹനം തയ്യാറാക്കുന്നത്. 123 മീറ്റര്‍ ഉയരമുള്ള സ്റ്റാര്‍ഷിപ്പ് എന്ന പടുകൂറ്റന്‍ റോക്കറ്റിന് ബൂസ്റ്റര്‍, സ്പേസ്‌ക്രാഫ്റ്റ് എന്നിങ്ങനെ രണ്ട് ഭാഗങ്ങളാണുള്ളത്. സൂപ്പര്‍ ഹെവി ബൂസ്റ്ററിന് മാത്രം 71 മീറ്ററാണ് ഉയരം. 33 റാപ്റ്റര്‍ എഞ്ചിനുകളാണ് ബൂസ്റ്ററിന്‍റെ കരുത്ത്. 52 മീറ്ററാണ് സ്പേസ്‌ക്രാഫ്റ്റിന്‍റെ ഉയരം. ഈ രണ്ട് ഭാഗങ്ങളും വിക്ഷേപണത്തിന് ശേഷം പുനരുപയോഗിക്കാനാവുന്ന തരത്തിലാണ് സ്പേസ് എക്സ് ഡിസൈന്‍ ചെയ്യുന്നത്. നാസയുടെ ആര്‍ട്ടെമിസ് ചാന്ദ്ര ലാന്‍ഡിംഗിന് ഉപയോഗിക്കാനിരിക്കുന്ന വിക്ഷേപണ വാഹനം കൂടിയാണ് സ്റ്റാര്‍ഷിപ്പ്. 

പേലോഡ് തുറന്നില്ല, സ്പേസ്‌ക്രാഫ്റ്റ് പരാജയം

മനുഷ്യ ജീവിതം മറ്റു ഗ്രഹങ്ങളിലേക്കും വ്യാപിപ്പിക്കുക എന്ന ലക്ഷ്യവുമായി ഇലോൺ മസ്കിന്‍റെ സ്പേസ് എക്സ് കമ്പനി
നടത്തുന്ന പരീക്ഷണങ്ങൾ തുടർച്ചയായ തിരിച്ചടി നേരിടുകയാണ്. സ്റ്റാര്‍ഷിപ്പിന്‍റെ ഏഴ്, എട്ട് പരീക്ഷണ വിക്ഷേപണങ്ങള്‍ക്ക് പിന്നാലെ 9-ാം ദൗത്യവും പരാജയമാവുകയായിരുന്നു. ഒമ്പതാം പരീക്ഷണ ദൗത്യത്തില്‍ ലക്ഷ്യം പൂര്‍ത്തിയാക്കും മുൻപ് സ്റ്റാർഷിപ് തകർന്നെന്ന് സ്പേസ് എക്സ് സ്ഥിരീകരിച്ചു. സ്പേസ്‌ക്രാഫ്റ്റിന്‍റെ പേലോഡ് വാതിൽ തുറക്കാന്‍ കഴിയാതെ വന്നതോടെ ഡമ്മി സ്റ്റാര്‍ലിങ്ക് സാറ്റ്‌ലൈറ്റുകള്‍ വിന്യസിക്കാനായില്ല. അനിയന്ത്രിതമായി സഞ്ചരിച്ച പേടകം റീ-എന്‍ട്രിക്കിടെ ഛിന്നഭിന്നമാവുകയും ചെയ്തു. എങ്കിലും കഴിഞ്ഞ രണ്ട് തവണത്തെ ശ്രമങ്ങളേക്കാള്‍ ദൂരം ഇക്കുറി സ്റ്റാര്‍ഷിപ്പിന് ബഹിരാകാശത്ത് താണ്ടാനായി. ഇന്ധനച്ചോര്‍ച്ചയാണ് സ്റ്റാര്‍ഷിപ്പ് വിക്ഷേപണത്തില്‍ ഇത്തവണ തിരിച്ചടിയായത് എന്നാണ് പ്രാഥമിക നിഗമനം. 

ബൂസ്റ്റര്‍ ലാന്‍ഡിംഗും പാളി

അതേസമയം, റോക്കറ്റിന്‍റെ ഏറ്റവും താഴെയുള്ള ഹെവി ബൂസ്റ്റര്‍ ഭാഗം ഗള്‍ഫ് ഓഫ് മെക്‌സിക്കോ കടലില്‍ മുന്‍നിശ്ചയിച്ച പ്രകാരം ലാന്‍ഡ് ചെയ്യിപ്പിക്കാനും സ്പേസ് എക്സിനായില്ല. ബൂസ്റ്റര്‍ അഗ്നിക്കിരയാവുകയുണ്ടായത്. മുമ്പ് ഉപയോഗിച്ചൊരു സ്റ്റാര്‍ഷിപ്പ് ബൂസ്റ്ററായിരുന്നു 9-ാം വിക്ഷേപണ പരീക്ഷണത്തിന് സ്പേസ് എക്സ് ഉപയോഗിച്ചത്. ഈ വര്‍ഷം നടന്ന മൂന്ന് സ്റ്റാര്‍ഷിപ്പ് പരീക്ഷണങ്ങളും ഇതോടെ പരാജയമായി. 2025 ജനുവരിയില്‍ നടന്ന ഏഴാം സ്റ്റാര്‍ഷിപ്പ് വിക്ഷേപണ പരീക്ഷണവും, മാര്‍ച്ച് ആറിലെ എട്ടാം പരീക്ഷണവും സ്പേസ്‌ക്രാഫ്റ്റിന്‍റെ പൊട്ടിത്തെറിയിലാണ് അവസാനിച്ചത്. 'മെക്കാസില്ല' എന്ന ഭീമന്‍ യന്ത്രക്കൈ ഉപയോഗിച്ച് അന്തരീക്ഷത്തില്‍ വച്ചുള്ള ബൂസ്റ്റര്‍ ക്യാച്ചിംഗാണ് ഇതുവരെ സ്പേസ് എക്‌സിന് വിജയിപ്പിക്കാനായ പ്രധാന കടമ്പ. 

അടുത്ത സ്റ്റാര്‍ഷിപ്പ് പരീക്ഷണം എപ്പോള്‍?

വീണ്ടും ദൗത്യശ്രമം പരാജയപ്പെട്ടതോടെ അടുത്ത സ്റ്റാര്‍ഷിപ്പ് പരീക്ഷണത്തിന് ഫെഡറല്‍ ഏവിയേഷന്‍ അഡ്‌മിനിസ്ട്രേഷന്‍റെ (FAA) അനുമതി സ്പേസ് എക്സിന് അനിവാര്യമാണ്. 9-ാം പരീക്ഷണവും എഫ്‌എഎയുടെ പരിശോധനകള്‍ക്ക് ശേഷമായിരുന്നെങ്കിലും റോക്കറ്റില്‍ വരുത്തിയ മാറ്റങ്ങള്‍ ദൗത്യം വിജയകരമാക്കാന്‍ പോകുന്നതായിരുന്നില്ല. തുടര്‍ച്ചയായ തിരിച്ചടികള്‍ നേരിടുമ്പോഴും അടുത്ത സ്റ്റാര്‍ഷിപ്പ് പരീക്ഷണങ്ങള്‍ ഉടന്‍ നടത്താനാകും എന്ന പ്രതീക്ഷയിലാണ് ഇലോണ്‍ മസ്ക്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം