യൂറോപ്യൻ സതേൺ ഒബ്സർവേറ്ററിയുടെ ചിലിയിലെ മൗണ്ട് പരനാലിലുള്ള ബഹിരാകാശ നിരീക്ഷണ കേന്ദ്രമായ വെരി ലാർജ് ടെലിസ്കോപ്പ് പ്രകാശമലിനീകരണ ഭീതിയില്‍ 

പരനാല്‍: ലോകത്തിലെ ഏറ്റവും മികച്ച ബഹിരാകാശ നിരീക്ഷണ ദൂരദര്‍ശിനികളിലൊന്ന് പ്രകാശമലിനീകരണ ഭീതിയില്‍. ചിലിയിലെ വിഖ്യാതമായ വെരി ലാര്‍ജ് ടെലിസ്‌കോപ്പിന് (വിഎല്‍ടി) കിലോമീറ്ററുകള്‍ മാത്രം അകലെ വമ്പന്‍ ഊര്‍ജ പദ്ധതി കൊണ്ടുവരാന്‍ അമേരിക്കന്‍ കമ്പനി ശ്രമിക്കുന്നതാണ് ആശങ്ക സൃഷ്ടിക്കുന്നത്. 

വടക്കൻ ചിലിയിലെ അറ്റക്കാമ മരുഭൂമിയിലെ മൗണ്ട് പരനാലിൽ സ്ഥിതി ചെയ്യുന്ന യൂറോപ്യൻ സതേൺ ഒബ്സർവേറ്ററിയുടെ (ഇഎസ്ഒ) ബഹിരാകാശ നിരീക്ഷണ കേന്ദ്രമാണ് വെരി ലാർജ് ടെലിസ്കോപ്പ് (വിഎല്‍ടി). 1990കളില്‍ 350 മില്യണ്‍ ഡോളര്‍ മുടക്കിയാണ് വിഎല്‍ടി ചിലിയില്‍ സ്ഥാപിച്ചത്. ഇന്നത്തെ കണക്കില്‍ ഈ ദൂരദര്‍ശിനിയുടെ മൂല്യം 840 മില്യണ്‍ ഡോളര്‍ വരുമെന്നാണ് സ്പേസ് ഡോട് കോം കണക്കുകൂട്ടുന്നത്. 1998ല്‍ വെരി ലാർജ് ടെലിസ്കോപ്പ് പ്രവര്‍ത്തനം ആരംഭിച്ചു. പ്രപ‌ഞ്ചത്തിന്‍റെ അനന്ത രഹസ്യങ്ങളിലേക്ക് വെളിച്ചം വീശുന്ന അത്യാധുനിക ടെലിസ്കോപ്പാണിത്. എക്സോപ്ലാനറ്റുകള്‍, തമോഗര്‍ത്തങ്ങള്‍ എന്നിവയെയെല്ലാ നിരീക്ഷിക്കുന്നതില്‍ വിഎല്‍ടി നിര്‍ണായകമാണ്. 

Read more: വന്‍ ദുരന്തമായ സ്റ്റാര്‍ഷിപ്പ് ഏഴാം പരീക്ഷണം; അവശിഷ്ടങ്ങള്‍ ദ്വീപുകളില്‍ പതിച്ചതായി റിപ്പോര്‍ട്ട്, അന്വേഷണം

ബഹിരാകാശ നിരീക്ഷണ രംഗത്ത് വലിയ പ്രാധാന്യമര്‍ഹിക്കുന്ന ചിലിയിലെ വെരി ലാർജ് ടെലിസ്കോപ്പ് അധികൃതര്‍ ഇപ്പോള്‍ ഒരു ഭീതിയിലാണ്. നിലയത്തിന് തൊട്ടടുത്ത് അമേരിക്കന്‍ ഊര്‍ജ കമ്പനിയായ എഇഎസ് എനര്‍ജിയുടെ വലിയ ഹൈഡ്രജന്‍ നിര്‍മാണ ഫാക്ടറി വരുന്നതാണ് കാരണം. ഈ പദ്ധതി നടപ്പിലായാല്‍ പ്രദേശത്തെ ആകാശത്തിന്‍റെ തെളിച്ചം 10 ശതമാനം ഉയരും. ലോകത്തിലെ ഏറ്റവും മികച്ച ദൂരദര്‍ശിനിയുടെ നിലവാരം ഇത് തകര്‍ക്കാനിടയാക്കുമെന്ന് യൂറോപ്യൻ സതേൺ ഒബ്സർവേറ്ററി സിഇഒ സേവ്യര്‍ ബര്‍കോണ്‍സ് സ്പേസ് ഡോട് കോമിനോട് പറഞ്ഞു. 

സമുദ്രനിരപ്പില്‍ നിന്ന് 2664 മീറ്റര്‍ ഉയരത്തിലുള്ള മൗണ്ട് പരനാല്‍ വ്യാവസായിക പ്രകാശമലിനീകരണം ഇല്ലാത്ത ഭൂമിയിലെ ഏറ്റവും മികച്ച വാനനിരീക്ഷണ ഇടങ്ങളിലൊന്നാണ്. ചുറ്റുമുള്ള ആന്തിസ് പര്‍വതനിരകളാണ് ഇത്രയും തെളിഞ്ഞ ആകാശം ഇവിടെ സാധ്യമാക്കുന്ന ഒരു ഘടകം. വര്‍ഷം 11 മാസമെങ്കിലും തെളിഞ്ഞ ആകാശത്തില്‍ നക്ഷത്രങ്ങളെ ഇവിടെ കാണാം. ഇതാണ് വളരെ സങ്കീര്‍ണമായ വാനനിരീക്ഷണത്തിന് ഏറ്റവും ഉചിതമായ ഇടമായി മൗണ്ട് പരനാലിലെ വെരി ലാർജ് ടെലിസ്കോപ്പിനെ മാറ്റുന്നത്. കൃത്രിമ വെളിച്ചത്തിന്‍റെ അഭാവം ഏറ്റവും കുറവുള്ള ലോകത്തെ ദൂരദര്‍ശിനിയായാണ് ചിലിയിലെ പരനാല്‍ ബഹിരാകാശ നിരീക്ഷണ കേന്ദ്രത്തിലെ വെരി ലാർജ് ടെലിസ്കോപ്പ് വിലയിരുത്തപ്പെടുന്നത്. 

Read more: ഡോക്കിംഗ് പരീക്ഷണം തുടരും, ഉപഗ്രഹങ്ങള്‍ തമ്മില്‍ ഊര്‍ജ്ജകൈമാറ്റം പരിശോധനകള്‍ക്ക് ശേഷം: ഐഎസ്ആര്‍ഒ ചെയര്‍മാന്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം