പൊട്ടിത്തെറിച്ച സ്റ്റാര്‍ഷിപ്പ് മെഗാ റോക്കറ്റിന്‍റെ ഭാഗങ്ങള്‍ ടർക്സ്-കൈകോസ് ദ്വീപുകളില്‍ നാശനഷ്ടമുണ്ടാക്കിയതായി റിപ്പോര്‍ട്ടുകള്‍ 

കോക്ക്ബേൺ ടൗൺ: സ്പേസ് എക്സിന്‍റെ ഗ്രാഹാന്തര യാത്രാ വാഹനമായ സ്റ്റാര്‍ഷിപ്പിന്‍റെ ഏഴാം പരീക്ഷണം പൊട്ടിത്തെറിയില്‍ അവസാനിച്ചപ്പോള്‍ റോക്കറ്റ് അവശിഷ്ടങ്ങള്‍ കരീബിയന്‍ ദ്വീപുസമൂഹമായ ടർക്സ്-കൈകോസില്‍ പതിച്ച് നാശനഷ്ടങ്ങളുണ്ടായതായി പരാതികള്‍. അമേരിക്കന്‍ ഫെഡറല്‍ ഏവിയേഷന്‍ അഡ‍്‌മിനിസ്ട്രേഷനും (എഫ്എഎ) ടർക്സ്-കൈകോസ് സര്‍ക്കാരിന്‍റെ ഉദ്യോഗസ്ഥരും ഇതിന്‍മേല്‍ അന്വേഷണം ആരംഭിച്ചതായി സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തു. വിക്ഷേപിച്ച് എട്ട് മിനിറ്റുകള്‍ക്ക് ശേഷം കരീബിയന് ദ്വീപുകള്‍ക്ക് മുകളില്‍ വച്ച് സ്റ്റാര്‍ഷിപ്പ് റോക്കറ്റിന്‍റെ ഏറ്റവും മുകളിലെ ഷിപ്പ് ഭാഗം പൊട്ടിത്തെറിക്കുകയായിരുന്നു.

സ്റ്റാര്‍ഷിപ്പ് മെഗാ റോക്കറ്റിന്‍റെ ഏഴാം പരീക്ഷണ വിക്ഷേപണം ഷിപ്പിന്‍റെ വലിയ പൊട്ടിത്തെറിയോടെ പരാജയപ്പെട്ടിരുന്നു. കണ്‍ട്രോള്‍ റൂമുമായുള്ള ബന്ധം നഷ്ടമായ റോക്കറ്റിന്‍റെ അവശിഷ്ടങ്ങള്‍ ബഹിരാകാശത്ത് പാറിനടക്കുന്ന ദൃശ്യങ്ങള്‍ വൈറലായിരുന്നു. ഇതിന് പിന്നാലെയാണ് ഈ സ്റ്റാര്‍ഷിപ്പ് അവശിഷ്ടങ്ങളില്‍ ചിലത് ടർക്സ്-കൈകോസ് ദ്വീപുകളില്‍ പതിച്ചതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. എന്നാല്‍ സംഭവത്തില്‍ ആര്‍ക്കും പരിക്ക് രേഖപ്പെടുത്തിയിട്ടില്ല. നാശനഷ്ടങ്ങളെ കുറിച്ചുള്ള കണക്കുകളും പുറത്തുവരുന്നതേയുള്ളൂ. റോക്കറ്റ് വിക്ഷേപിച്ച സ്പേസ് എക്സ് കമ്പനിയും അവശിഷ്ടങ്ങള്‍ പതിച്ചെന്ന പരാതിയെ കുറിച്ച് അന്വേഷണം ആരംഭിച്ചു. റോക്കറ്റ് അവശിഷ്ടങ്ങളെ കുറിച്ച് സ്പേസ് എക്സ് കമ്പനിയേയോ പ്രാദേശിക ഭരണകൂടത്തെയോ അറിയിക്കാന്‍ നിര്‍ദേശമുണ്ട്. സ്റ്റാര്‍ഷിപ്പിന്‍റെ എട്ടാം പരീക്ഷണത്തിന് മുമ്പ് സ്വീകരിക്കേണ്ട മുന്നൊരുക്കങ്ങളെയും മാറ്റങ്ങളേയും കുറിച്ച് സ്പേസ് എക്സിന് എഫ്എഎ നിര്‍ദേശങ്ങള്‍ കൈമാറും. 

Read more: സ്റ്റാര്‍ഷിപ്പ് ഏഴാം പരീക്ഷണത്തിന് നാടകീയാന്ത്യം; ബൂസ്റ്റര്‍ യന്ത്രകൈ പിടികൂടി, മുകള്‍ ഭാഗം പൊട്ടിത്തെറിച്ചു

ദക്ഷിണ ടെക്സസിലെ വിക്ഷേപണത്തറയില്‍ നിന്ന് കുതിച്ചുയര്‍ന്ന് എട്ട് മിനിറ്റുകള്‍ക്ക് ശേഷം സ്റ്റാര്‍ഷിപ്പിന്‍റെ മുകള്‍ ഭാഗം പൊട്ടിത്തെറിക്കുകയായിരുന്നു. ഇതിനെ തുടര്‍ന്ന് ഗള്‍ഫ് ഓഫ് മെക്‌സിക്കോയ്ക്ക് മുകളിലൂടെയുള്ള വിമാനങ്ങള്‍ കൂട്ടിയിടി ഒഴിവാക്കാന്‍ വഴിതിരിച്ച് വിടുകയും ചെയ്തു. 2024 മാര്‍ച്ചിന് ശേഷം ഇതാദ്യമായാണ് സ്റ്റാര്‍ഷിപ്പിന്‍റെ ഏറ്റവും മുകള്‍ ഭാഗം പൊട്ടിത്തെറിച്ചത്. അമേരിക്കയിലെ സ്വകാര്യ ബഹിരാകാശ വിക്ഷേപണങ്ങള്‍ നിയന്ത്രിക്കുന്ന യുഎസ് ഫെഡറല്‍ ഏവിയേഷന്‍ അഡ‍്‌മിനിസ്ട്രേഷനാണ് വിമാനങ്ങള്‍ വൈകിപ്പിക്കാനും വഴിതിരിച്ച് വിടാനും നിര്‍ദേശം നല്‍കിയത്. എഫ്എഎയുടെ പുതിയ അന്വേഷണം സ്റ്റാര്‍ഷിപ്പിന്‍റെ അടുത്ത പരീക്ഷണത്തിന് മുമ്പ് സ്പേസ് എക്സിനും ഉടമ ഇലോണ്‍ മസ്കിനും തലവേദനയാവും. 

Read more: ഒഴിവായത് വന്‍ ദുരന്തം; സ്റ്റാര്‍ഷിപ്പ് പൊട്ടിത്തെറിച്ചതിന് പിന്നാലെ വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം