എട്ട് ദിവസത്തെ ദൗത്യത്തിനായി പോയി 9 മാസത്തിലേറെ സമയം ഐഎസ്എസില്‍ ചിലവഴിച്ച ഇന്ത്യന്‍ വംശജ സുനിത വില്യംസ് ഒട്ടേറെ സംഭാവനകള്‍ ശാസ്ത്ര ലോകത്തിന് സമ്മാനിച്ചാണ് ഭൂമിയിലേക്ക് മടങ്ങിയത്
കഴിഞ്ഞ വർഷം (2024) ജൂൺ മുതൽ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ (ISS) താമസിച്ചിരുന്ന ഇന്ത്യൻ വംശജ സുനിത വില്യംസ് അവിടെ അത്ഭുതകരമായ പരീക്ഷണങ്ങൾ നടത്തുകയും 900 മണിക്കൂറിലധികം ഗവേഷണങ്ങളിൽ ഏർപ്പെടുകയും ചെയ്തു. മൂന്ന് വ്യത്യസ്ത ദൗത്യങ്ങളിലായി ഇതുവരെ 600 ദിവസത്തിലധികം ബഹിരാകാശത്ത് ചെലവഴിച്ച 59-കാരിയായ സുനിത ആകെ 62 മണിക്കൂറും ഒമ്പത് മിനിറ്റും ബഹിരാകാശ നടത്തം നടത്തി റെക്കോര്‍ഡിടുകയും ചെയ്തു.
നാസയുടെ ബഹിരാകാശ യാത്രികരായ സുനിത വില്യംസും സഹ ബഹിരാകാശ യാത്രികന്‍ ബുച്ച് വിൽമോറും 9 മാസങ്ങളായി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ (ഐഎസ്‌എസ്) ഉണ്ട്. കഴിഞ്ഞ വർഷം ജൂൺ 5-ന് ബോയിംഗിന്‍റെ സ്റ്റാർലൈനർ പേടകത്തിൽ ബഹിരാകാശത്തേക്ക് കുതിച്ച ഇരുവരും ജൂൺ 6-ന് ഐഎസ്എസിലെത്തി. എട്ട് ദിവസത്തെ ദൗത്യത്തിനായാണ് എത്തിയതെങ്കിലും സാങ്കേതിക കാരണങ്ങള്‍ നിലയത്തിലെ ഇവരുടെ വാസം 9 മാസത്തിലേറെ നീണ്ടു. ഏറെത്തവണ നീട്ടിവച്ച ദൗത്യത്തിനൊടുവില്‍ സുനിത വില്യംസും ബാരി വിൽമോറും ഭൂമിയിലേക്ക് മടക്കയാത്ര തുടങ്ങി. ഇപ്പോൾ പലരും ചിന്തിക്കുന്നുണ്ടാകും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ ഭൂമിയെ ചുറ്റുമ്പോൾ, ഏകദേശം 400 കിലോമീറ്റർ ഉയരത്തില്‍ വച്ച് സുനിത വില്യംസ് എന്താണ് ചെയ്തതെന്ന്...
അവര്‍ നാല് പേരും ഭൂമിയിലേക്ക്...
ഐഎസ്എസിലേക്കുള്ള യാത്രാമധ്യേ ബോയിംഗിന്‍റെ പരീക്ഷണ സ്റ്റാർലൈനർ പേടകം പൈലറ്റ് ചെയ്തത് സുനിത വില്യംസായിരുന്നു. ഒരു ബഹിരാകാശ കാപ്സ്യൂൾ പരീക്ഷിച്ച ആദ്യ വനിതാ ബഹിരാകാശ യാത്രിക എന്ന പദവി അതോടെ സുനിത നേടി. ഒരു ഫുട്ബോൾ മൈതാനത്തിന്‍റെ വലിപ്പമുള്ള അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന്‍റെ അറ്റകുറ്റപ്പണികളില്‍ ഈ യാത്രയിലും സുനിത പങ്കാളിയായി. ഐഎസ്എസിലെ നിരവധി പഴയ ഉപകരണങ്ങൾ മാറ്റിസ്ഥാപിക്കുന്നതിനും ധാരാളം മാലിന്യങ്ങൾ ഭൂമിയിലേക്ക് തിരിച്ചയക്കുന്നതിനും സുനിത മേല്‍നോട്ടം വഹിച്ചു.
സുനിത വില്യംസും ബാരി വിൽമോറും മറ്റൊരു ബഹിരാകാശ യാത്രികനായ നിക്ക് ഹേഗും ഭ്രമണപഥത്തിലെ ലബോറട്ടറിയിൽ 150-ൽ അധികം ശാസ്ത്ര പരീക്ഷണങ്ങൾക്കും സാങ്കേതിക പ്രകടനങ്ങൾക്കുമിടയിൽ 900 മണിക്കൂറിലധികം ഗവേഷണം പൂർത്തിയാക്കി എന്ന് നാസ പറയുന്നു. സുനിതയുടെ ഐഎസ്എസിലെ താമസം ആഴ്ചകളിൽ നിന്ന് മാസങ്ങളിലേക്ക് നീണ്ടപ്പോൾ, മൂന്ന് ബഹിരാകാശ യാത്രകളിലെ പരിചയസമ്പന്ന എന്ന നിലയ്ക്ക് ഐഎസ്എസ് കമാൻഡറുടെ റോളിലേക്ക് സുനിതയ്ക്ക് നാസ സ്ഥാനക്കയറ്റവും നൽകി. അങ്ങനെ ഐഎസ്എസിന്‍റെ സുരക്ഷയും അവരുടെ ചുമലിൽ ആയിരുന്നു. ഇതൊരു അപൂർവ നേട്ടമാണ്.
ചരിത്രമെഴുതിയ ബഹിരാകാശ നടത്തം
ഐഎസ്എസിലെ താമസത്തിനിടെ സുനിത ഒരു നീണ്ട ബഹിരാകാശ നടത്തവും നടത്തി. ഇതിനെ എക്സ്ട്രാ വെഹിക്കിൾ ആക്ടിവിറ്റി (EVA) എന്നും വിളിക്കുന്നു. അവർ 62 മണിക്കൂറും ഒമ്പത് മിനിറ്റും ബഹിരാകാശ നടത്തത്തിൽ പൂർത്തിയാക്കി. ജനുവരി 30-ന് നടന്ന തന്‍റെ അവസാന ബഹിരാകാശ നടത്തത്തിൽ, ഐഎസ്‌എസിന്‍റെ അറ്റകുറ്റപ്പണികൾക്കായി സുനിത വില്യംസ് അഞ്ച് മണിക്കൂറും 26 മിനിറ്റും ഇവിഎയിൽ ചെലവഴിച്ചു. അതിന് രണ്ടാഴ്ച മുമ്പ് ജനുവരി 16-ന് അവർ ആറ് മണിക്കൂർ ബഹിരാകാശ നടത്തം നടത്തി.
ബഹിരാകാശ പരിസ്ഥിതിയോട് ശരീരം എങ്ങനെ പ്രതികരിക്കുന്നു എന്നതിനെക്കുറിച്ച് നന്നായി മനസിലാക്കുന്നതിനായി സുനിത സ്വന്തം ശരീരത്തിൽ ചില പരിശോധനകളും പരീക്ഷണങ്ങളും നടത്തിയിട്ടുണ്ട്. മുമ്പ് ഒരു സന്ദർശനത്തിൽ, അവർ ബഹിരാകാശത്ത് ഒരു മാരത്തൺ ഓടിയിരുന്നു. തന്‍റെ സാമൂഹിക പ്രവർത്തനങ്ങളുടെ ഭാഗമായി സുനിത വില്യംസ് ഭൂമിയിലെ മനുഷ്യർക്ക് ദീപാവലി, ക്രിസ്‍മസ്, പുതുവത്സര ആശംസകൾ അയച്ചു, കൂടാതെ അവരുടെ പേരിലുള്ള ഒരു സ്‍കൂളിലെ വിദ്യാർത്ഥികളുമായി ഒരു സെഷനും നടത്തി. ഒപ്പം 2024-ലെ പാരീസ് ഒളിംപിക്സിൽ പങ്കെടുക്കുന്നവർക്ക് ബഹിരാകാശത്ത് നിന്ന് ആശംസകളും നേർന്നു.
മറ്റ് പ്രവർത്തനങ്ങൾക്കൊപ്പം, സുനിത ലെറ്റൂസ് ചെടികൾക്ക് വെള്ളം നനയ്ക്കുകയും അവയെ പഠിക്കുകയും ചെയ്തുകൊണ്ട് ബഹിരാകാശത്ത് പൂന്തോട്ട പരിപാലനം നടത്തി. ഇത്തരം അപൂർവ്വ സാഹചര്യങ്ങൾ സസ്യവളർച്ചയെ എങ്ങനെ ബാധിക്കുന്നുവെന്ന് മനസിലാക്കാന്‍ ഇതിലൂടെയായി. ഭാവിയിലെ ബഹിരാകാശ യാത്രകളിൽ ക്രൂ അംഗങ്ങൾക്ക് സുരക്ഷിതവും പോഷകസമൃദ്ധവുമായ ഭക്ഷണം ഉൽപ്പാദിപ്പിക്കുന്നതിനുള്ള സംവിധാനങ്ങൾ രൂപകൽപ്പന ചെയ്യാൻ ശാസ്ത്രജ്ഞരെ സഹായിക്കുമെന്നതാണ് സുനിത വില്യംസ് നടത്തിയ ഈ ഇടപെടല്‍.
മറ്റ് പരീക്ഷണങ്ങള്‍
ഐഎസ്‌എസിൽ വെള്ളം എങ്ങനെ വീണ്ടെടുക്കാമെന്നതിനെക്കുറിച്ചുള്ള പരീക്ഷണങ്ങളും സുനിത വില്യംസ് നടത്തി. നാസ പാക്ക്ഡ് ബെഡ് റിയാക്ടറുകൾ എന്ന് വിശേഷിപ്പിച്ചവയിലൂടെയാണ് ഇത് നടത്തിയത്. ഒരു ഘടനയ്ക്കുള്ളിൽ പെല്ലറ്റുകൾ അല്ലെങ്കിൽ ബീഡുകൾ പോലുള്ള വസ്തുക്കൾ "പാക്ക്" ചെയ്യുന്ന സംവിധാനങ്ങൾ ഉപയോഗിച്ചാണ് അവർ ഈ പരീക്ഷണം നടത്തിയത്. അതിലൂടെ ഒഴുകുന്ന ഏതെങ്കിലും ദ്രാവകങ്ങളും വാതകങ്ങളും തമ്മിലുള്ള സമ്പർക്കം വർദ്ധിപ്പിക്കുന്നതിനാണ് ഇങ്ങനെ ചെയ്തത്.
Read more: 9 മാസത്തെ കാത്തിരിപ്പാണ്! സുനിത വില്യംസ്, ബുച്ച് വില്‍മോര്‍ ലാന്‍ഡിംഗ് തത്സമയം കാണാന്‍ അവസരം
ഐഎസ്‌എസിലെ ഈ സിസ്റ്റങ്ങളെ ഗുരുത്വാകർഷണം എങ്ങനെ ബാധിക്കുന്നുവെന്ന് പരിശോധിക്കുന്നതിനായി പാക്ക്ഡ് ബെഡ് റിയാക്ടർ എക്സ്പിരിമെന്റ് നടത്തി. വാട്ടർ റിക്കവറി സീരീസ് (പിബിആർഇ-ഡബ്ല്യുആർഎസ്) അന്വേഷണത്തിനായി അവിടെ ഹാർഡ്‌വെയർ സ്ഥാപിച്ചു. ജല വീണ്ടെടുക്കൽ, താപ മാനേജ്മെന്‍റ്, ഇന്ധന സെല്ലുകൾ, മറ്റ് ആപ്ലിക്കേഷനുകൾ എന്നിവയ്ക്കായി മികച്ച റിയാക്ടറുകൾ രൂപകൽപ്പന ചെയ്യാൻ ശാസ്ത്രജ്ഞരെ ഈ ഫലങ്ങൾ സഹായിക്കും.
ബഹിരാകാശ നിലയത്തിന്‍റെ ഉള്ളിൽ ജീവൻ തേടി ഐഎസ്എസിന്‍റെ പുറംഭാഗം വിൽമോർ പരിശോധിച്ചപ്പോൾ, സുനിത മറ്റ് സൂക്ഷ്‍മാണുക്കളിൽ പരീക്ഷണം നടത്തി. ബാക്ടീരിയയുടെയും യീസ്റ്റിന്‍റെയും സാമ്പിളുകൾ ശേഖരിച്ചു. ഇത് ഐഎസ്എസിലെ ബയോ-മാനുഫാക്ചറിംഗ് എഞ്ചിനീയേർഡ് ബാക്ടീരിയകളിലും യീസ്റ്റിലും മൈക്രോഗ്രാവിറ്റിയുടെ സ്വാധീനത്തെക്കുറിച്ചുമുള്ള തുടർച്ചയായ പരിശോധനയുടെ ഭാഗമാണ്. സൂക്ഷ്മജീവ കോശ വളർച്ച, കോശഘടന, ഉപാപചയ പ്രവർത്തനങ്ങൾ എന്നിവയിൽ മാറ്റങ്ങൾ വരുത്തുന്ന മൈക്രോഗ്രാവിറ്റി, ജൈവ നിർമ്മാണ പ്രക്രിയകളെ ബാധിച്ചേക്കാം. ഈ ഫലങ്ങളുടെ വ്യാപ്തി വിശദീകരിക്കാനും ബഹിരാകാശത്ത് ഭക്ഷണം, മരുന്നുകൾ, മറ്റ് ഉൽപ്പന്നങ്ങൾ എന്നിവ നിർമ്മിക്കുന്നതിന് സൂക്ഷ്മാണുക്കളുടെ ഉപയോഗം വർദ്ധിപ്പിക്കാനും ഭൂമിയിൽ നിന്ന് ഉപകരണങ്ങളും ഉപഭോഗവസ്തുക്കളും വിക്ഷേപിക്കുന്നതിനുള്ള ചെലവ് കുറയ്ക്കാനും ഈ അന്വേഷണത്തിന് കഴിയും.
യീസ്റ്റ് പോലുള്ള എഞ്ചിനീയേർഡ് സൂക്ഷ്മാണുക്കൾ ഉപയോഗിച്ച് ദീർഘകാല ബഹിരാകാശ ദൗത്യങ്ങളിൽ പോഷകങ്ങൾ ഉത്പാദിപ്പിക്കുന്നതിനുള്ള സാങ്കേതികവിദ്യ പ്രദർശിപ്പിച്ച ബയോ ന്യൂട്രിയന്റ്സ് ഗവേഷണവും സുനിത വില്യംസ് നടത്തി. ദീർഘകാലത്തേക്ക് സൂക്ഷിക്കുന്ന ഭക്ഷണത്തിന് വിറ്റാമിനുകളും മറ്റ് പോഷകങ്ങളും നഷ്ടപ്പെടും. എന്നാൽ ആവശ്യാനുസരണം സപ്ലിമെന്‍റുകൾ നിർമ്മിക്കാനുള്ള ഒരു മാർഗം ഈ സാങ്കേതികവിദ്യ നൽകും. ഐഎസ്‌എസിൽ ഗവേഷണത്തിനായി പ്രത്യേകം രൂപകൽപ്പന ചെയ്ത ഗ്രോ ബാഗുകള്‍ സുനിത തയ്യാറാക്കിയതും ശ്രദ്ധേയമാണ്.
സുനിതയുടെ ആരോഗ്യ പരിശീലനങ്ങള്‍
ബഹിരാകാശത്ത് നേരിയ ഗുരുത്വാകർഷണത്തിൽ പൊങ്ങിക്കിടക്കുമ്പോൾ ശരീരം ഫിറ്റായി നിലനിർത്താൻ സുനിത വില്യംസ് ബഹിരാകാശത്ത് വിപുലമായ ഭാരോദ്വഹന പരിശീലനം നടത്തി. ഒരു ഘട്ടത്തിൽ, അവരുടെ ആരോഗ്യത്തെക്കുറിച്ച് നിരവധി കിംവദന്തികൾ പ്രചരിച്ചിരുന്നു. അതിനിടെ സുനിത തന്നെ ഒരു വിശദീകരണവും നൽകി. ഐഎസ്‌എസിൽ എത്തിയപ്പോൾ ഉണ്ടായിരുന്ന അതേ ഭാരം തന്നെയാണ് എനിക്കിപ്പോഴും എന്നായിരുന്നു ആത്മവിശ്വാസത്തോടെ സുനിത വില്യംസിന്‍റെ മറുപടി.
