ഓസ്‌ട്രേലിയയില്‍ നിര്‍മ്മിക്കപ്പെടുന്ന ആദ്യ ഓര്‍ബിറ്റല്‍ റോക്കറ്റാണ് എറിസ്, റോക്കറ്റിന്‍റെ ആദ്യ പരീക്ഷണം നീണ്ടത് 14 സെക്കന്‍ഡുകള്‍ മാത്രം

ബോവന്‍: സ്വകാര്യ ഓസ്‌ട്രേലിയന്‍ ബഹിരാകാശ വിക്ഷേപണ കമ്പനിയായ ഗില്‍മോര്‍ സ്പേസിന്‍റെ ആദ്യ ഓര്‍ബിറ്റല്‍ റോക്കറ്റായ എറിസിന്‍റെ കന്നി പരീക്ഷണം പരാജയം. ക്വീന്‍സ്‌ലന്‍ഡിലെ ബോവന്‍ ഓര്‍ബിറ്റല്‍ സ്പേസ്‌പോര്‍ട്ടില്‍ നിന്ന് കുതിച്ചുയര്‍ന്ന് 14 സെക്കന്‍ഡുകള്‍ക്ക് ശേഷം എറിസ് റോക്കറ്റ് നിയന്ത്രണം നഷ്‌മായി നിലംപതിക്കുകയായിരുന്നു. ഓസ്‌ട്രേലിയയില്‍ നിര്‍മ്മിക്കപ്പെടുന്ന ആദ്യ ഓര്‍ബിറ്റല്‍ റോക്കറ്റാണ് എറിസ്. 23 മീറ്റര്‍ നീളമുള്ള എറിസ് റോക്കറ്റിന്‍റെ ഭാരം 30 ടണ്‍ ആണ്.

മോശം കാലാവസ്ഥയെ തുടര്‍ന്ന് പലകുറി മാറ്റിവച്ച ശേഷമാണ് ക്വീന്‍സ്‌ലന്‍ഡില്‍ എറിസ്-1 പരീക്ഷണത്തിന് ഗില്‍മോര്‍ സ്പേസ് മുതിര്‍ന്നത്. എഞ്ചിന്‍ ബേണിന് 23 സെക്കന്‍ഡും ലിഫ്റ്റോഫിന് 14 സെക്കന്‍ഡിനും ശേഷം എറിസ് നിലംപതിക്കുകയായിരുന്നുവെന്ന് ഗില്‍മോര്‍ സ്പേസ് അധികൃതര്‍ അറിയിച്ചു. ബോവന്‍ ഓര്‍ബിറ്റല്‍ സ്പേസ്‌പോര്‍ട്ടിലെ ലോഞ്ച് പാഡില്‍ നിന്ന് കുതിച്ചുയര്‍ന്നതിന് പിന്നാലെ എറിസ് റോക്കറ്റ് ഒരുവശത്തേക്ക് ചരിഞ്ഞതോടെ നിയന്ത്രണം പൂര്‍ണമായും നഷ്‌ടമാവുകയായിരുന്നു. റോക്കറ്റിന് തീപ്പിടിച്ച് കനത്ത പുകയുയരുന്നതാണ് പിന്നീട് കണ്ടത്. ഗില്‍മോര്‍ സ്പേസിന്‍റെ എറിസ് ഓര്‍ബിറ്റല്‍ റോക്കറ്റിന്‍റെ ആദ്യ പരീക്ഷണ പറക്കല്‍ പരാജയമായെങ്കിലും ചരിത്രമായി. ആദ്യ ഓസ്ട്രേലിയന്‍-മെയ്‌ഡ് ഓര്‍ബിറ്റല്‍ റോക്കറ്റിന്‍റെ പരീക്ഷണത്തിന് തുടക്കമിടാന്‍ ഗില്‍മോര്‍ കമ്പനിക്കായി. എറിസ് റോക്കറ്റിന്‍റെ പരീക്ഷണം രണ്ടാം ശ്രമത്തില്‍ വിജയിക്കും എന്ന പ്രതീക്ഷയിലാണ് ഗില്‍മോര്‍ സ്പേസ്. ബഹിരാകാശ വിക്ഷേപണ രംഗത്ത് ഓസ്ട്രേലിയയെ സ്വയംപര്യാപ്ത രാജ്യമാക്കി മാറ്റാനുള്ള നീക്കത്തില്‍ നിര്‍ണായകമാണ് ഈ റോക്കറ്റ് പരീക്ഷണം എന്നും ഗില്‍മോര്‍ സ്പേസ് വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.

Scroll to load tweet…

നീണ്ട 18 മാസം അനുമതിക്കായി കാത്തിരുന്ന ശേഷമാണ് ബഹിരാകാശ ലോഞ്ച് വെഹിക്കിള്‍ പരീക്ഷണത്തിന് ഗില്‍മോര്‍ സ്പേസിന് അനുമതി ലഭിച്ചത്. എറിസ് ഓര്‍ബിറ്റല്‍ റോക്കറ്റിന്‍റെ ആദ്യ വിക്ഷേപണ ശ്രമം പരാജയപ്പെട്ടെങ്കിലും രണ്ടാം ഫ്ലൈറ്റ് ടെസ്റ്റിനായി കാത്തിരിക്കുകയാണ് ഗില്‍മോര്‍ സ്പേസ്. എറിസിന്‍റെ രണ്ടാം പരീക്ഷണ വിക്ഷേപണം എപ്പോഴായിരിക്കുമെന്ന് കമ്പനി വ്യക്തമാക്കിയിട്ടില്ല. പരാജയമായെങ്കിലും പരീക്ഷണ ശ്രമത്തില്‍ സന്തോഷവാനാണെന്ന് ഗില്‍മോര്‍ സ്പേസ് സിഇഒ ആദം ഗില്‍മോര്‍ പ്രതികരിച്ചു.

Wayanad Landslide | Asianet News Live | Malayalam News Live | Kerala News Live | Live Breaking News