ദില്ലി: മഴയില്ലാതെ ജൂണ്‍ അവസാനിക്കുമ്പോള്‍  100 വര്‍ഷത്തെ ചരിത്രത്തിലെ ഏറ്റവും വരണ്ട ജൂണുകളില്‍ ഒന്നിനാണ് ഇന്ത്യ സാക്ഷിയാകുന്നത്. ഈ മാസം പോകാന്‍ ഇനി ഒരു ദിവസം കൂടി മാത്രം ബാക്കി നില്‍ക്കേ ഇത്തവണ വരള്‍ച്ച ശക്തമാകുമെന്ന സൂചന നല്‍കി പെയ്ത മഴയില്‍ 35 ശതമാനത്തിന്റെ കുറവ് ഇന്ത്യയില്‍ രേഖപ്പെടുത്തി. ഇന്ത്യയില്‍ ഉടനീളം സാധാരണഗതിയില്‍ ജൂണ്‍ 28 വരെ 151.1 മില്ലിമീറ്റര്‍ മഴ ലഭിക്കേണ്ടയിടത്ത് ഇത്തവണ പെയ്തത് വെറും 97.9 മില്ലിമീറ്റര്‍ മാത്രമാണ്.

1920 മുതല്‍ വെറും നാലു വര്‍ഷം മാത്രമേ മഴ ഇത്രയും കുറവ് രേഖപ്പെടുത്തപ്പെട്ടിട്ടുള്ളൂ. 2009 (85.7 എംഎം), 2014 (95.4 എംഎം), 1926 (98.7 എംഎം), 1923 (102 എംഎം) എന്നതായിരുന്നു കണക്ക്. ഇതില്‍ 2009, 2014 വര്‍ഷങ്ങള്‍ കാലാവസ്ഥാ മാറ്റം വരുത്തുന്ന എല്‍ നിനോ പ്രതിഭാസത്തിന് കീഴിലായിരുന്നു മഴ കുറഞ്ഞത്. ഇത്തവണയും ഇതേ പ്രതിഭാസം ഉണ്ടായിരിക്കാം എന്നാണ് സൂചന.

ജൂലൈയില്‍ ശക്തമായ കാലവര്‍ഷത്തിന് തുടക്കമാകുമെന്നാണ് പ്രതീക്ഷ. അതേ സമയം 100 വര്‍ഷത്തിനിടയില്‍ 10 വരണ്ട ജൂണുകളാണ് ഇതുവരെ ഉണ്ടായിട്ടുള്ളത്. ഇതില്‍ 2009, 2012, 2014, 2019 എന്നിങ്ങനെ നാലെണ്ണവും വന്നത് കഴിഞ്ഞ ദശകത്തിലാണ്. ഈ ജൂണിലെ കാലവര്‍ഷ കുറവ് ഇന്ത്യയുടെ പാശ്ചാത്യ ദക്ഷിണ ഭാഗങ്ങളില്‍ ശക്തമായ ജലദൗര്‍ലഭ്യം കൊണ്ടുവന്നു. 

ഇന്ത്യയിലെ 91 ജലസംഭരണികളില്‍ ജലനിരപ്പ് 17 ശതമാനം മുതല്‍ 16 ശതമാനം വരെയായി കുറഞ്ഞു. ഗുജറാത്ത്, മഹാരാഷ്ട്ര പോലെയുള്ള പടിഞ്ഞാറന്‍ മേഖലകളില്‍ ശക്തമായ വരള്‍ച്ചയാണ് അനുഭവപ്പെടുന്നത്. ഇവിടുത്തെ ജലസംഭരണികളില്‍ ജലനിരപ്പ് 9 ശതമാനമായി താഴ്ന്നു. കഴിഞ്ഞ വര്‍ഷം 13 ശതമാനവും കഴിഞ്ഞ പത്തു വര്‍ഷം 17 ശതമാനവും കുറഞ്ഞു.

ഇതോടെ കനത്ത വരള്‍ച്ച നേരിടുന്ന മറാത്താവാഡ, വിദര്‍ഭ എന്നിവിടങ്ങളില്‍ മഴ സാധാരണഗതിയിലും താഴെയാണ്. എന്നിരുന്നാലും ഞായറാഴ്ചയോടെ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യതയുണ്ടെന്നും  അത് ഒഡീഷയിലും വടക്കുപടിഞ്ഞാറന്‍ ഇന്ത്യയുടെ മദ്ധ്യഭാഗങ്ങളിലും ജൂലൈ ആദ്യ വാരത്തോടെ ശക്തമായ മഴയായി മാറുമെന്നുമുള്ള സൂചനകള്‍ പുറത്തു വരുന്നുണ്ട്.