Asianet News MalayalamAsianet News Malayalam

ഇസ്രയേലുമായുള്ള 3477 കോടിയുടെ മിസൈല്‍ കരാര്‍ വേണ്ടെന്ന് വച്ച് ഇന്ത്യ

ഇസ്രയേല്‍ സര്‍ക്കാറിന്‍റെ നേരിട്ടുള്ള ഉടമസ്ഥതയിലുള്ള കമ്പനിയാണ് റാഫേല്‍ അഡ്വാന്‍സ്ഡ് ഡിഫന്‍സ് സിസ്റ്റംസ് ഇവരുമായുള്ള കരാറില്‍ നിന്നും പിന്‍മാറുന്നതായി ഔദ്യോഗികമായി ഇന്ത്യ ഇസ്രയേലിനെ അറിയിച്ചു കഴിഞ്ഞു. 

India scraps 500 mn arms deal with Isreal after DRDO promises to Make in India
Author
Israel, First Published Jun 24, 2019, 3:07 PM IST

ദില്ലി: ഇസ്രയേലുമായി ഒപ്പിട്ട 3477 കോടിയുടെ മിസൈല്‍ വാങ്ങാനുള്ള കരാറില്‍ നിന്നും ഇന്ത്യ പിന്‍വാങ്ങി. ഇസ്രയേലിലെ സർക്കാർ പ്രതിരോധ കമ്പനിയായ റാഫേലിൽ നിന്നും ടാങ്കുകളെ വേധിക്കുന്ന സ്പൈക്ക് മിസൈലുകള്‍ വാങ്ങുവാനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാല്‍ മിസൈലുകള്‍ കരാര്‍ തുകയില്‍ കുറഞ്ഞ വിലയില്‍ ഇന്ത്യയില്‍ തന്നെ നിര്‍മ്മിക്കാം എന്ന് വ്യക്തമാക്കിയതോടെയാണ് ഇസ്രയേലുമായ കരാര്‍ അവസാനിപ്പിക്കാന്‍ തീരുമാനിച്ചത് എന്നാണ് വിവരം. ഇതോടെ ഇന്ത്യന്‍ സേനയ്ക്കായി  ഡിആർഡിഒ രണ്ട് വര്‍ഷത്തിനുള്ളില്‍  ടാങ്ക് വേധ മിസൈലുകള്‍ ലഭ്യമാക്കും.

ഇസ്രയേല്‍ സര്‍ക്കാറിന്‍റെ നേരിട്ടുള്ള ഉടമസ്ഥതയിലുള്ള കമ്പനിയാണ് റാഫേല്‍ അഡ്വാന്‍സ്ഡ് ഡിഫന്‍സ് സിസ്റ്റംസ് ഇവരുമായുള്ള കരാറില്‍ നിന്നും പിന്‍മാറുന്നതായി ഔദ്യോഗികമായി ഇന്ത്യ ഇസ്രയേലിനെ അറിയിച്ചു കഴിഞ്ഞു.  സ്പൈക് മിസൈലുകൾ പലപ്പോഴും പരാജയപ്പെട്ട ഒരു മിസൈലാണെന്ന വിമര്‍ശനം ഉയരുന്നതിനിടെയാണ് ഇന്ത്യയുടെ പിന്‍മാറ്റം. അതേ സമയം തദ്ദേശീയമായ പ്രതിരോധ ഉത്പാദനത്തെ പ്രോത്സാഹിപ്പിക്കാന്‍ കൂടിയാണ് നടപടി എന്നാണ് റിപ്പോര്‍ട്ട്. 

നേരത്തെ തന്നെ സ്പൈക്ക് മിസൈലുകള്‍ ഇന്ത്യന്‍ സേനയ്ക്ക് എത്രത്തോളം ഉപകാരപ്പെടും എന്നതില്‍ പ്രതിരോധ വൃത്തങ്ങള്‍ സംശയം പ്രകടിപ്പിച്ചിരുന്നു. ഉയര്‍ന്ന താപനിലയുള്ള ഇന്ത്യന്‍ അവസ്ഥയില്‍ സ്പൈക്ക് മിസൈലുകള്‍ ഫലിക്കുമോ എന്നതായിരുന്നു പ്രധാനമായും ഉയര്‍ന്ന സംശയം. കരാറിന്‍റെ ഭാഗമായി ഇന്‍ഫ്രാറെഡ് സംവിധാനം ഫലപ്രദമാണ് എന്ന് തെളിയിക്കുന്നതിനായി കൂടുതല്‍ പരീക്ഷണങ്ങള്‍ നടത്താന്‍ ഇന്ത്യ ഇസ്രയേലിനോട് ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ത്യയുടെ കരാറില്‍ നിന്നുള്ള പിന്‍മാറ്റം.

അതേ സമയം  കഴിഞ്ഞ സെപ്റ്റംബറില്‍ അഹമ്മദ് നഗര്‍ മേഖലയില്‍നിന്ന് ടാങ്ക് വേധ മിസൈല്‍ വിജയകരമായി പരീക്ഷിച്ചിച്ച് ഡിആര്‍ഡിഒ തങ്ങളുടെ കരുത്ത് വ്യക്തമാക്കിയതോടെ സൈന്യം ഇവര്‍ക്ക് കരാര്‍ നല്‍കാന്‍ തീരുമാനിച്ചുവെന്നാണ് റിപ്പോര്‍ട്ട്. 2021-ഓടെ ആയിരത്തോളം ടാങ്ക് വേധ മിസൈലുകള്‍ നിര്‍മിച്ചുനല്‍കി സൈന്യത്തിനു കൈമാറുമെന്നാണ് ഡിആര്‍ഡിഒയുടെ വാഗ്ദാനം. 
 

Follow Us:
Download App:
  • android
  • ios