ആക്സിയം 4 ദൗത്യത്തില്‍ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് യാത്ര തിരിച്ച ശുഭാംശു ശുക്ലയുടെ ആദ്യ പ്രതികരണം ശ്രദ്ധേയം

ഫ്ലോറിഡ: 'ഇത് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള എന്‍റെ യാത്രയുടെ തുടക്കമല്ല, ഇന്ത്യന്‍ ബഹിരാകാശ പദ്ധതികളുടെ ആരംഭമാണിത്'...ആക്‌സിയം 4 ദൗത്യത്തില്‍ ഐഎസ്എസിലേക്ക് തിരിച്ച ഇന്ത്യന്‍ വ്യോമസേന ഗ്രൂപ്പ് ക്യാപ്റ്റന്‍ ശുഭാംശു ശുക്ലയുടെ ആദ്യ പ്രതികരണം ഇതായിരുന്നു. ഇന്ത്യക്കാര്‍ക്കെല്ലാം അഭിമാനിക്കാവുന്ന അവിസ്‌മരണീയ യാത്ര എന്നും ആക്‌സിയം ദൗത്യത്തെ ശുഭാംശു ശുക്ല വിശേഷിപ്പിച്ചു.

‘നമസ്‌കാരം, എന്‍റെ പ്രിയപ്പെട്ടവരെ... എന്തൊരു അവിസ്‌മരണീയ യാത്രയാണിത്. 41 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം നാം (ഇന്ത്യ) ബഹിരാകാശത്ത് മടങ്ങിയെത്തിയിരിക്കുകയാണ്. ഭൂമിയെ സെക്കന്‍ഡില്‍ 7.5 കിലോമീറ്റര്‍ വേഗതയിലാണ് ഞങ്ങള്‍ വലംവെച്ചുകൊണ്ടിരിക്കുന്നത്. എന്‍റെ ഈ യാത്ര അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള യാത്രയുടെ തുടക്കമല്ല, ഇന്ത്യയുടെ ബഹിരാകാശ പദ്ധതികളുടെ ആരംഭമാണ്. നിങ്ങളെല്ലാവരും ഈ യാത്രയുടെ ഭാഗമാണ്. നിങ്ങളുടെ ഹൃദയം അഭിമാനം കൊണ്ട് തുടിക്കണം. നിങ്ങളെല്ലാവരും ആകാംക്ഷവാന്‍മാരാവണം. നമുക്കൊന്നിച്ച് ഇന്ത്യയുടെ ബഹിരാകാശ പദ്ധതികളെ മുന്നോട്ടുനയിക്കാം. ജയ്‌ഹിന്ദ്! ജയ്‌ ഭാരത്!’- എന്നുമാണ് ഡ്രാഗണ്‍ പേടകത്തില്‍ ബഹിരാകാശത്ത് എത്തിയ ശേഷം ശുഭാംശു ശുക്ലയുടെ ആദ്യ പ്രതികരണം.

ഏഴുവട്ടം മാറ്റിവച്ച ആക്സിയം 4 ദൗത്യം ഇന്ന് ഉച്ചയ്ക്ക് 12.01നാണ് വിക്ഷേപിച്ചത്. സ്വകാര്യ കമ്പനിയായ ആക്സിയം സ്പേസ്, നാസയും സ്പേസ് എക്‌സുമായി സഹകരിച്ചാണ് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് ദൗത്യം നടത്തുന്നത്. ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്‍ററിലുള്ള ലോഞ്ച് കോംപ്ലക്സ് 39എ-യില്‍ നിന്ന് ആക്സിയം 4 യാത്രികരെ വഹിച്ച് സ്പേസ് എക്‌സിന്‍റെ ഡ്രാഗണ്‍ പേടകം കരുത്തുറ്റ ഫാല്‍ക്കണ്‍ 9 റോക്കറ്റില്‍ കുതിച്ചുയര്‍ന്നു. ഇന്ത്യന്‍ വ്യോമസേന ഗ്രൂപ്പ് ക്യാപ്റ്റന്‍ ശുഭാംശു ശുക്ലയ്‌ക്ക് പുറമെ മുതിർന്ന അമേരിക്കൻ ആസ്ട്രനോട്ട് പെഗ്ഗി വിറ്റ്സൺ, പോളണ്ട് സ്വദേശി സ്ലാവോസ് ഉസ്നാൻസ്കി, ഹംഗറിയിൽ നിന്നുള്ള ടിബോർ കാപു എന്നിവരാണ് ആക്‌സിയം 4 ദൗത്യ സംഘത്തിലുള്ളത്. പെഗ്ഗിയാണ് ദൗത്യ കമാന്‍ഡര്‍. ദൗത്യം നയിക്കുന്ന മിഷന്‍ പൈലറ്റ് ശുഭാംശു ശുക്ലയാണ്.

രാകേഷ് ശര്‍മ്മയ്ക്ക് ശേഷം ബഹിരാകാശത്തെത്തുന്ന രണ്ടാമത്തെ ഇന്ത്യക്കാരന്‍ എന്ന നേട്ടം ഇതോടെ ശുഭാംശു ശുക്ല സ്വന്തമാക്കി. 1984ൽ റഷ്യയുടെ സോയൂസ് ബഹിരാകാശ പേടകത്തിൽ രാകേഷ് ശർമ്മ നടത്തിയ ഐതിഹാസിക ബഹിരാകാശ സന്ദര്‍ശനത്തിന് 41 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ശുഭാംശു ശുക്ലയുടെ യാത്ര. എന്നാല്‍ രാകേഷ് ശര്‍മ്മയുടെ യാത്ര അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കായിരുന്നില്ല. അതിനാല്‍, ഡ്രാഗണ്‍ പേടകം ഡോക്ക് ചെയ്യുന്നതോടെ ഐഎസ്എസിലെത്തുന്ന ആദ്യ ഇന്ത്യക്കാരന്‍ എന്ന നേട്ടം ശുഭാംശു ശുക്ലയുടെ പേരിലാകും. 28 മണിക്കൂര്‍ ഓട്ടം പൂര്‍ത്തിയാക്കി നാളെ വൈകിട്ട് ഇന്ത്യന്‍ സമയം നാലരയ്ക്ക് ഡ്രാഗണ്‍ പേടകം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ ഡോക്ക് ചെയ്യും.

Asianet News Live | Axiom-4 launch| Shubhanshu Shukla | Malayalam News Live | ഏഷ്യാനെറ്റ് ന്യൂസ്