Asianet News MalayalamAsianet News Malayalam

ഭൂമിയെ ലക്ഷ്യം വയ്ക്കുന്ന ബഹിരാകാശ വെല്ലുവിളികളെ നേരിടാന്‍ പുതിയ സംവിധാനം, വിക്ഷേപണം 2026-ല്‍

1908ല്‍ റഷ്യയിലെ സൈബീരിയന്‍ വനത്തിലെ തുങ്കുസ്‌ക നദിയില്‍ ശക്തമായ ഉല്‍ക്ക പതിച്ചതിനെത്തുടര്‍ന്നാണ് ഇത്തരം ബഹിരാകാശ ദൂരദര്‍ശിനികള്‍ക്ക് വേണ്ടി ശ്രമമാരംഭിച്ചത്. 

New space telescope could spot potentially hazardous asteroids heading for Earth
Author
NASA, First Published Jul 6, 2021, 4:38 PM IST

ഭൂമിയിലേക്ക് അപകടകരമായ രീതിയില്‍ കുതിക്കുന്ന ഉല്‍ക്കകളെയും ധൂമക്കേതുക്കളെയുംകുറിച്ച് മുന്നറിയിപ്പ് നല്‍കാന്‍ പുതിയ ബഹിരാകാശ ദൂരദര്‍ശിനി. നാസയുടെ എര്‍ത്ത് ഒബ്ജക്റ്റ് സര്‍വേയര്‍ ബഹിരാകാശ ദൂരദര്‍ശിനി അഥവാ എന്‍ഒഒ സര്‍വേയര്‍ ആണിത്. 20 അടി നീളമുള്ള (6 മീറ്റര്‍ നീളമുള്ള) ഇന്‍ഫ്രാറെഡ് ദൂരദര്‍ശിനി ഭൂമിയുടെ ഭ്രമണപഥത്തിന്റെ 30 ദശലക്ഷം മൈലിനുള്ളില്‍ (48 ദശലക്ഷം കിലോമീറ്റര്‍) വരുന്ന ഛിന്നഗ്രഹങ്ങളെയും ധൂമകേതുക്കളെയും കണ്ടെത്താന്‍ ശാസ്ത്രജ്ഞരെ സഹായിക്കും. ഈ മിഷന്റെ വിക്ഷേപണം നിലവില്‍ 2026 ന്റെ ആദ്യ പകുതിയിലാണ് ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. നിര്‍മ്മാണം പുരോഗമിക്കുന്നു. വലിയ ഒപ്റ്റിക്‌സ് ഉള്ള ഇതിന് രാപകലന്യേ പ്രവര്‍ത്തിക്കാനുള്ള ശേഷിയുണ്ട്.

1908ല്‍ റഷ്യയിലെ സൈബീരിയന്‍ വനത്തിലെ തുങ്കുസ്‌ക നദിയില്‍ ശക്തമായ ഉല്‍ക്ക പതിച്ചതിനെത്തുടര്‍ന്നാണ് ഇത്തരം ബഹിരാകാശ ദൂരദര്‍ശിനികള്‍ക്ക് വേണ്ടി ശ്രമമാരംഭിച്ചത്. 770 ചതുരശ്ര മൈല്‍ വിസ്തൃതിയുള്ള വനമാണ് അന്നു നശിച്ചത്. ഇതിന്റെ ആഘാതം 40 മൈല്‍ അകലെയുള്ള പട്ടണത്തിലെ വരെയാളുകളെ അന്നു ബാധിച്ചതായി റിപ്പോര്‍ട്ടുണ്ട്. ഇത്തരത്തില്‍ ഗുരുതരമായ ദോഷമുണ്ടാക്കാന്‍ സാധ്യതയുള്ള, ഭൂമിക്ക് സമീപമുള്ള വസ്തുക്കളുടെ ഭീഷണി കണ്ടെത്തുകയാണ് പുതിയ ദൂരദര്‍ശനിയുടെ ലക്ഷ്യം. 

1000 മീറ്ററില്‍ (3,280 അടി) വലുപ്പമുള്ള 90% ഭൂമിക്കു സമീപമുള്ള വസ്തുക്കളെ കണ്ടെത്താനുള്ള ലക്ഷ്യം 2010 ല്‍ നാസ പൂര്‍ത്തിയാക്കി. 140 മീറ്ററില്‍ (459 അടി) വലുപ്പമുള്ള 90 ശതമാനം ബഹിരാകാശ വസ്തുക്കളെ കണ്ടെത്താന്‍ 2005 ലെ നാഷണല്‍ എയറോനോട്ടിക്‌സ് ആന്‍ഡ് സ്‌പേസ് അഡ്മിനിസ്‌ട്രേഷന്‍ ഏജന്‍സിയെ ചുമതലപ്പെടുത്തിയിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ ഇന്നുവരെ, നാസ ഈ പരിധിക്കുള്ളില്‍ 40% വസ്തുക്കള്‍ കണ്ടെത്തി. ഈ ദൂരദര്‍ശിനികള്‍ക്ക് രാത്രി മാത്രമേ ആകാശത്ത് തിരയാന്‍ കഴിയൂ. രാവും പകലും നിരീക്ഷണങ്ങള്‍ തുടരാന്‍ പുതിയ എന്‍ഇഒ സര്‍വേയര്‍ അനുവദിക്കും, പ്രത്യേകിച്ചും അപകടമുണ്ടാക്കുന്ന ഉല്‍ക്കകളെ കണ്ടെത്താവുന്ന പ്രദേശങ്ങളെ ഇത് കൂടുതലായി ലക്ഷ്യം വയ്ക്കുന്നു.

2013 ല്‍ റഷ്യയിലെ ചെല്യാബിന്‍സ്‌കിന് മുകളിലൂടെ ഒരു ഉല്‍ക്ക ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് പ്രവേശിച്ചിരുന്നു. അത് വായുവില്‍ പൊട്ടിത്തെറിക്കുകയും ആദ്യത്തെ ആറ്റോമിക് ബോംബുകളേക്കാള്‍ 20 മുതല്‍ 30 മടങ്ങ് കൂടുതല്‍ ഊര്‍ജ്ജം പുറപ്പെടുവിച്ചു. സൂര്യനെക്കാള്‍ കൂടുതല്‍ തെളിച്ചം സൃഷ്ടിച്ച ഇത് വലിയ ചൂട് പുറന്തള്ളുകയും 7,000 ത്തിലധികം കെട്ടിടങ്ങള്‍ക്ക് കേടുപാടുകള്‍ വരുത്തുകയും ചെയ്തു. അന്ന് ആയിരത്തിലധികം ആളുകള്‍ക്ക് പരിക്കേറ്റിരുന്നു. ഷോക്ക് തരംഗം 58 മൈല്‍ അകലെയുള്ള വിന്‍ഡോകള്‍ വരെ തകര്‍ത്തു. സൂര്യന്റെ അതേ ദിശയില്‍ നിന്നും പാതയില്‍ നിന്നും വന്നതിനാല്‍ ഇത് നേരത്തെ കണ്ടെത്താനായില്ല. പുതിയ ബഹിരാകാശ ദൂരദര്‍ശിനി ഇതിനൊക്കെയും പരിഹാരമാകും.
 

Follow Us:
Download App:
  • android
  • ios