സാള്‍ട്ട് ലേക്ക് സിറ്റി: മുതലകള്‍ സസ്യഭുക്കുകളാണോ? അല്ലെന്ന് മറുപടി നല്‍കാന്‍ നിമിഷ നേരം മതി. മനുഷ്യരേയും മൃഗങ്ങളേയും കടിച്ച് കീറുന്ന മുതലകളെക്കുറിച്ചുള്ള വാര്‍ത്തകള്‍ പലപ്പോഴും കാണാറുള്ളതാണ്. എന്നാല്‍ ആറോളം ഇനത്തില്‍പ്പെടുന്ന മുതലകള്‍ സസ്യഭുക്കുകളെന്നാണ് ഫോസില്‍ പഠനങ്ങള്‍ വ്യക്തമാക്കുന്നത്. എന്നാല്‍ ഇവയെല്ലാം തന്നെ ഇതിനോടകം വംശനാശം നേരിട്ടുവെന്നും അമേരിക്കയിലെ യൂട്ടാ യൂണിവേഴ്സിറ്റിയിലെ ഫോസില്‍ പഠനങ്ങള്‍ തെളിയിക്കുന്നു.

വംശനാശം സംഭവിച്ച ചില ചീങ്കണ്ണി ഇനങ്ങളും ഇത്തരത്തില്‍ സസ്യഭുക്കുകളാണെന്നാണ് കണ്ടെത്തല്‍. ഇലകളും ചെടികളും ഭക്ഷിക്കുന്നതിന് ആവശ്യമായ രീതിയില്‍ ഇവയുടെ പല്ലുകള്‍ ക്രമീകൃതമായിരുന്നുവെന്നാണ് ഫോസില്‍ പഠനങ്ങള്‍ വ്യക്തമാക്കുന്നത്. ഇവയെല്ലാം തന്നെ വെള്ളത്തിലും കരയിലുമായി ജീവിക്കുന്നവയായിരുന്നെന്നും പഠനം കണ്ടെത്തി. 

മാംസഭോജികളായ മുതലകളുടെ ദന്തഘടന വളരെ ലഘുവാണ്. മാംസം കടിച്ച് കീറി തിന്നാന്‍ സഹായിക്കുക മാത്രമാണ് ഇവയുടെ ദൗത്യം. എന്നാല്‍ സസ്യഭോജികളായ മുതലകളുടെ ദന്തഘടന സങ്കീര്‍ണമാണ്. യുട്ടയിലെ നാച്ചുറല്‍ ഹിസ്റ്ററി മ്യൂസിയത്തിന്‍റെ സഹായത്തോടെയാണ് ഗവേഷണം നടന്നത്.

ഓരോ ഇനം മുതലകളിലും ഈ ദന്തഘടനകള്‍ വേറിട്ടതാണെന്നാണ് ഗവേഷകര്‍ വ്യക്തമാക്കുന്നത്. നിലവിലുള്ള ഇനങ്ങളില്‍ നിന്ന് ഏറെ വ്യത്യസ്തമാണ് ഈ ദന്തഘടനയെന്നും ഗവേഷകര്‍ വ്യക്തമാക്കുന്നു. ഫോസിലുകളില്‍ നിന്ന് ഇത്തരം മുതലകളുടെ രൂപം നിര്‍മിച്ചെടുക്കാനും ഗവേഷകര്‍ക്ക് സാധിച്ചിട്ടുണ്ട്. 

തുടക്കത്തില്‍ പരിണാമം സംഭവിച്ച ജീവി വിഭാഗങ്ങളില്‍ ഉള്‍പ്പെടുന്നതാണ് മുതലകളും. ദിനോസറുകള്‍ക്ക് വംശനാശം സംഭവിച്ചുവെന്ന് കരുതപ്പെടുന്ന കാലത്തും സസ്യഭുക്കുകളായ മുതലകളുണ്ടായിരുന്നുവെന്നാണ് ഗവേഷകര്‍ വിശദമാക്കുന്നത്. പരിണാമം സംഭവിച്ചതിന്‍റെ ഫലമായി ഇതില്‍ തന്നെ മാംസഭുക്കുകള്‍ ആയ മുതലകള്‍ ഉണ്ടെന്നാണ് ഗവേഷകര്‍ നിരീക്ഷിക്കുന്നത്. കറന്‍റ് ബയോളജിയെന്ന ജേണലിലാണ് മുതലകളില്‍ ഇത്തരത്തില്‍ സംഭവിച്ച പരിണാമത്തെക്കുറിച്ച് വിശദീകരിക്കുന്നത്.