സ്റ്റാര്‍ഷിപ്പിന്‍റെ ഏഴ്, എട്ട് വിക്ഷേപണ പരീക്ഷണങ്ങള്‍ പരാജയമായിരുന്നു, കഴിഞ്ഞ രണ്ടുവട്ടവും പൊട്ടിത്തെറി സംഭവിച്ചതിനാല്‍ ഇക്കുറി ശക്തമായ സുരക്ഷാ സംവിധാനങ്ങളാണ് ഒരുക്കിയിരിക്കുന്നത് 

ടെക്സസ്: മനുഷ്യ ചരിത്രത്തിലെ ഏറ്റവും വലുതും കരുത്തുറ്റതും ഭാരമേറിയതും ഭാരം വഹിക്കുന്നതുമായ സ്റ്റാര്‍ഷിപ്പ് മെഗാ റോക്കറ്റിന്‍റെ ഒമ്പതാം പരീക്ഷണ വിക്ഷേപണം നാളെ. മെയ് 28ന് പുലര്‍ച്ചെ ഇന്ത്യന്‍ സമയം രാവിലെ അഞ്ച് മണിക്ക് സൗത്ത് ടെക്‌സസിലെ ബോക്കാ ചിക്കയിലുള്ള സ്റ്റാര്‍ബേസില്‍ നിന്നാണ് സ്റ്റാര്‍ഷിപ്പ് വിക്ഷേപിക്കുക. സ്റ്റാര്‍ഷിപ്പിന്‍റെ ഏഴ്, എട്ട് വിക്ഷേപണ പരീക്ഷണങ്ങള്‍ പരാജയമായിരുന്നു എന്നതിനാല്‍ ഇലോണ്‍ മസ്‌കിന്‍റെ സ്പേസ് എക്സിനെ സംബന്ധിച്ച് അഭിമാന ദൗത്യമാണ് നാളത്തേത്. വിക്ഷേപണത്തിന് 30 മിനിറ്റ് മുമ്പ് ലൈവ്‌സ്ട്രീമിംഗ് ആരംഭിക്കും. സ്പേസ് എക്സിന്‍റെ വെബ്‌സൈറ്റും എക്‌സ്, യൂട്യൂബ് അക്കൗണ്ടുകളും വഴി സ്റ്റാര്‍ഷിപ്പ് ഒന്‍പതാം പരീക്ഷണ വിക്ഷേപണം തത്സമയം കാണാം. 

ലോകത്തെ ഏറ്റവും ധനികനായ ഇലോണ്‍ മസ്‌കിന്‍റെ ബഹിരാകാശ വിക്ഷേപണ കമ്പനിയായ സ്പേസ് എക്സാണ് സ്റ്റാര്‍ഷിപ്പിന്‍റെ നിര്‍മ്മാതാക്കള്‍. 123 മീറ്റര്‍ ഉയരമുള്ള ഈ പടുകൂറ്റന്‍ റോക്കറ്റ് ചന്ദ്രനിലേക്കും ചൊവ്വയിലേക്കുമുള്ള ഗ്രഹാന്തര യാത്രകള്‍ ലക്ഷ്യമിട്ടാണ് സ്പേസ് എക്സ് തയ്യാറാക്കുന്നത്. ബൂസ്റ്റര്‍, സ്പേസ്‌ക്രാഫ്റ്റ് എന്നിങ്ങനെ രണ്ട് ഭാഗങ്ങളാണ് ഈ വിക്ഷേപണ വാഹനത്തിനുള്ളത്. സൂപ്പര്‍ ഹെവി ബൂസ്റ്ററിന് മാത്രം 71 മീറ്ററാണ് ഉയരം. 33 റാപ്റ്റര്‍ എഞ്ചിനുകളാണ് ബൂസ്റ്ററിന്‍റെ കരുത്ത്. ഈ കൂറ്റന്‍ ബൂസ്റ്ററിനെ വിക്ഷേപണത്തിന് ശേഷം 'മെക്കാസില്ല' എന്ന ഭീമന്‍ യന്ത്രക്കൈയിലേക്ക് തിരികെ വിജയകരമായി ലാന്‍ഡ് ചെയ്യിക്കാന്‍ സ്പേസ് എക്സിന് ഇതിനകമായിട്ടുണ്ട്. എന്നാല്‍ മുകളിലെ സ്പേസ്‌ക്രാഫ്റ്റ് ഭാഗത്തിന്‍റെ ദൗത്യം വിജയമായില്ല. 52 മീറ്ററാണ് സ്പേസ്‌ക്രാഫ്റ്റിന്‍റെ ഉയരം. ഈ രണ്ട് ഭാഗങ്ങളും വിക്ഷേപണത്തിന് ശേഷം പുനരുപയോഗിക്കാനാവുന്ന തരത്തിലാണ് സ്പേസ് എക്സ് ഡിസൈന്‍ ചെയ്യുന്നത്.

സ്റ്റാര്‍ഷിപ്പിന്‍റെ ഏഴ്, എട്ട് വിക്ഷേപണ പരീക്ഷണങ്ങള്‍ പരാജയമായിരുന്നു. അതിനാല്‍ റോക്കറ്റില്‍ ഏറെ മാറ്റങ്ങള്‍ വരുത്തിയാണ് 9-ാം പരീക്ഷണ വിക്ഷേപണത്തിന് സ്പേസ് തയ്യാറെടുക്കുന്നത്. ഇതിന് മുമ്പ് ഭൂമിയിലെ കൂറ്റന്‍ യന്ത്രക്കൈയിലേക്ക് വിജയകരമായി ലാന്‍ഡ് ചെയ്യിച്ച സൂപ്പര്‍ ഹെവി ബൂസ്റ്ററുകളില്‍ ഒന്നാവും ഒമ്പതാം പരീക്ഷണത്തിന് സ്പേസ് എക്സ് ഉപയോഗിക്കുക. ഇതാദ്യമായാണ് റോക്കറ്റിന്‍റെ താഴ്‌ഭാഗമായ ബൂസ്റ്റര്‍ ഘട്ടം സ്പേസ് എക്സ് പുനരുപയോഗിക്കുന്നത്. ഇതിന്‍റെ 33 റാപ്റ്ററുകളില്‍ 29 എണ്ണവും നാളത്തെ വിക്ഷേപണത്തില്‍ പുനരുപയോഗിക്കുമെന്ന് സ്പേസ് എക്സ് വ്യക്തമാക്കി. വിക്ഷേപണത്തിന് ശേഷം ബൂസ്റ്റര്‍ ഭാഗം ലോഞ്ച് പാഡില്‍ തന്നെയുള്ള മെക്കാസില്ലയിലേക്ക് തിരികെ വരുന്നതിന് പകരം ഇത്തവണ കടലില്‍ ലാന്‍ഡ് ചെയ്യിക്കാനാണ് സ്പേസ് എക്സിന്‍റെ ആലോചന. അതേസമയം റോക്കറ്റിന്‍റെ മുകള്‍ ഭാഗമായ സ്പേസ്‌ക്രാഫ്റ്റ്, ഡമ്മി സ്റ്റാര്‍ലിങ്ക് സാറ്റ്‌ലൈറ്റുകള്‍ ഭ്രമണപഥത്തില്‍ വിന്യസിക്കാന്‍ ശ്രമിക്കും. കഴിഞ്ഞ രണ്ട് പരീക്ഷണ സമയത്തും കൃത്രിമ ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കും മുമ്പ് സ്പേസ്‌ക്രാഫ്റ്റ് അഗ്നിഗോളമാവുകയായിരുന്നു. 

2025 ജനുവരിയില്‍ നടന്ന ഏഴാം സ്റ്റാര്‍ഷിപ്പ് വിക്ഷേപണ പരീക്ഷണവും മാര്‍ച്ച് ആറിനെ എട്ടാം പരീക്ഷണവും സ്പേസ് എക്‌സിന് വിജയിപ്പിക്കാനായില്ല എന്നതിനാല്‍ കൂടുതല്‍ ജാഗ്രതയോടെയാണ് 9-ാം വിക്ഷേപണത്തിന് യുഎസ് ഫെഡറല്‍ ഏവിയേഷന്‍ അഡ്‌മിനിസ്ട്രേഷന്‍ (എഫ്‌എ‌എ) അനുമതി നല്‍കിയിരിക്കുന്നത്. മാര്‍ച്ച് ആറിന് നടന്ന എട്ടാം പരീക്ഷണത്തില്‍ സ്റ്റാര്‍ഷിപ്പ് അഗ്നിഗോളമായതോടെ സമീപത്തെ നാല് വിമാനത്താവളങ്ങളുടെ പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിവച്ചിരുന്നു. 240 വിമാന സര്‍വീസുകള്‍ തടസ്സപ്പെട്ടപ്പോള്‍ രണ്ട് ഡസനിലധികം വിമാനങ്ങള്‍ വഴിതിരിച്ച് വിടേണ്ടിയും വന്നു. മാത്രമല്ല, സ്റ്റാര്‍ഷിപ്പിന്‍റെ അവശിഷ്ടങ്ങള്‍ ബഹാമാസ്, ടർക്സ്-കൈകോസ് ദ്വീപുകള്‍ക്കും മുകളില്‍ പ്രത്യക്ഷപ്പെട്ടത് വലിയ ഭീതി പരത്തുകയും ചെയ്തു. ഈ സങ്കീര്‍ണതകള്‍ ഒഴിവാക്കാന്‍ ഇത്തവണ വ്യോമഗതാഗതം കുറവുള്ള സമയത്താണ് സ്റ്റാര്‍ഷിപ്പ് 9-ാം ഫ്ലൈറ്റ് ടെസ്റ്റ് നടത്തുന്നത്. സ്റ്റാര്‍ഷിപ്പ് ഫ്ലൈറ്റ് എട്ടിന് 885 നോട്ടിക്കല്‍ മൈലായിരുന്നു എയര്‍ക്രാഫ്റ്റ് ഹസാര്‍ഡ് സോണ്‍ (AHA) എങ്കില്‍ ഒമ്പതാം പരീക്ഷണ വിക്ഷേപണത്തിന് 1,600 നോട്ടിക്കല്‍ മൈലാക്കി വര്‍ധിപ്പിക്കുകയും ചെയ്തിട്ടുണ്ട്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം