ഇലോണ്‍ മസ്‌കിന്‍റെ സ്പേസ് എക്‌സ് കമ്പനി സ്റ്റാര്‍ഷിപ്പ് മെഗാ റോക്കറ്റിന്‍റെ 11-ാം പരീക്ഷണ വിക്ഷേപണം ഒക്‌ടോബര്‍ 14ന് ഇന്ത്യന്‍ സമയം പുലര്‍ച്ചെ 4.45ന് നടത്തും. ആകാംക്ഷയോടെ ശാസ്‌ത്ര ലോകം. 

ടെക്‌സസ്: സ്‌പേസ് എക്‌സിന്‍റെ ഗ്രഹാന്തര റോക്കറ്റായ സ്റ്റാര്‍ഷിപ്പിന്‍റെ പതിനൊന്നാം പരീക്ഷണ വിക്ഷേപണം മറ്റന്നാള്‍ പുലര്‍ച്ചെ നടക്കും. ഒക്‌ടോബര്‍ 14ന് ഇന്ത്യന്‍ സമയം പുലര്‍ച്ചെ 4.45ന് സ്റ്റാര്‍ഷിപ്പ് പരീക്ഷണം ദക്ഷിണ ടെക്‌സസിലെ ബൊക്കാ ചിക്കയിലുള്ള സ്റ്റാര്‍ബേസില്‍ നടക്കുമെന്നാണ് അറിയിപ്പ്. ഓര്‍ബിറ്റല്‍ ലോഞ്ചും പൂര്‍ണമായ വെഹിക്കിള്‍ റിക്കവറിയും അടക്കം സ്‌പേസ് എക്‌സിന് നിര്‍ണായകമാണ് 11-ാം സ്റ്റാര്‍ഷിപ്പ് ഫ്ലൈറ്റ് ടെസ്റ്റ്. ചന്ദ്രനിലേക്കും ചൊവ്വയിലേക്കും ഭാവിയില്‍ മനുഷ്യരെ അയക്കാന്‍ ലക്ഷ്യമിട്ട് ശതകോടീശ്വരന്‍ ഇലോണ്‍ മസ്‌കിന്‍റെ സ്പേസ് എക്‌സ് കമ്പനി തയ്യാറാക്കുന്ന, മനുഷ്യ ചരിത്രത്തിലെ ഏറ്റവും വലുതും ഭാരമേറിയതും കരുത്തേറിയതുമായ ബഹിരാകാശ വിക്ഷേപണ വാഹനമാണ് സ്റ്റാര്‍ഷിപ്പ്. 2025-ലെ അഞ്ചാമത്തെ സ്റ്റാര്‍ഷിപ്പ് പരീക്ഷണത്തിനാണ് സ്‌പേസ് എക്‌സ് ഒരുങ്ങുന്നത്.

വിജയിച്ച സ്റ്റാര്‍ഷിപ്പ് പത്താം പരീക്ഷണം

ഹാട്രിക് തിരിച്ചടികള്‍ക്ക് ശേഷം സ്റ്റാര്‍ഷിപ്പ് ഗ്രഹാന്തര റോക്കറ്റിന്‍റെ 10-ാം പരീക്ഷണം ഇലോണ്‍ മസ്‌കിന്‍റെ സ്പേസ് എക്‌സ് കമ്പനി ഇക്കഴിഞ്ഞ ഓഗസ്റ്റ് 27ന് വിജയമാക്കിയിരുന്നു. വിക്ഷേപണത്തിന് മിനിറ്റുകള്‍ക്ക് ശേഷം റോക്കറ്റിന്‍റെ സൂപ്പര്‍ ഹെവി ബൂസ്റ്റര്‍ ഗള്‍ഫ് ഓഫ് മെക്‌സിക്കോയില്‍ വിജയകരമായി ലാന്‍ഡ് ചെയ്‌തപ്പോള്‍, റോക്കറ്റിന്‍റെ മുകള്‍ഭാഗം വിജയകരമായി കുതിച്ച് എട്ട് സ്റ്റാര്‍ലിങ്ക് ഡമ്മി സാറ്റ്‌ലൈറ്റുകള്‍ ആദ്യമായി വിക്ഷേപിച്ചു. ഇതിന് ശേഷം തിരികെ ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് കടന്ന ഈ മുകള്‍ഭാഗം ഇന്ത്യന്‍ മഹാസമുദ്രത്തില്‍ വിജയകരമായി സ്‌പ്ലാഷ്‌ഡൗണ്‍ ചെയ്യുകയും ചെയ്‌തു. ഹെവി ബൂസ്റ്റര്‍ ഭാഗത്തെ യന്ത്രക്കൈ വായുവില്‍ വച്ച് മുമ്പ് പിടികൂടിയത് മാറ്റിനിര്‍ത്തിയാല്‍ സ്റ്റാര്‍ഷിപ്പിന്‍റെ പരീക്ഷണ ചരിത്രത്തിലെ ഏറ്റവും വലിയ വിജയമായിരുന്നു ഇത്.

മനുഷ്യ ചരിത്രത്തിന്‍റെ വലുപ്പം പറയുന്ന സ്റ്റാര്‍ഷിപ്പ്

വിജയിച്ചാല്‍ സ്പേസ് എക്‌സിന്‍റെ എഞ്ചിനീയറിംഗ് വിസ്‌മയമാണ് സ്റ്റാര്‍ഷിപ്പ് എന്ന ബഹിരാകാശ വിക്ഷേപണ വാഹനം. 121 മീറ്ററാണ് സ്റ്റാര്‍ഷിപ്പ് മെഗാ റോക്കറ്റിന്‍റെ ആകെ ഉയരം. താഴെ സൂപ്പർ ഹെവി ബൂസ്റ്റര്‍, മുകളില്‍ സ്റ്റാര്‍ഷിപ്പ് സ്പേസ്‌ക്രാഫ്റ്റ് (ഷിപ്പ്) എന്നീ രണ്ട് ഭാഗങ്ങളാണ് ഈ ഭീമാകാരന്‍ റോക്കറ്റിനുള്ളത്. സൂപ്പര്‍ ഹെവി ബൂസ്റ്ററിന് മാത്രം 71 മീറ്ററാണ് ഉയരം. 33 റാപ്റ്റര്‍ എഞ്ചിനുകളാണ് സൂപ്പര്‍ ഹെവി ബൂസ്റ്ററിന്‍റെ കരുത്ത്. സൂപ്പർ ഹെവി ബൂസ്റ്ററിന് വലിയ പേലോഡുകൾ ബഹിരാകാശത്തേക്ക് ഉയർത്താൻ കഴിയും. 52 മീറ്ററാണ് ഏറ്റവും മുകളിലെ ഷിപ്പ് ഭാഗത്തിന്‍റെ ഉയരം. ഈ ബൂസ്റ്റര്‍, ഷിപ്പ് ഭാഗങ്ങള്‍ പൂര്‍ണമായും പുനരുപയോഗിക്കാന്‍ കഴിയുന്ന സ്റ്റാര്‍ഷിപ്പ് റോക്കറ്റ്, ചൊവ്വയിലേക്കും ചന്ദ്രനിലേക്കുമുള്ള യാത്രകള്‍ മനസില്‍ കണ്ടാണ് സ്പേസ് എക്‌സ് തയ്യാറാക്കുന്നത്. ചൊവ്വാ യാത്രയാണ് സ്റ്റാര്‍ഷിപ്പിന്‍റെ പ്രധാന ലക്ഷ്യം.

Asianet News Live | Malayalam News Live | Kerala News | Breaking News Live | ഏഷ്യാനെറ്റ് ന്യൂസ്