ന്യൂയോര്‍ക്ക്; ഇതുപോലൊരു സ്‌ഫോടനം തങ്ങള്‍ ഇതിനു മുന്‍പ് കണ്ടിട്ടില്ലെന്നു ബഹിരാകാശ ശാസ്ത്രജ്ഞര്‍ പറയുന്നു. വ്യാഴത്തിന്റെ ഉപഗ്രഹമായ അയോയിലാണ് സംഭവം. ചന്ദ്രനേക്കാള്‍ അല്പം വലുതാണ് അയോ. കൃത്യമായി പറഞ്ഞാല്‍, വ്യാഴത്തിന്റെ ഉപഗ്രഹങ്ങളില്‍ മൂന്നാമത്തെ വലിയവന്‍. ഗ്രഹത്തില്‍ നിന്ന് അകലെയുള്ള അഞ്ചാമന്‍. അയോയുടെ ഭ്രമണപഥം വ്യാഴത്തില്‍ നിന്ന് 422,000 കിലോമീറ്റര്‍ (262,000 മൈല്‍) അകലെയാണ്. 1979 ല്‍ നാസയുടെ വോയേജര്‍ ബഹിരാകാശ പേടകമാണ് അയോയുടെ അഗ്‌നിപര്‍വ്വതങ്ങള്‍ കണ്ടെത്തിയത്.

വ്യാഴത്തെക്കുറിച്ച് പഠിക്കാന്‍ നാസ വിക്ഷേപിച്ച പേടകമായ ജൂനോയാണ് ഈ അസാധാരണ ദൃശ്യങ്ങള്‍ കണ്ടെത്തിയത്. 2011 ഓഗസ്റ്റ് അഞ്ചിനാണ് വ്യാഴത്തിന്റെ രഹസ്യങ്ങള്‍ തേടി ജൂനോ യാത്ര തിരിക്കുന്നത്. വ്യാഴത്തിന്റെ ഭ്രമണപഥത്തില്‍ 2016 ജൂലൈ നാലിന് കടന്ന ജൂനോ ഇവിടെ നിന്നു നിരവധി ചിത്രങ്ങള്‍ നാസയിലേക്ക് അയച്ചിട്ടുണ്ട്. ഇക്കഴിഞ്ഞ ഡിസംബര്‍ 21 ന്, ശൈത്യകാലാവസ്ഥയില്‍, ജുനോയുടെ നാല് ക്യാമറകള്‍ ഉപയോഗിച്ചാണ് അയോയിലെ അഗ്നിപര്‍വ്വത സ്‌ഫോടനം പകര്‍ത്തിയത്. സൗരയൂഥത്തിലെ ഏറ്റവും വലിയ അഗ്‌നിപര്‍വ്വതമാണേ്രത ഇത്. അയോയുടെ 300,000 കിലോമീറ്റര്‍ അകലെ നിന്നാണ് ജൂനോ ഈ ചിത്രങ്ങള്‍ ഫ്‌ലൈബൈയില്‍ പകര്‍ത്തിയത്.

ഈ സ്‌ഫോടനദൃശ്യങ്ങള്‍ തങ്ങളെ സ്തബ്ധരാക്കിയെന്നാണ് ഗവേഷകര്‍ പറയുന്നത്. 'അയോയുടെ ധ്രുവ പ്രദേശം കാണുന്നതിന് ഞങ്ങള്‍ ഒരു മള്‍ട്ടിസ്‌പെക്ട്രല്‍ കാമ്പെയ്ന്‍ ഉപയോഗിക്കുകയായിരുന്നു. എന്നാല്‍, അയോയുടെ ഉപരിതലത്തില്‍ നിന്ന് സജീവമായ ഒരു അഗ്‌നിപര്‍വ്വത സ്‌ഫോടനം കാണാനാകുമെന്ന് ഞങ്ങള്‍ ആരും പ്രതീക്ഷിച്ചിരുന്നില്ല,' പ്രിന്‍സിപ്പല്‍ ഇന്‍വെസ്റ്റിഗേറ്റര്‍ സ്‌കോട്ട് ബോള്‍ട്ടണ്‍ പറഞ്ഞു. ജൂനോ മിഷനും സൗത്ത് വെസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടിന്റെ സ്‌പേസ് സയന്‍സ് ആന്‍ഡ് എഞ്ചിനീയറിംഗ് ഡിവിഷന്റെ അസോസിയേറ്റ് വൈസ് പ്രസിഡന്റുമാണ് സ്‌കോട്ട് ബോള്‍ട്ടണ്‍.

1979 ല്‍ നാസയുടെ വോയേജര്‍ ബഹിരാകാശ പേടകമാണ് അയോയുടെ അഗ്‌നിപര്‍വ്വതങ്ങള്‍ കണ്ടെത്തിയത്. വ്യാഴവുമായുള്ള അയോയുടെ ഗുരുത്വാകര്‍ഷണ പ്രതിപ്രവര്‍ത്തനമാണ് അഗ്‌നിപര്‍വ്വതങ്ങളെ നയിക്കുന്നത്. ഇത് കുട പോലുള്ള സള്‍ഫര്‍ ഡയോക്‌സൈഡ് വാതകങ്ങള്‍ പുറപ്പെടുവിക്കുകയും വിപുലമായ ബസാള്‍ട്ടിക് ലാവ ഫീല്‍ഡുകള്‍ ഉത്പാദിപ്പിക്കുകയും ചെയ്യുന്നു. ഏറ്റവും പുതിയ ചിത്രങ്ങള്‍ വ്യാഴത്തിന്റെ അഞ്ച് ഉപഗ്രഹങ്ങളുമായുള്ള ഇടപെടലിനെക്കുറിച്ചുള്ള പുതിയ ഉള്‍ക്കാഴ്ചകളിലേക്ക് നയിച്ചേക്കാം, ഇത് അയോയുടെ അഗ്‌നിപര്‍വ്വത പ്രവര്‍ത്തനങ്ങള്‍ അല്ലെങ്കില്‍ ഗ്രഹണസമയത്തെ അന്തരീക്ഷം മരവിപ്പിക്കല്‍ പോലുള്ള നിഗൂഢ പ്രതിഭാസങ്ങള്‍ക്ക് കാരണമാകുന്നു.

അയോ വ്യാഴത്തിന്റെ നിഴലില്‍ മറയുന്നതിന് മുമ്പ് ഡിസംബര്‍ 21 ന് ലഭിച്ച മൂന്നു ചിത്രങ്ങള്‍ ഏകോപിപ്പിച്ചയാണ് ജുനോ ആദ്യ ചിത്രങ്ങള്‍ സ്വന്തമാക്കിയത്. പ്ലാനറ്ററി സയന്‍സ് ഇന്‍സ്റ്റിറ്റിയൂട്ട് നാസയ്ക്ക് വേണ്ടി വികസിപ്പിച്ച സ്‌റ്റെല്ലാര്‍ റഫറന്‍സ് യൂണിറ്റ്, ജോവിയന്‍ ഇന്‍ഫ്രാറെഡ് അറോറല്‍ മാപ്പര്‍, അള്‍ട്രാവയലറ്റ് ഇമേജിംഗ് സ്‌പെക്ട്രോഗ്രാഫ് എന്നിവ ഒരു മണിക്കൂറിലധികം അയോയെ നിരീക്ഷിച്ചു. ഇത് ഉപഗ്രഹത്തിന്റെ ധ്രുവപ്രദേശങ്ങളുടെ നേര്‍ക്കാഴ്ചയും സജീവമായ പൊട്ടിത്തെറിയുടെ തെളിവുകളും നല്‍കുന്നു. വ്യാഴത്തിന് പുറകിലുള്ള മുഴുഗ്രഹണത്തിന്റെ അന്ധകാരത്തിലേക്ക് അയോ കടന്നുപോയതിനുശേഷം, അടുത്തുള്ള മറ്റൊരു ഉപഗ്രഹത്തില്‍ നിന്ന് പ്രതിഫലിക്കുന്ന സൂര്യപ്രകാശം അയോയെ വീണ്ടും പ്രകാശിപ്പിക്കാന്‍ സഹായിച്ചു. യൂറോ എന്ന ഈ ഉപഗ്രഹത്തില്‍ നിന്നും ലഭിച്ച പ്രകാശമുപയോഗിച്ചായിരുന്നു പിന്നീട് ജൂനോ ചിത്രങ്ങള്‍ പകര്‍ത്തിയത്.

1610 ജനുവരി 8 ന് ഗലീലിയോ ഗലീലിയാണ് അയോ കണ്ടെത്തിയത്. ഭൂമി ഒഴികെയുള്ള ഒരു ഗ്രഹത്തിന് പരിക്രമണം ചെയ്യുന്ന ഒരു ഉപഗ്രഹത്തെ ആദ്യമായി കണ്ടെത്തിയത് ഇങ്ങനെയാണ്. വ്യാഴത്തിന്റെ ഏറ്റവും വലിയ ഉപഗ്രഹമായ ഗ്യാനിമീഡിന് മെര്‍ക്കുറിയേക്കാളും പ്ലൂട്ടോയേക്കാളും വലിപ്പമുണ്ട്. അതായത്, ഭൂമിയുടെ പകുതിയോളം വലിപ്പം. സൗരയുഥത്തിലെ ഏറ്റവും വലിയ ഉപഗ്രഹവും ഇതു തന്നെ, ഗ്യാനിമീഡ്, കലിസ്റ്റ, യൂറോപ്പാ എന്നീ ഉപഗ്രഹങ്ങള്‍ ഗലീലിയന്‍ ഉപഗ്രഹങ്ങളെന്നും വിളിക്കുന്നു. വ്യാഴത്തിന് അറിയപ്പെടുന്ന 67 ഉപഗ്രഹങ്ങളെങ്കിലും ഉണ്ട്. ഏറ്റവും വലിയ നാലെണ്ണം അയോ, യൂറോപ്പ, ഗാനിമീഡ്, കാലിസ്‌റ്റോ എന്നിവ. 3,260 മൈല്‍ വ്യാസമുള്ള സൗരയൂഥത്തിലെ ഏറ്റവും വലിയ ചന്ദ്രനാണ് ഗ്യാനിമീഡ്. അയോയ്ക്ക് ധാരാളം സജീവമായ അഗ്‌നിപര്‍വ്വതങ്ങളുണ്ട്, അത് സള്‍ഫറിനാല്‍ മൂടപ്പെട്ടിരിക്കുന്നു. കാലിസ്‌റ്റോയ്ക്ക് അതിമനോഹരമായ മഞ്ഞുപാളികളുള്ളതും പാറക്കെട്ടുള്ളതുമായ ഒരു സമുദ്രം ഉണ്ടെന്നാണ് അനുമാനം. തകര്‍ന്നതും മഞ്ഞുമൂടിയതുമായ ഉപരിതലത്തില്‍ പൊതിഞ്ഞ യൂറോപ്പയ്ക്ക് ദ്രാവക ജല സമുദ്രവും ഉണ്ടാകാം. മറ്റ് ഉപഗ്രഹങ്ങള്‍ ചെറുതും ക്രമരഹിതമായ ആകൃതിയിലുള്ളതുമാണ്. ഈ ചെറിയ ഉപഗ്രഹങ്ങളില്‍ ഭൂരിഭാഗവും വ്യാഴത്തിന്റെ ശക്തമായ ഗുരുത്വാകര്‍ഷണത്താല്‍ പിടിക്കപ്പെട്ട ഛിന്നഗ്രഹങ്ങളാണെന്ന് കരുതപ്പെടുന്നു.