Asianet News MalayalamAsianet News Malayalam

'മാണ്ഡ്യയുടെ മകള്‍' കോണ്‍ഗ്രസിനെ വെല്ലുവിളിക്കുമ്പോള്‍

 കോണ്‍ഗ്രസ് നേതൃത്വത്തെ വെല്ലുവിളിച്ചുള്ള സുമലതയുടെ സ്ഥാനാര്‍ത്ഥിത്വം മാത്രമല്ല കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യത്തിനെതിരായ മാണ്ഡ്യയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ നിലപാട് കൂടിയാണ് മാണ്ഡ്യയെ വ്യത്യസ്തമാക്കുന്നത്.
 

congress workers back sumalatha mandya constituency
Author
Bengaluru, First Published Mar 21, 2019, 1:53 PM IST

ബിജെപിയിലേക്കില്ല, കോണ്‍ഗ്രസിന്റെ സീറ്റും വേണ്ട ഒറ്റയ്ക്ക് പൊരുതാനാണ് എന്റെ തീരുമാനം. ദിവസങ്ങള്‍ക്ക് മുമ്പ് സ്വതന്ത്രസ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ച് സുമലത തന്റെ നിലപാട് വ്യക്തമാക്കിയതോടെയാണ് ദേശീയശ്രദ്ധയാകര്‍ഷിക്കുന്ന തെരഞ്ഞെടുപ്പ് കളമായി കര്‍ണാടകയിലെ മാണ്ഡ്യ ലോക്‌സഭാ മണ്ഡലം മാറിയത്. കോണ്‍ഗ്രസ് നേതൃത്വത്തെ വെല്ലുവിളിച്ചുള്ള സുമലതയുടെ സ്ഥാനാര്‍ത്ഥിത്വം മാത്രമല്ല കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യത്തിനെതിരായ മാണ്ഡ്യയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ നിലപാട് കൂടിയാണ് മാണ്ഡ്യയെ വ്യത്യസ്തമാക്കുന്നത്. പാര്‍ട്ടി നേതൃത്വം  എന്ത് നടപടി സ്വീകരിച്ചാലും കുഴപ്പമില്ല,തങ്ങള്‍ സുമലതയ്‌ക്കൊപ്പം തന്നെ എന്ന ഉറച്ച നിലപാടിലാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. 

സിനിമാതാരവും പാര്‍ലമെന്റ് അംഗവുമായിരുന്ന ഭര്‍ത്താവ് എം.എച്ച്.അംബരീഷിന്റെ മരണശേഷമാണ് സുമലത രാഷ്ട്രീയരംഗത്തേക്കെത്തുന്നത്. മാണ്ഡ്യയിലെ എംപിയായിരുന്നു അംബരീഷ്. അദ്ദേഹത്തിന്റെ പാരമ്പര്യം നിലനിര്‍ത്താനാണ് താന്‍ പൊതുരംഗത്തേക്കിറങ്ങുന്നതെന്ന് നിലപാട് സ്വീകരിച്ച സുമലതയെ മാണ്ഡ്യയിലെ ജനങ്ങള്‍ ഇരുകയ്യും നീട്ടി സ്വീകരിച്ചെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ തെളിയിക്കുന്നത്. നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാന്‍ കഴിഞ്ഞ ദിവസം വന്‍ജനപങ്കാളിത്തത്തോടെയാണ് സുമലത എത്തിയത്. റോഡ്‌ഷോയും റാലിയുമൊക്കെയായി പ്രതിഫലിച്ച ശക്തിപ്രകടനം കോണ്‍്ഗ്രസ്-ജനതാദള്‍ സഖ്യത്തെ ആശങ്കയിലാക്കാന്‍ മാത്രം പ്രാപ്തമായിരുന്നു.

മാണ്ഡ്യ സീറ്റ് ജെഡിഎസിന് നല്‍കിയതോടെയാണ് കോണ്‍ഗ്രസുമായി സുമലത തെറ്റിപ്പിരിഞ്ഞത്. കര്‍ണാടക മുഖ്യമന്ത്രി എച്ച്.ഡി.കുമാരസ്വാമിയുടെ മകന്‍ നിഖില്‍ കുമാരസ്വാമിയാണ് മാണ്ഡ്യയിലെ കോണ്‍ഗ്രസ്-ദള്‍ സ്ഥാനാര്‍ത്ഥി. സുമലതയുടെ സ്വതന്ത്രസ്ഥാനാര്‍ത്ഥിത്വത്തെപ്പറ്റി സൂചന ലഭിച്ചതോടെ അനുനയശ്രമങ്ങള്‍ക്കായി കോണ്‍ഗ്രസ് ശ്രമിച്ചിരുന്നു. മാണ്ഡ്യയ്ക്ക് പകരം മറ്റൊരു ബംഗളൂരു സൗത്തോ മൈസൂരോ സീറ്റ് നല്‍കാം എന്നതുമുതല്‍ സംസ്ഥാനമന്ത്രിസ്ഥാനം വരെ സുമലതയ്ക്ക് കോണ്‍ഗ്രസ് വാഗ്ദാനം ചെയ്‌തെന്നാണ് വിവരം. എന്നാല്‍, മാണ്ഡ്യയില്‍ കുറഞ്ഞതൊന്നും തനിക്ക് വേണ്ടെന്നും അവിടുത്തെ ജനങ്ങളുടെ പുരോഗതിയാണ് തന്റെ ലക്ഷ്യമെന്നും സുമലത ഉറച്ച നിലപാടെടുത്തു.


ബിജെപി നേതാവ് എസ്എംകൃഷ്ണയുമായി കൂടിക്കാഴ്ച്ച നടത്തിയത് സുമലത ബിജെപിക്കൊപ്പം ചേരുകയാണെന്ന അഭ്യൂഹങ്ങള്‍ക്കും കാരണമായിരുന്നു. ഇത് പിന്നീട് സുമലത നിഷേധിച്ചു. അതേസമയം,മാണ്ഡ്യയില്‍ ബിജെപിക്ക് സ്ഥാനാര്‍ത്ഥിയുണ്ടാകില്ലെന്നും സുമലതയെ പിന്തുണയ്ക്കാനാണ് പാര്‍ട്ടി ദേശീയനേതൃത്വത്തിന്റെ തീരുമാനമെന്നും സൂചനയുണ്ട്. എന്തായാലും മാണ്ഡ്യയില്‍ നിഖില്‍ കുമാരസ്വാമിയുടെ വിജയം എന്നത് അത്ര എളുപ്പമല്ലെന്ന് വ്യക്തമായിക്കഴിഞ്ഞു.

പ്രാദേശിക കോണ്‍ഗ്രസ് നേതൃത്വം സുമലതയ്‌ക്കൊപ്പമാണെന്ന് പരസ്യമായി പറഞ്ഞുകഴിഞ്ഞു. സുമലത മാണ്ഡ്യയുടെ മകളാണ് എന്ന അംബരീഷ് ആരാധകരുടെ പ്രസ്താവനയെ പിന്തുണച്ചുള്ള നിലപാടാണ് ഇവിടുത്തെ കോണ്‍ഗ്രസ് നേതാക്കള്‍ വ്യക്തമാക്കിയത്. മാണ്ഡ്യയിലെ സില്‍വര്‍ ജൂബിലി പാര്‍ക്കില്‍ സുമലതയുടെ പ്രചാരണ റാലിയില്‍ പങ്കെടുക്കാന്‍ മുതിര്‍ന്ന നേതാക്കളായ സച്ചിദാനന്ദ ഇന്ദുവാല, അനന്ത്കുമാര്‍ എന്നിവര്‍ എത്തിയിരുന്നു. ആത്മാഭിമാനമുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സുമലതയെ പിന്തുണയ്ക്കും എന്നാണ് ഈ നേതാക്കള്‍ പറഞ്ഞത്.

ഇരുപത് വര്‍ഷത്തിലധികമായി കോണ്‍ഗ്രസും ജനതാദളും ബദ്ധവൈരികളായി കഴിയുന്ന പ്രദേശമാണ് മാണ്ഡ്യ. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്-ദള്‍ സഖ്യം വന്നതും നിഖിലിന് സീറ്റ് നല്കിയതും ഇവിടുത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ചൊടിപ്പിച്ചിട്ടുണ്ട്. പ്രദേശത്തെ കര്‍ഷക, സമുദായ സംഘടനകളും സുമലതയ്ക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. 

കന്നഡ സിനിമാ മേഖലയില്‍ നിന്ന് സുമലതയ്ക്ക് ലഭിക്കുന്ന പിന്തുണയാണ് മറ്റൊരു പ്രധാന ഘടകം. സൂപ്പര്‍ താരങ്ങളായ ദര്‍ശന്‍, യഷ് എന്നിവരും മുന്‍നിര സിനിമാ നിര്‍മ്മാതാവ് റോക്ക്‌ലൈന്‍ വെങ്കിടേശും കഴിഞ്ഞ ദിവസം സുമലതയ്ക്ക് വേണ്ടി റോഡ് ഷോയില്‍ പങ്കെടുത്തു. സിനിമാ താരമാണെങ്കിലും നിഖില്‍ കുമാരസ്വാമിക്ക് വേണ്ടി പ്രമുഖ താരങ്ങളാരും ഇതുവരെ രംഗത്തെത്തിയിട്ടില്ല. മുഖ്യമന്ത്രി കുമാരസ്വാമി സിനിമാ നിര്‍മ്മാതാവ് കൂടി ആയിട്ടും സിനിമാ ലോകത്തിന്റെ പിന്തുണ സുമലതയ്ക്കാണ്. കന്നഡ സിനിമാലോകം ഒറ്റക്കെട്ടായി സുമലതയ്‌ക്കൊപ്പമാണെന്ന റോക്ക്‌ലൈന്‍ വെങ്കിടേശന്റെ പ്രസ്താവനയ്‌ക്കെതിരെ ജനതാദള്‍ കര്‍ണാടക ഫിലിം ചേംബറിന് പരാതി നല്‍കിയിട്ടുണ്ട്. 

Follow Us:
Download App:
  • android
  • ios