ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിനുവേണ്ടി ഇലക്ഷൻ രാജയുടെ ഈ തെരഞ്ഞെടുപ്പിലെ വിശേഷങ്ങൾ അന്വേഷിച്ച് ഫോണിൽ ബന്ധപ്പെട്ട ഈ ലേഖകനോട് തനി നാടൻ മലയാളത്തിലാണ് രാജ പ്രതികരിച്ചത്. അറിയാവുന്ന മുറിത്തമിഴിൽ വിശേഷങ്ങൾ തിരക്കി നിന്നു പരുങ്ങുന്നതിനിടെ അവിടെ നിന്നും നല്ല തെളി മലയാളം വരുന്നത് കേട്ടപ്പോൾ " മലയാളം അറിയുമോ" എന്നു ചോദിച്ചു. അപ്പോഴാണ് അദ്ദേഹം പറയുന്നത്, " ഞാൻ നല്ല ഒന്നാന്തരം മലയാളിയാണ് സാർ.. കണ്ണൂർക്കാരൻ " 

 തോൽക്കാൻ വേണ്ടി മാത്രം തുടർച്ചയായി തെരഞ്ഞെടുപ്പുകളിൽ മത്സരിക്കുന്നതിലൂടെ ശ്രദ്ധേയനായ, 'ഇലക്ഷൻ രാജ' എന്ന പേരിൽ അറിയപ്പെടുന്ന കണ്ണൂർക്കാരൻ മലയാളി, ഡോ. പത്മരാജന്റെ കഥയാണ് ഇന്ന്.  സ്വദേശം തമിഴ്‌നാട്ടിലെ സേലം. ആശാൻ ഇന്നുവരെ തോറ്റിട്ടുള്ളത്, 199  തെരഞ്ഞെടുപ്പുകളാണ്. പാർലമെന്ററി മോഹങ്ങൾ കാത്തുസൂക്ഷിക്കാത്ത  രാഷ്ട്രീയക്കാർ ആരുമില്ലല്ലോ. ഒരിക്കലെങ്കിലും തെരഞ്ഞെടുപ്പിൽ ഒന്ന് മത്സരിക്കാൻ എല്ലാവർക്കും കാണും മോഹം. ജയിച്ചു  പാർലമെന്റിലെത്താനും.   

1989 -ൽ തമിഴ്‌നാട്ടിലെ മേട്ടൂർ നിയമസഭാ മണ്ഡലത്തിൽ നിന്നും ആശാൻ അങ്കം തുടങ്ങിയപ്പോൾ മനസ്സിൽ ഒരേയൊരു വികാരമേ ഉണ്ടായിരുന്നുള്ളൂ. 'കാശും പുത്തനു'മുള്ള നേതാക്കന്മാരുടെ മാത്രം കളിയാണ് തെരഞ്ഞെടുപ്പ് എന്ന പൊതുബോധത്തെ പൊളിച്ചടുക്കണം. ആ അർത്ഥത്തിൽ അദ്ദേഹത്തിന്റെ ഉദ്യമം തികഞ്ഞ വിജയമായിരുന്നു. അന്ന്, അദ്ദേഹം സിപിഎമ്മിലെ എൻ. ശ്രീരംഗനോട് വമ്പിച്ച മാർജ്ജിനിൽ തോറ്റു.

1959  മേയ് 15 - ന് തമിഴ്‌നാട്ടിലെ സേലത്താണ് രാജയുടെ ജനനം.  അച്ഛൻ കുഞ്ചമ്പു നായർ, വർഷങ്ങൾക്കു മുമ്പ് കണ്ണൂർ ജില്ലയിലെ പയ്യന്നൂര് നിന്നും, കച്ചവടവുമായി തമിഴ്‌നാട്ടിലേക്ക് കുടിയേറിയതായിരുന്നു. ഇടയ്ക്ക് കുറച്ചുകാലം പട്ടാമ്പിയിൽ അരിമില്ല് നടത്തിയിരുന്ന കാലത്ത് പട്ടാമ്പി ഗവണ്മെന്റ് സ്‌കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം.  പിന്നീട് സേലത്ത് വിദ്യാഭ്യാസം തുടർന്ന രാജ അണ്ണാമലൈ ഓപ്പൺ യൂണിവേഴ്‌സിറ്റിയിൽ നിന്നും ചരിത്രത്തിൽ ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്.  കറസ്പോണ്ടൻസ് വഴി ഹോമിയോപ്പതി ചികിത്സയും പഠിച്ചിട്ടുള്ള രാജ  നാട്ടിലെ അറിയപ്പെടുന്നൊരു ഹോമിയോ ചികിത്സകൻ കൂടിയാണ്. അതോടൊപ്പം സ്വന്തമായി നടത്തുന്ന ടയർ കടയാണ് അദ്ദേഹത്തിന്റെ മുഖ്യ ഉപജീവന മാർഗ്ഗം.  

1997 -ൽ എറണാകുളത്തുനിന്നും ലോക്‌സഭയിലേക്ക് മത്സരിക്കുമ്പോൾ ഏഷ്യാനെറ്റ് ന്യൂസാണ് തന്നെ ആദ്യമായി കേരളത്തിലെ ജനങ്ങൾക്ക് പരിചയപ്പെടുത്തിക്കൊടുക്കുന്നത് എന്ന് നന്ദിപൂർവം രാജ സ്മരിച്ചു. സാധാരണ സ്ഥാനാർത്ഥികൾ തെരഞ്ഞെടുപ്പിന് നാമനിർദ്ദേശ പത്രിക കൊടുത്താൽ അന്നുമുതൽ ചെലവോടു ചെലവല്ലേ..? രാജയ്ക്ക് നേരെ തിരിച്ചാണ്. നയാ പൈസാ ആശാൻ ചെലവാക്കില്ല തെരഞ്ഞെടുപ്പെന്നും പറഞ്ഞ്.  മണ്ഡലത്തിൽ ആകെ കറങ്ങിച്ചുറ്റി നടന്ന്, കണ്ണിൽക്കാണുന്ന വോട്ടർമാരുടെ മുന്നിൽ കുമ്പിട്ടുതൊഴുത്, വോട്ടുചെയ്യാൻ അഭ്യർത്ഥിക്കുന്ന ഇടപാടും രാജയ്ക്കില്ല. അഥവാ കഷ്ടകാലത്തിനെങ്ങാനും വല്ല വോട്ടർമാരും വഴിയിൽ തടുത്തു നിർത്തിയാൽ, അദ്ദേഹം അവരോട് ഒന്നേ അപേക്ഷിക്കാറുള്ളൂ.. ദയവുചെയ്ത്, തനിക്ക് വോട്ടുചെയ്ത് ആ വോട്ട് പാഴാക്കരുതേ എന്ന്. മത്സരിക്കുക എന്നതുമാത്രമാണ് അദ്ദേഹത്തിന്റെ ലക്‌ഷ്യം, തോൽക്കുക എന്നതും.. അതുകൊണ്ടുതന്നെ ആർക്കും ഒരു ഭീഷണിയല്ല നമ്മുടെ ഇലക്ഷൻ രാജ.  

ഇക്കുറി തമിഴ്നാട്ടിലെ ധർമപുരി മണ്ഡലത്തിൽ അൻപുമണി രാംദാസിനെതിരെ തന്റെ ഇരുന്നൂറാം അങ്കത്തിനിറങ്ങാൻ കച്ചകെട്ടിക്കൊണ്ടിരിക്കുകയാണ് രാജ. വരുന്ന പത്തൊമ്പതാം തീയതി നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള പ്ലാനിലാണ് താനെന്ന് രാജ പറഞ്ഞു. ഇത്തവണത്തെ വിജയ സാധ്യതയെപ്പറ്റി തിരക്കിയപ്പോൾ, "എങ്ങാനും ജയിച്ചാൽ ഹാർട്ടറ്റാക്ക് വന്നു ചാവും ഞാൻ " എന്നാണ് കുലുങ്ങിച്ചിരിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞത്. 

നമ്മുടെ ഇലക്ഷൻ രാജ മത്സരിക്കാത്ത തെരഞ്ഞെടുപ്പുകളില്ല. ലോക്‌സഭ, നിയമസഭ, പ്രസിഡണ്ട്, വൈസ് പ്രസിഡണ്ട് എന്നിങ്ങനെ ഇന്ത്യൻ പൗരന്മാർക്ക് മത്സരിക്കാൻ പറ്റുന്നിടത്തൊക്കെ നാമനിർദ്ദേശപത്രിക സമർപ്പിച്ച് ഒരു കൈ നോക്കിയിട്ടുണ്ട് അദ്ദേഹം. " എനിക്ക് ഓരോ തവണയും ഞാൻ തോറ്റെന്നറിയുമ്പോൾ പറഞ്ഞറിയിക്കാനാവാത്ത  ഒരു ആനന്ദമാണ് ഉള്ളിലുണ്ടാവുന്നത്. കൊല്ലം ചെല്ലുന്തോറും അത് ഇരട്ടിക്കുന്നേയുള്ളൂ.. " രാജ പറഞ്ഞു. "ഒരിക്കലും ജയിക്കില്ല ഞാൻ. അതെനിക്കു നന്നായി അറിയാം.. അപ്പോൾ പിന്നെ എനിക്കെന്താ ചെയ്യാൻ കഴിയുക.. തെരഞ്ഞെടുപ്പിന് മത്സരിച്ച് കഴിയുന്നത്രവട്ടം തോല്കുക. അക്കാര്യത്തിൽ എന്നെ ആർക്കും തോൽപ്പിക്കാനാവാത്ത ഒരു നിലയിൽ എത്തിച്ചേരുക അത് ഏറെക്കുറെ ഞാൻ നേടിക്കഴിഞ്ഞു എന്ന് കരുതുന്നു.." അദ്ദേഹം പറഞ്ഞു.

ഏറ്റവും കൂടുതൽ വോട്ടുകിട്ടിയത് 2011 -ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ മേട്ടൂരിൽ നിന്നും മത്സരിച്ചപ്പോഴാണ്. 6,273 വോട്ട്. 

സാധാരണ രാഷ്ട്രീയക്കാർക്കില്ലാത്ത ഒരു സൽഗുണം രാജയ്ക്കുണ്ട്. അദ്ദേഹത്തിന്റെ പേരിൽ ഒരു പെറ്റിക്കേസുപോലും ഈ  ഇന്ത്യാ മഹാരാജ്യത്തെ ഒരു കോടതിയിലും, പൊലീസ് സ്റ്റേഷനിലും ഇന്നുവരെയില്ല.  ഇന്നോളം മത്സരിച്ചതിൽ ഏറ്റവും കൂടുതൽ വോട്ടുകിട്ടിയത് 2011 -ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ മേട്ടൂരിൽ നിന്നും മത്സരിച്ചപ്പോഴാണ്. 6,273 വോട്ട്.  ഇതുവരെ തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, കേരളം,  കർണാടക, ഡൽഹി എന്നീ സംസ്ഥാനങ്ങളിൽ നിന്നും മത്സരിച്ചിട്ടുണ്ട്.  ചില്ലറക്കാരോടൊന്നുമല്ല അദ്ദേഹം മത്സരിച്ച് തോറ്റിരിക്കുന്നത്. നരേന്ദ്രമോദി, മൻമോഹൻ സിംഗ്, അടൽ ബിഹാരി വാജ്‌പേയ്,  പിവി നരസിംഹറാവു തുടങ്ങിയ പ്രധാനമന്ത്രിമാർ. പ്രണബ് മുഖർജി,  പ്രതിഭാ പാട്ടീൽ, കെ ആർ നാരായണൻ, എപിജെ അബ്ദുൽ കലാം തുടങ്ങിയ പ്രസിഡണ്ടുമാർ, എസ്എം കൃഷ്ണ, ജയലളിത, കരുണാനിധി, ആന്റണി, എസ് എം കൃഷ്ണ തുടങ്ങിയ മുഖ്യമന്ത്രിമാർ. അങ്ങനെ എത്ര പേർ മത്സരിച്ച് ജയിച്ചിരിക്കുന്നു ഇലക്ഷൻ രാജയോട്. 

 

 

ഇപ്പോൾ എല്ലാവരും തന്റെ സ്ഥാനാർത്ഥിത്വത്തെ പൊതുവെ സൗഹൃദഭാവത്തോടെ മാത്രമേ നോക്കിക്കാണാറുള്ളൂ എങ്കിലും തുടക്കത്തിൽ ചില കയ്പുനിറഞ്ഞ അനുഭവങ്ങളും ഉണ്ടായിട്ടുണ്ടെന്ന് രാജ ഓർത്തെടുത്തു. 1991 -ൽ നരസിംഹറാവു പ്രധാനമന്ത്രിയായ ശേഷം ആന്ധ്രാപ്രദേശിലെ നന്ദ്യാൽ മണ്ഡലത്തിൽ നിന്നും ഉപതെരഞ്ഞെടുപ്പിലൂടെ പാർലമെന്റിലേക്ക് പ്രവേശിക്കാനൊരുങ്ങിയപ്പോൾ കേറി കുറുകെ നിന്നുകളഞ്ഞു, നമ്മുടെ രാജ. ആ പേര് അത്രയ്ക്കങ്ങോട്ട് പരിചയമില്ലാഞ്ഞിട്ടാവും, നാമനിർദ്ദേശ പത്രിക സമർപ്പിച്ച് തിരികെ വരും വഴി ഏതൊക്കെയോ അജ്ഞാതരായ ഗുണ്ടകൾ ചേർന്ന് രാജയെ തട്ടിക്കൊണ്ടു പോയി. അവരോട് സൗഹൃദം സ്ഥാപിച്ച് അദ്ദേഹം  അവരെ കാര്യങ്ങൾ പറഞ്ഞു ബോധ്യപ്പെടുത്തി തടികേടാവാതെ തിരിച്ചുപോന്നു. " അന്ന് ബംഗാരു ലക്ഷ്മൺ മത്സരിക്കാൻ വന്നതോടെ ഞാൻ രക്ഷപ്പെട്ടു.." എന്നാണ് ഇതേപ്പറ്റി രാജ പറഞ്ഞത്.  പെട്ടിതുറന്നപ്പോൾ 5,80, 287 വോട്ടുകളുടെ ഭൂരിപക്ഷത്തിന് നരസിംഹറാവു പാർലമെന്റിലേക്കെത്തിയത് ചരിത്രത്തിന്റെ ഭാഗം.

അതിൽ കലി കേറിയിട്ടാണ്  കമ്മീഷൻ ഒരു അടിയന്തര കമ്മിറ്റി കൂടി  ഒരാൾക്ക് മത്സരിക്കാവുന്നത് പരമാവധി രണ്ടു മണ്ഡലത്തിൽ മാത്രമെന്ന് നിജപ്പെടുത്തുന്നത്.


തന്റെ തോൽവികളുടെ ചരിത്രത്തിൽ, ഇന്ത്യയുടെ ഒരു നിയമം തന്നെ ഭേദഗതി ചെയ്യാൻ നിമിത്തമായ ഒരു അനുഭവത്തെക്കുറിച്ചും ഓർത്തെടുത്തു രാജ.  1996-ൽ അഞ്ചു ലോക്‌സഭാ സീറ്റുകളിൽ നിന്നും മത്സരിക്കാൻ വേണ്ടി അദ്ദേഹം നാമനിർദ്ദേശപത്രിക സമർപ്പിച്ചു. അദ്ദേഹത്തെ അനുകരിച്ച് പലരും ഇതുപോലെ നാലാഞ്ചിടത്തൊക്കെ കേറി നാമനിർദ്ദേശപത്രിക സമർപ്പിക്കാൻ തുടങ്ങിയപ്പോൾ തെരഞ്ഞെടുപ്പു കമ്മീഷൻ ആകെ വലഞ്ഞു. അതിൽ കലി കേറിയിട്ടാണ് അന്നത്തെ  കമ്മീഷൻ ഒരു അടിയന്തര കമ്മിറ്റി കൂടി 1951 ലെ ജനപ്രാതിനിധ്യനിയമം അമെൻഡ് ചെയ്ത് ഒരാൾക്ക് മത്സരിക്കാവുന്നത് പരമാവധി രണ്ടു മണ്ഡലത്തിൽ മാത്രമെന്ന് നിജപ്പെടുത്തുന്നത്. ഇങ്ങനെ തോൽക്കാനുമുണ്ടല്ലോ ഒരു മിനിമം ചെലവ്. അതായത് ഓരോ പ്രാവശ്യവും നാമനിർദേശപത്രിക കൊടുക്കുമ്പോൾ കൂടെ അടക്കേണ്ട ഇലക്ഷൻ ഡെപ്പോസിറ്റ്. എംപി സ്ഥാനത്തേക്ക് മത്സരിക്കാൻ 25,000 രൂപയും എംഎൽഎ സ്ഥാനത്തേക്ക് 10,000 രൂപയുമാണ് കെട്ടിവെക്കേണ്ടുന്ന തുക. ആ വകയിൽ മാത്രം ഇതുവരെ മുപ്പതു ലക്ഷത്തിനു മുകളിൽ കാശ് ചെലവിട്ടുകഴിഞ്ഞു ടിയാൻ. എങ്കിലും കീഴടങ്ങാൻ പുള്ളിക്കുദ്ദേശമില്ല. 

ദീർഘകാലമായി തെരഞ്ഞെടുപ്പുകളിൽ സ്ഥിരം മത്സരിക്കുന്നതുകൊണ്ട്  രാജയ്ക്ക് ഒരുവിധം ചിഹ്നങ്ങളൊക്കെ അനുവദിച്ചു കിട്ടിയിട്ടുണ്ട്. മുപ്പതു കൊല്ലം മുമ്പ് ആദ്യമായി മേട്ടൂരിൽ  അങ്കത്തിനിറങ്ങിയപ്പോൾ അനുവദിച്ചു കിട്ടിയ മത്സ്യം മുതൽ സൈക്കിൾ, ചെണ്ട, മോതിരം, ടെലിഫോൺ, തൊപ്പി, തുലാത്രാസ്സ്, പൂട്ടും താക്കോലും, ഹെൽമെറ്റ്, ഫാൻ, വാച്ച്, ഉടുക്ക്, വിമാനം, ബലൂൺ, മെഴുകുതിരി തുടങ്ങി  ഇക്കഴിഞ്ഞ വട്ടം മത്സരിച്ചപ്പോൾ കിട്ടിയ അരകല്ല് വരെ ഇരുപതിലധികം ചിഹ്നങ്ങളിൽ അദ്ദേഹം ഇതുവരെ മത്സരിച്ചിട്ടുണ്ട് .

" എല്ലാം അയ്യപ്പസ്വാമിയുടെ മായാലീലകൾ.. " എന്നാണ് അദ്ദേഹം അതേപ്പറ്റി പറഞ്ഞത്. 

തികഞ്ഞൊരു അയ്യപ്പ ഭക്തൻ കൂടിയാണ് രാജ.  കഴിഞ്ഞ നാല്പത്തൊന്നു വർഷമായി മുടങ്ങാതെ മലചവിട്ടുന്ന ഗുരുസ്വാമി. വ്രതം നോറ്റ്, ഇരുമുടിക്കെട്ടുമായി മണ്ഡലകാലത്ത് മലചവിട്ടുന്നതിനു പുറമേ, വർഷത്തിൽ നല്ലൊരു സമയം അയ്യപ്പസേവാ സംഘത്തിലെ വളണ്ടിയറുടെ വേഷത്തിലും രാജ ശബരിമലയിൽ തന്റെ സാന്നിധ്യം അറിയിക്കാറുണ്ട്. തെരഞ്ഞെടുപ്പിനെ നേരിടുന്ന ഒരാളെന്ന നിലയിൽ ശബരിമല വിവാദങ്ങളെപ്പറ്റി എന്താണ് അഭിപ്രായം എന്ന് ചോദിച്ചപ്പോൾ, തഴക്കം വന്ന ഒരു രാഷ്ട്രീയക്കാരനെപ്പോലെ അദ്ദേഹവും കൃത്യമായ ഒരുത്തരം തരാതെ വഴുതി മാറി. " എല്ലാം അയ്യപ്പസ്വാമിയുടെ മായാലീലകൾ.. " എന്നാണ് അദ്ദേഹം അതേപ്പറ്റി പറഞ്ഞത്.   

തോറ്റുതോറ്റ് റെക്കോർഡിട്ട് ലിംകാ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇതിനകം മൂന്നുതവണ കേറിക്കഴിഞ്ഞു  നമ്മുടെ രാജ. ഗിന്നസ് ബുക്കുകാർ രാജയുടെ പേരും വിശേഷങ്ങളുമൊക്കെ കുറിച്ചെടുത്തോണ്ടു പോയിട്ടുണ്ടെങ്കിലും അവിടത്തെ ഔപചാരികതയുടെ നൂലാമാലകൾ നീണ്ടതായതുകൊണ്ട് ഇതുവരെ ഔദ്യോഗികമായി പുസ്തകത്തിൽ പേരുവന്നിട്ടില്ല എന്ന് അദ്ദേഹം പറഞ്ഞു. അതും താമസിയാതെ തന്നെ പ്രതീക്ഷിക്കാവുന്നതാണ്. 

 'ഇലക്ഷൻ രാജ' എന്ന് തങ്ങൾ സ്നേഹപൂർവ്വം വിളിക്കുന്ന തങ്ങളുടെ  സ്വന്തം സ്ഥാനാർത്ഥിയെപ്പറ്റി  സേലത്തെ മലയാളികൾ അടക്കം പറയുന്നൊരു ഡയലോഗുണ്ട്,  " തോൽവികളേറ്റുവാങ്ങുവാൻ, രാജയുടെ  ജീവിതം പിന്നെയും ബാക്കി..! "