‍ഞായാറാഴ്ച വൈകിട്ട് ഏഴ് മണി മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ചാനലിലൂടെ തത്സമയം അഭിപ്രായ സര്‍വേയുടെ ഫലമറിയാം. 

തിരുവനന്തപുരം: ലോക്സഭാ തെര‍ഞ്ഞെടുപ്പ് പ്രചാരണം അവസാന ആഴ്ചയിലേക്ക് കടക്കവേ സംസ്ഥാനത്തെ രാഷ്ട്രീയ സാഹചര്യങ്ങളെക്കുറിച്ചുള്ള വ്യക്തമായ വിലയിരുത്തലുമായി ഏഷ്യാനെറ്റ് ന്യൂസ്- AZ റിസര്‍ച്ച് പാര്‍ട്ണേഴ്സ് അഭിപ്രായ സര്‍വ്വേയുടെ രണ്ടാം ഘട്ട ഫലം ഇന്നു പുറത്തുവിടും. 

ഇരുപത് മണ്ഡലങ്ങളിലേയും രാഷ്ട്രീയ സാഹചര്യങ്ങള്‍ അവലോകനം ചെയ്യുന്ന സര്‍വ്വേയില്‍ ഏത് സ്ഥാനാര്‍ത്ഥിക്കും മുന്നണിക്കുമാണ് മുന്‍തൂക്കം എന്നു കൂടി അറിയാം. ഞായറാഴ്ച രാത്രി ഏഴ് മണി മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ചാനലിലൂടേയും ഏഷ്യാനെറ്റ് ന്യൂസ് ഡോട്ട് കോമിലൂടേയും സര്‍വേഫലം പുറത്തുവിടും.

ഫെബ്രുവരി 13-നാണ് ഏഷ്യാനെറ്റ് ന്യൂസ്- az റിസര്‍ച്ച് പാര്‍ട്ണേഴ്സ് സര്‍വേയുടെ ആദ്യഘട്ടഫലം ഏഷ്യാനെറ്റ് ന്യൂസ് പുറത്തു വിട്ടത്. ഫെബ്രുവരി ആദ്യവാരത്തെ കേരളത്തിലെ രാഷ്ട്രീയ സാഹചര്യങ്ങളാണ് ഈ സര്‍വേയില്‍ പ്രതിഫലിച്ചത്. എന്നാല്‍ സ്ഥാനാര്‍ത്ഥി ചിത്രം തെളിയുകയും രാഷ്ട്രീയ സാഹചര്യം മാറുകയും ചെയ്തതോടെ എന്തായിരിക്കും രാഷ്ട്രീയ കേരളത്തിന്‍റെ മനസ്സിലെന്ന് പുതിയ സര്‍വേയില്‍ മാത്രമേ വ്യക്തമാവൂ. 

ഫെബ്രുവരി 13-ന് പുറത്തു വിട്ട ആദ്യ അഭിപ്രായ സര്‍വേയിലെ പ്രധാന കണ്ടെത്തലുകള്‍ ഇവയായിരുന്നു. 

44 ശതമാനം വോട്ടുവിഹിതം നേടി യുഡിഎഫ് 14 മുതല്‍ 16 വരെ സീറ്റുകള്‍ നേടും
30 ശതമാനം വോട്ടുവിഹിതവുമായി എല്‍ഡിഎഫ് മൂന്ന് മുതല്‍ അഞ്ച് വരെ സീറ്റുകള്‍ നേടും
18 ശതമാനം വോട്ടുവിഹിതവുമായി എന്‍ഡിഎ കേരളത്തില്‍ അക്കൗണ്ട് തുറന്നേക്കാം. ജയിക്കുമെങ്കില്‍ അത് ദക്ഷിണകേരളത്തിലാവും.