ബിജെപി എന്ന ദേശീയപാർട്ടിക്ക് പരവതാനി വിരിച്ചുനൽകാത്ത അപൂർവം  സംസ്ഥാനങ്ങളിൽ ഒന്നാണ് തമിഴ്‌നാട്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ആകെയുള്ള  39 പാർലമെന്റ് മണ്ഡലങ്ങളിൽ, വെറും 7 എണ്ണത്തിൽ മാത്രം മത്സരത്തിനിറങ്ങിയ ബിജെപിയ്ക്ക് വിജയിക്കാനായത് ഒരൊറ്റ സീറ്റാണ്. കഴിഞ്ഞ കുറി ശക്തമായ ബിജെപി തരംഗം രാജ്യമൊട്ടുക്കും അലയടിച്ചിട്ടും തമിഴ്‌നാട്ടിൽ ആകെ കന്യാകുമാരി മണ്ഡലം മാത്രമാണ് ബിജെപിയോടൊപ്പം നിന്നത്. അവിടെ പി രാധാകൃഷ്ണൻ കോൺഗ്രസിലെ വസന്തകുമാറിനെ ഒരു ലക്ഷത്തി ഇരുപത്തിനായിരത്തിൽ പരം വോട്ടുകൾക്ക് പിന്നിലാക്കി പാർലമെന്റിലെത്തി.  ഇത്തവണ സാധ്യത കഴിഞ്ഞ തവണത്തേക്കാൾ കുറവാണ് എന്നേ പറയാനാവൂ. കാരണം ആകെ 5  മണ്ഡലങ്ങളിലാണ് ബിജെപി ഇക്കുറി അങ്കത്തിനിറങ്ങുന്നത്. 

ബിജെപി ആദ്യമായി മത്സരിച്ച 1984 -ലെ തെരഞ്ഞെടുപ്പ് തൊട്ടിങ്ങോട്ട് 1998 വരെയും തമിഴ്‌നാട്ടിൽ നിന്നും ഒരു ബിജെപിക്കാരനും പാർലമെന്റിന്റെ അകം കണ്ടില്ല.   അക്കൗണ്ട് തുറക്കാൻ ബിജെപിക്ക് 1998  വരെ കാത്തിരിക്കേണ്ടി വന്നു. 1998-ൽ  ആ ചരിത്രം തിരുത്തിക്കുറിച്ചുകൊണ്ട്  3  സീറ്റുകൾ കിട്ടി അവർക്ക്.  1999 -ൽ അവരത് 4  സീറ്റായി ഉയർത്തി.1998 -ൽ AIADMK യോട് സഖ്യമുണ്ടാക്കി മത്സരിച്ച ബിജെപി, വെറും ഒരു കൊല്ലത്തെ ഇടവേളയിൽ നടന്ന അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പിൽ AIADMKയുടെ എതിർചേരിയിലുള്ള DMKയുമായിട്ടായിരുന്നു സഖ്യമുണ്ടാക്കിയത്. 2009ലും 2004 ലും  കാലിയായിക്കിടന്ന ബിജെപിയുടെ അക്കൗണ്ടിൽ പിന്നെ ഒരു വിജയമുണ്ടാവുന്നത് 2014 -ലെ തെരഞ്ഞെടുപ്പിലാണ്. 

തെക്കൻ തമിഴ്നാടാണ് ഇക്കുറി ബിജെപി  ലക്ഷ്യമിട്ടിരിക്കുന്നത്. കന്യാകുമാരിയിൽ നിന്നും കേന്ദ്രമന്ത്രി പൊൻ രാധാകൃഷ്ണനെക്കൂടാതെ, കോയമ്പത്തൂരിൽ നിന്നും മുൻ എം പിയും മുൻ തമിഴ്‌നാട് ബിജെപി പ്രസിഡന്റുമായിരുന്ന സി പി രാധാകൃഷ്ണൻ, രാമനാഥപുരത്ത് നിന്നും നൈനാർ നാഗേന്ദ്രൻ - ജയലളിതയുടെ മരണത്തെത്തുടർന്ന് AIADMKയിൽ ഉണ്ടായ പോരിൽ പ്രതിഷേധിച്ച് പാർട്ടിവിട്ട് ബിജെപിയിലേക്ക്  ചേക്കേറിയ മുൻ തിരുനെൽവേലി MLA, ശിവഗംഗയിൽ നിന്നും ബിജെപി ദേശീയ സെക്രട്ടറി എച്ച്. രാജ, തൂത്തുക്കുടിയിൽ നിന്നും ബിജെപി സംസ്ഥാനാധ്യക്ഷ തമിളിസൈ സൗന്ദരരാജൻ എന്നിവരാണ് ഇത്തവണ ബിജെപിക്കു വേണ്ടി കളത്തിലിറങ്ങുന്നവർ. 

AIADMKയുമായി നടന്ന സീറ്റുവിഭജന ചർച്ചകൾക്കൊടുവിൽ ബിജെപിക്ക് കിട്ടിയ 5 മണ്ഡലങ്ങളുടെ കാര്യവും വിചിത്രമാണ് . ഈ മണ്ഡലങ്ങൾ ഏറ്റെടുക്കാൻ ബിജെപി തയ്യാറായതെങ്ങനെ എന്ന് വ്യക്തമല്ല. കാരണം, തൂത്തുക്കുടിയിൽ ഭരണ വിരുദ്ധ വികാരം വളരെ ശക്തമാണ്. താരതമ്യേന എളുപ്പത്തിൽ ജയിച്ചു കയറാൻ സാധ്യതയുണ്ടായിരുന്ന 'സൗത്ത് ചെന്നൈ' മണ്ഡലം ഒഴിവാക്കിക്കൊണ്ട്;  സഖ്യകക്ഷിയായ, സംസ്ഥാനം ഭരിക്കുന്ന  AIADMKയ്ക്ക് നേരെ, സ്റ്റെർലൈറ്റ് ഫാക്ടറി സമരത്തിനിടെ ഒമ്പതുപേരെ പൊലീസ് വെടിവെച്ചുകൊന്നതിന്റെ പേരിൽ, ശക്തമായ  ജനരോഷം തിളച്ചുമറിയുന്ന തൂത്തുക്കുടി മണ്ഡലത്തിലേക്ക് എന്തിനാണ് ബിജെപി അധ്യക്ഷ തമിളിസൈ സൗന്ദരരാജൻ ഒരു ചാവേറായിചെന്നു കയറുന്നതെന്ന് വ്യക്തമല്ല. 

ഒരുപക്ഷേ, തമിഴ് നാട്ടിലെ ബിജെപിയുടെ സഖ്യകക്ഷികളായ AIADMK, DMDK, PMK തുടങ്ങിയ പ്രാദേശിക കക്ഷികൾ അവരവർക്ക് സ്വാധീനമുള്ള മണ്ഡലങ്ങൾ പങ്കിട്ടെടുത്ത ശേഷം ബാക്കിവന്ന അഞ്ചു മണ്ഡലങ്ങളാവും ബിജെപിക്ക് വെച്ചുനീട്ടിയത്. തമിഴ്നാട്ടിൽ നിലവിലുള്ള രാഷ്ട്രീയ സാഹചര്യങ്ങളിൽ സഖ്യകക്ഷികളെ പിണക്കാതിരിക്കുന്നതാണ് ബുദ്ധി എന്ന് മറ്റാരേക്കാളും നന്നായറിയാവുന്നത് ബിജെപിക്ക് തന്നെയാണ്. അതുകൊണ്ടുതന്നെയാണ് ഏറെക്കുറെ അപമാനകാരമെന്നു പോലും പറയാവുന്ന, ബിജെപിയുടെ താത്പര്യങ്ങൾക്ക് ഒട്ടും പരിഗണന നല്കാതെയുള്ള ഈ സീറ്റുവിഭജനത്തിലും ഒരു മുറുമുറുപ്പും പ്രകടിപ്പിക്കാതെ കിട്ടിയ സീറ്റിൽ സ്ഥാനാർത്ഥികളെ നിർത്തി ബിജെപി പോരിനിറങ്ങുന്നത്. ഒറ്റയ്ക്കുനിന്നാൽ പല മണ്ഡലങ്ങളിലും കെട്ടിവെച്ച കാശുപോലും ബിജെപി സ്ഥാനാർത്ഥികൾക്ക് കിട്ടിയെന്നുവരില്ല. ഇതിപ്പോൾ ഈ അഞ്ചു മണ്ഡലങ്ങളിലും രണ്ടും കല്പിച്ച് പോരാടിയാൽ ചിലപ്പോൾ ഭാഗ്യമുണ്ടങ്കിൽ ഒരു സീറ്റിലെങ്കിലും ജയിച്ചുകേറാനുള്ള സാധ്യതയുണ്ട്. 

പ്രാദേശികരാഷ്ട്രീയം  സാമുദായിക വികാരങ്ങളെ പ്രീണിപ്പിച്ചുകൊണ്ട് വോട്ടുചോദിക്കുന്ന തമിഴ്‌നാടുപോലുള്ള ഒരു സംസ്ഥാനത്തുനിന്ന് പേരിനൊരു എംപിയെങ്കിലും ഉണ്ടായാൽ അതുപോലും ബിജെപി -ക്ക് ഗുണം ചെയ്യും. ഒന്നിൽ കൂടുതൽ എത്ര സീറ്റുകിട്ടിയാലും ഇത്തവണത്തെ തെരഞ്ഞെടുപ്പിൽ അവർക്ക് അതൊരു നേട്ടം തന്നെയാവും. കേന്ദ്രത്തിൽ മോദി സർക്കാർ നടപ്പിലാക്കിയ, ഇനി നടപ്പിലാക്കാനിരിക്കുന്ന പദ്ധതികളുടെ വിശദാംശങ്ങൾ പരമാവധി ജനങ്ങൾക്കിടയിലേക്കെത്തിച്ചുകൊണ്ട് അത് നേടിയെടുക്കാൻ തന്നെയാവും ബിജെപി ഇത്തവണ ശ്രമിക്കുക. സിനിമാ രംഗത്തുനിന്നുപോലും നിരവധി പ്രതിഷേധ സ്വരങ്ങൾ ഉയർന്നുകൊണ്ടിരിക്കുന്ന തമിഴ് മണ്ണിൽ നിന്നും ഇത്തവണ നേട്ടം കൊയ്യാൻ ബിജെപിയ്ക്കാവുമോ എന്നത് കാത്തിരുന്ന് കാണാം.