മണ്ഡലത്തിലെ ഇടത് കോട്ടകളിൽ നിന്നടക്കം വോട്ടുകൾ ചോർത്തിയാണ് കാസർകോട്  രാജ്മോഹൻ ഉണ്ണിത്താൻ കോൺഗ്രസിനായി തിരിച്ച് പിടിച്ചത്. ശക്തികേന്ദ്രങ്ങളിൽ യുഡിഎഫിന് വോട്ട് വർദ്ധിപ്പിക്കാനായപ്പോൾ ഇടതു മുന്നണിക്ക് പ്രതീക്ഷക്കൊത്ത് ഉയരാനായില്ല. തോൽവി വിശദമായി പരിശോധിക്കുമെന്ന് സിപിഎം നേതൃത്വം അറിയിച്ചു.

കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പില്‍ 6,921 വോട്ടിന്‍റെ ഭൂരിപക്ഷത്തിന് വിജയിച്ച പി കരുണാകരന്‍റെ വിജയത്തെ പോലും നിഷ്പ്രഭമാക്കിയാണ് രാജ്മോഹന്‍ ഉണ്ണിത്താന്‍റെ വിജയം 40,438 വോട്ടിന്‍റെ വിജയം. തെരഞ്ഞടുപ്പിന് തൊട്ടുമുമ്പ് കല്യോട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത്ത് ലാലും കൃപേഷും സിപിഎമ്മിന്‍റെ വെട്ടേറ്റ് വീണപ്പോള്‍ സിപിഎമ്മിന് നഷ്ടമായത് 1957 ല്‍ എ കെ ഗോപാലന്‍ തുടങ്ങി വച്ച വിജയമായിരുന്നു. 1957 മുതല്‍ 71 വരെ എ കെ ഗോപാലനായിരുന്നു കാസര്‍കോടിനെ ലോകസഭയില്‍ പ്രതിനിധീകരിച്ചത്. തുടര്‍ന്ന് 1971 ലും 77 ലും കടന്നപ്പള്ളി രാമചന്ദ്രന്‍ കോണ്‍ഗ്രസിന് വേണ്ടി മണ്ഡലം തിരിച്ച് പിടിച്ചു. 

എന്നാല്‍ 1980 ല്‍ രാമണ്ണറേ സിപിഎമ്മിന് വേണ്ടി കാസര്‍കോട് തിരിച്ച് പിടിച്ചു. എന്നാല്‍ 1984 ല്‍ വീണ്ടും രാമറേ കോണ്‍ഗ്രസിന് വേണ്ടി കാസര്‍കോട് തിരിച്ചു പിടിച്ചു. എന്നാല്‍ 1989 മുതല്‍ രാമണ്ണറേയും ടി ഗോവിന്ദനും പി കരുണാകരനുമായിരുന്നു സിപിഎമ്മിന് വേണ്ടി കാസര്‍കോട് മണ്ഡലത്തില്‍ നിന്നും ദില്ലിക്ക് വണ്ടികയറിയത്.

അങ്ങനെ സ്വന്തം കുത്തകയായിരുന്നു കാസര്‍കോടില്‍ 1984 ന് ശേഷം ആദ്യമായി ഇടതു കോട്ട തകർന്നു. തുടർച്ചയായ എട്ട് വിജയങ്ങൾക്ക് ഒടുവിൽ 40,438 വോട്ടുകളുടെ വമ്പൻ വീഴ്ചയായിരുന്നു കാസര്‍കോട് സിപിഎമ്മിനെ കാത്തിരുന്നത്. കാസർഗോഡും മഞ്ചേശ്വരത്ത് നിന്നുമായി യുഡിഎഫിന് ലഭിച്ചത് 76,644 വോട്ട്. ബിജെപിയെ പിന്തുണച്ചിരുന്ന മഞ്ചേശ്വരം ഇത്തവണ കുത്തിയത് കൈക്ക്. സിപിഎമ്മിന്‍റെ വോട്ടുകളോടൊപ്പം ബിജെപി ശക്തികേന്ദ്രങ്ങളും രാജ് മോഹന്‍ ഉണ്ണിത്താനൊപ്പം നിന്നെന്ന് കണക്കുകള്‍ കാണിക്കുന്നു. 

സിപിഎം സിറ്റിംഗ് മണ്ഡലമായ ഉദുമയിൽ 8,937 വോട്ടിന്‍റെ ലീഡ്. കഞ്ഞങ്ങാട്ടെ ഇടത് മുന്നേറ്റം 2,221 വോട്ടായി ചുരുക്കി. ഇടത് കോട്ടകളായ തൃക്കരിപ്പൂരും പയ്യന്നൂരും കല്യാശേരിയിലേയും എൽഡിഎഫ് ലീഡ് 41,724 വോട്ടുകളിലൊതുങ്ങിയോതോടെ തിളക്കമാർന്ന വിജയമാണ് രാജ് മോഹന്‍ ഉണ്ണിത്താന്‍ നേടിയത്.  

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ അഞ്ച് സിറ്റിംഗ് മണ്ഡലങ്ങളിൽ നിന്നായി എൽഡിഎഫിന് അധികം കിട്ടിയത് 1,29,345 വോട്ട്. ഇത്തവണ ഇത്  43,945 ആയി കുറഞ്ഞു. 80,000 വോട്ടുകളാണ് ഈ നിയമസഭാ മണ്ഡലങ്ങളില്‍ നിന്ന് സിപിഎമ്മിനെ കൈവിട്ടത്. മണ്ഡലത്തിലെ പാർട്ടി വോട്ടുകളടക്കം ചോർന്നെന്ന് വ്യക്തമാക്കുന്ന കണക്കുകളാണിത്. നിയമസഭാ തെരഞ്ഞെടുപ്പിൽ 1,92,320 വോട്ടുകൾ നേടിയ ബിജെപിക്ക് ഇത്തവണ 16,271 വോട്ടുകൾ നഷ്ടമായി.