മണ്ഡ്യയിൽ കുമാരസ്വാമിയുടെ മകൻ നിഖിൽ. ഹാസനിൽ രേവണ്ണയുടെ മകൻ പ്രജ്വൽ. ദേവഗൗഡയുടെ രണ്ട് ആൺമക്കൾക്കും ശേഷം ജെഡിഎസിന്‍റെ ഭാവി ഈ ചെറുമക്കളിലാണ്.

മൈസൂര്‍: നിലനിൽപ്പിന്‍റെയും തലമുറ മാറ്റത്തിന്‍റെയും തെരഞ്ഞെടുപ്പാണ് കർണാടകത്തിൽ ജനതാദൾ എസിനിത്. സഖ്യകക്ഷിയായ കോൺഗ്രസിലെ വിമതശല്യം തിരിച്ചടിച്ചാൽ ഉളള സീറ്റുകൾ കൂടി നഷ്ടമാകുമോ എന്ന ആശങ്കയിലാണ് പാർട്ടി. കുമാരസ്വാമിയുടെയും രേവണ്ണയുടെയും മക്കളെ കളത്തിലിറക്കിയ ദേവഗൗഡക്ക് അവരുടെ വിജയം ഉറപ്പാക്കേണ്ടതും അനിവാര്യതയാവുകയാണ്.

മണ്ഡ്യയിൽ കുമാരസ്വാമിയുടെ മകൻ നിഖിൽ. ഹാസനിൽ രേവണ്ണയുടെ മകൻ പ്രജ്വൽ. ദേവഗൗഡയുടെ രണ്ട് ആൺമക്കൾക്കും ശേഷം ജെഡിഎസിന്‍റെ ഭാവി ഈ ചെറുമക്കളിലാണ്. നിഖിലിന് സുമലതയുടെ വെല്ലുവിളി. പ്രജ്വലിന്‍റെ എതിരാളി മുൻ കോൺഗ്രസ് നേതാവ് എ മഞ്ജു. കന്നിയങ്കത്തിൽ കോൺഗ്രസിലെ വിമതനീക്കത്തിന്‍റെ ചൂടറിയുന്നു ജെഡിഎസിന്‍റെ ആകെയുളള സിറ്റിങ് സീറ്റുകളിൽ ഇരുവരും.

മൈസൂരു മേഖലയിലെ വൊക്കലിഗ പാർട്ടിയായി ചുരുങ്ങി വോട്ട് ബാങ്ക് പിടിച്ചുനിർത്താൻ പാടുപെടുന്ന ജെഡിഎസിന് ഇരുവരുടെയും വരവ് മറ്റൊരു പരീക്ഷണമാണ്. മണ്ഡ്യയിൽ നിഖിലിനെ കെട്ടിയിറക്കിയതിൽ പ്രാദേശിക ജെഡിഎസ് നേതാക്കൾക്ക് അതൃപ്തിയുണ്ട്. തങ്ങളെ വെട്ടി പ്രജ്വലിന് ദേവഗൗഡ സീറ്റ് കൊടുത്തതിൽ ഹാസനിലെ മുതിർന്ന നേതാക്കൾക്ക് പരിഭവം.

പാർട്ടിയിലെ ഭിന്നതകൾ,സഖ്യകക്ഷിയായ കോൺഗ്രസിന്‍റെ,പ്രത്യേകിച്ച്സിദ്ധരാമയ്യയുടെ വിമത നീക്കങ്ങൾ, കുടുംബപ്പാർട്ടിയെന്ന വിമർശനം. നിലനിൽപ്പിന്‍റെ പോരാട്ടത്തിൽ ജെഡിഎസിന് എതിരായേക്കാവുന്ന ഘടകങ്ങൾ ഏറെ. കോൺഗ്രസ് കാലുവാരി,ചെറുമക്കളിൽ ആരെങ്കിലും തോറ്റാൽ ഒന്നിച്ചുളള ഫാസിസ്റ്റ് വിരുദ്ധ പോരാട്ടത്തിന് ദേവഗൗഡ ഇനി നിൽക്കാനിടയില്ല. ആകെയുളള തുരുത്തിൽ ജെഡിഎസ് മുങ്ങുമോ എന്ന വിധിയാണ് എപ്രിൽ പതിനെട്ടിന്.