ധർമപുരിയ്ക്ക് ഒരു ചരിത്രമുണ്ട്. 1977-ൽ ഈ മണ്ഡലം രൂപീകരിക്കപ്പെട്ടതിനു ശേഷം ഇന്നേവരെ ഒരിക്കൽ പോലും ഒരൊറ്റ സിറ്റിങ്ങ് എംപിയ്ക്കും ഇവിടെ നിന്നും രണ്ടാമതൊരിക്കൽ പാർലമെന്റിന്റെ അകം കാണാൻ യോഗമുണ്ടായിട്ടില്ല. ആ പതിവ് ഇത്തവണയും തെറ്റിച്ചില്ല. കഴിഞ്ഞ കുറി 77,000 വോട്ടിന്റെ ഭൂരിപക്ഷത്തിന് തെരഞ്ഞെടുത്തയച്ച അൻപുമണി രാമദാസ് എന്ന പാട്ടാളി മക്കൾ കച്ചി സ്ഥാനാർത്ഥിയെ ഇത്തവണ അതേ മാർജിനു തന്നെ തോൽപിച്ചുകളഞ്ഞു ധർമപുരി. ഡി എം കെ യുടെ എസ് സെന്തിൽകുമാറാണ് അൻപുമണിയെ തോല്പിച്ച് ഇക്കുറി പാർലമെന്റിലെത്തിയിരിക്കുന്നത്. ധർമപുരി ജില്ല സ്ഥാപിക്കുന്നതിന് മുൻകൈയെടുത്ത് വടിവേലു ഗൗണ്ടറുടെ കൊച്ചുമകനായ സെന്തിലിനെയാണ് ഡിഎംകെ ഇത്തവണ അൻപുമണിയെ തറപറ്റിക്കാനായി രംഗത്തിറക്കിയത്.

വണ്ണിയാർ ജാതിക്കാർക്കിടയിൽ തന്റെ കുടുംബത്തിനുണ്ടായിരുന്ന സ്വാധീനം മുതലെടുത്താണ് അൻപുമണി രാഷ്ട്രീയനേട്ടങ്ങൾ എന്നും കൊയ്തിട്ടുളത്. അച്ഛൻ എസ് രാമദാസാണ് 1989-ൽ പാട്ടാളി മക്കൾ കച്ചി എന്ന പാർട്ടി തുടങ്ങുന്നത്. തമിഴ്‌നാട്ടിലെ പതിനാറു പാർലമെന്റ് മണ്ഡലങ്ങളിൽ പടർന്നു കിടക്കുന്ന നിർണായക സ്വാധീനമാണ് വണ്ണിയാർ ജാതി വോട്ടുബാങ്ക് . അതിനെ വളരെ കൃത്യമായി മാനിപ്പുലേറ്റ് ചെയ്തുകൊണ്ട് സഖ്യങ്ങൾക്ക് അതീതമായി ദേശീയ രാഷ്ട്രീയത്തിന്റെ അധികാരസ്ഥാനങ്ങളിൽ ഇടം നേടിയിട്ടുണ്ട് എന്നും പാട്ടാളി മക്കൾ കച്ചിയും അതിന്റെ യുവതുർക്കിയായിരുന്ന അൻപുമണി രാമദാസ് എന്ന  ഫിസിഷ്യനും. ഏർക്കാട് ബോർഡിങ് സ്‌കൂളിൽ കോൺവെന്റ് വിദ്യാഭ്യാസവും, മദ്രാസ് മെഡിക്കൽ കോളേജിൽ നിന്നും മെറിറ്റിൽ തന്നെ എംബിബിഎസും ലണ്ടൻ സ്‌കൂൾ ഓഫ് എക്കണോമിക്സിൽ മാക്രോ എക്കണോമിക്സ് ബിരുദവും നേടിയ അൻപുമണി, 2004-ൽ രാജ്യസഭാംഗവും, ഒന്നാം യുപിഎ യുപിഎ സർക്കാരിൽ ആരോഗ്യമന്ത്രിയുമായിരുന്നു. ആ മന്ത്രിസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ മന്ത്രിയും അൻപുമണി തന്നെയായിരുന്നു. അദ്ദേഹം അന്ന് നാഷണൽ റൂറൽ ഹെൽത്ത് മിഷൻ (NRHM) അടക്കമുള്ള പല വിപ്ലവകരമായ നയങ്ങളും നടപ്പിലാക്കുകയുണ്ടായി. 

തന്റെ സംഭവബഹുലമായ രാഷ്ട്രീയ ചരിത്രത്തിന്റെ പേരിൽ,ഇത്തവണത്തെ തെരഞ്ഞെടുപ്പിലും ഒരു വിഐപി പരിവേഷം സിദ്ധിച്ചിരുന്നു, അൻപുമണി രാമദാസിന്.  രണ്ടാമതൊരു അവസരം ആർക്കും നൽകാത്ത ധർമപുരി, ആ പതിവ് ഇത്തവണ അദ്ദേഹത്തിന്റെ കാര്യത്തിൽ  തിരുത്തിക്കുറിച്ചേക്കുമെന്നു പലരും കരുതി. പക്ഷേ,  'അൻപുമണി രാമദാസ് എന്ന വൻമരം, വീണു...'