മഹാരാഷ്ട്രയിലെ 40913 ഗ്രാമങ്ങളില്‍ 24000 ഗ്രാമങ്ങളും വരള്‍ച്ചാ ബാധിത പ്രദേശങ്ങളായി സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. അതിനാൽ സംസ്ഥാനത്തെ ഗ്രാമീണ മേഖലയിലെ വോട്ട് നേടാൻ ബിജെപി പതിവിലുമേറെ പ്രയത്നിക്കേണ്ടിയിരിക്കുന്നു.
മുംബൈ: ലോക്സഭാ തെരഞ്ഞെടുപ്പിൽ ഗ്രാമീണ മഹാരാഷ്ട്രയിലെ വരള്‍ച്ച ബാധിച്ച പ്രദേശങ്ങളില്‍ നിന്ന് എങ്ങനെ വോട്ട് ലഭ്യമാക്കാം എന്നത് ബിജെപിയെ സംബന്ധിച്ചിടത്തോളം വെല്ലുവിളിയുയർത്തുന്നതാണ്. മഹാരാഷ്ട്രയിലെ 40913 ഗ്രാമങ്ങളില്‍ 24000 ഗ്രാമങ്ങളും വരള്‍ച്ചാ ബാധിത പ്രദേശങ്ങളായി സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. അതിനാൽ സംസ്ഥാനത്തെ ഗ്രാമീണ മേഖലയിലെ വോട്ട് നേടാൻ ബിജെപി പതിവിലുമേറെ പ്രയത്നിക്കേണ്ടിയിരിക്കുന്നു.
മഹാരാഷ്ട്രയിലെ 48 ലോക്‌സഭാ മണ്ഡലങ്ങളില്‍ 27 മണ്ഡലങ്ങളും പൂര്‍ണമായും ഗ്രാമപ്രദേശങ്ങളാണ്. അതിനാൽ ഈ ഗ്രാമപ്രദേശങ്ങളെല്ലാം തന്നെ ബിജെപിക്ക് നിർണായകമാണ്. തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് പ്രധാനമായും രണ്ട് പദ്ധതികളാണ് സംസ്ഥാനത്ത് ബിജെപി നടപ്പിലാക്കുന്നത്. സംസ്ഥാനത്തെ വരള്‍ച്ച ബാധിത പ്രദേശങ്ങളില്‍ വെള്ളമെത്തിക്കുന്നതിനും കാര്‍ഷിക കടങ്ങള്‍ തള്ളുന്നതിനുമായി ജലായുക്ത, ലോൺ വെയ്വർ എന്നീ പദ്ധതികളാണ് നടപ്പിലാക്കുക.
കാർഷിക വായ്പാ പദ്ധതിയായ ലോൺ വെയ്വറിലൂടെ 51 ലക്ഷം കർഷകർക്ക് 24,000 കോടി രൂപ കടാശ്വാസമായി നൽകും. ജലസേചന പദ്ധതിയായ ജലായുക്ത ഷിവറിനായി 7,500 കോടി ചെലവഴിക്കുമെന്നും മഹാരാഷ്ട്ര സർക്കാർ പറഞ്ഞു. ഇത് കൂടാതെ കേന്ദ്രസര്‍ക്കാറിന്‍റെ പ്രധാനമന്ത്രി കിസാന്‍ നിധി വഴി ലഭ്യമാകുന്ന 6000 രൂപയും കര്‍ഷകര്‍ക്ക് സഹായമാകും. മഹാരാഷ്ട്രയിലെ 1.37 കോടി കർഷകരിൽ ഏകദേശം 80 ശതമാനം കര്‍ഷകരിലേക്കും പദ്ധതി എത്തുമെന്നും സംസ്ഥാന സർക്കാർ വ്യക്തമാക്കി.
അതേസമയം, വരള്‍ച്ച ബാധിത പ്രദേശങ്ങളില്‍ ആത്മാര്‍ത്ഥതയോടെ പ്രവര്‍ത്തിക്കാന്‍ ബിജെപി നേതാവും മഹാരാഷ്ട്ര മുഖ്യമന്ത്രിയുമായ ദേവേന്ദ്ര ഫഡ്‌നാവിസ് അണികളോട് ആവശ്യപ്പെട്ടു. പൂര്‍ണമായും ആത്മാര്‍ത്ഥത കാട്ടിയാല്‍ ഗ്രാമീണര്‍ അത് വോട്ടായി തിരിച്ച് തരുമെന്നും അദ്ദേഹം പറഞ്ഞു.
മഹാരാഷ്ട്രയില്‍ വരള്‍ച്ച ഒരു യാഥാര്‍ത്ഥ്യമാണ്. എന്നാല്‍ മുന്‍കാലങ്ങളെ അപേക്ഷിച്ച് 2018 മുതൽ വരള്‍ച്ച ഇല്ലാതാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നുണ്ട്. വരൾച്ചാ ബാധിത പ്രദേശങ്ങളിലെ കർഷകരെ സഹായിക്കുന്നതിനായി 10,800 കോടി രൂപയാണ് സർക്കാർ ധനസഹായം പ്രഖ്യാപിച്ചതെന്ന് റവന്യൂ, കൃഷി മന്ത്രി ചന്ദ്രകാന്ത് പാട്ടീൽ പറഞ്ഞു.
ലോക്സഭാ തെരഞ്ഞെടുപ്പിൽ ശിവസേന 23 സീറ്റിലും ബിജെപി 25 സീറ്റിലുമാണ് മത്സരിക്കുന്നത്. ബിജെപി മത്സരിക്കുന്ന 25-ല്‍ 15 സീറ്റുകളും ശിവസേന മത്സരിക്കുന്ന 22-ൽ 12 സീറ്റുകളും പൂര്‍ണമായും ഗ്രാമീണ മേഖലകളാണ്. അതിനാല്‍ ഗ്രാമീണരുടെ പ്രശ്‌നങ്ങള്‍ ലോക്‌സഭാ തെരഞ്ഞെടുപ്പിനെ കാര്യമായി ബാധിക്കുമെന്ന് ഷെത്ക്കാരി സ്വാവ്ലാഭൻ സൻസ്താൻ മേധാവി കിഷോർ തിവാരി പറഞ്ഞു.
