മുസ്ലിങ്ങള്‍ തനിക്ക് വോട്ടു ചെയ്തില്ലെങ്കില്‍ തിരികെ സഹായമൊന്നും ചെയ്യില്ലെന്നായിരുന്നു മനേകയുടെ വിവാദ പ്രസംഗം.
ലഖ്നൗ: സുല്‍ത്താന്‍പൂരിലെ വിവാദ പ്രസംഗത്തില്‍ ബിജെപി സ്ഥാനാര്‍ഥി മനേക ഗാന്ധിക്ക് തെരഞ്ഞെടുപ്പ് കമീഷന്‍റെ നോട്ടീസ്. സുല്‍ത്താന്‍പൂര്‍ ജില്ല തെരഞ്ഞെടുപ്പ് ഓഫിസറാണ് ശനിയാഴ്ച നോട്ടീസ് അയച്ചത്.മൂന്ന് ദിവസത്തിനുള്ളില്‍ മറുപടി നല്‍കണമെന്നും തെരഞ്ഞെടുപ്പ് കമീഷണര്‍ വ്യക്തമാക്കി.
മുസ്ലിങ്ങള്‍ തനിക്ക് വോട്ടു ചെയ്തില്ലെങ്കില്‍ തിരികെ സഹായമൊന്നും ചെയ്യില്ലെന്നായിരുന്നു മനേകയുടെ വിവാദ പ്രസംഗം. മുസ്ലിങ്ങള്‍ തനിക്ക് വോട്ടു ചെയ്തില്ലെങ്കിലും വിജയിക്കുമെന്നും തെരഞ്ഞെടുപ്പിന് ശേഷം എന്തെങ്കിലും ആവശ്യം പറഞ്ഞ് വന്നാൽ, അത് പരിഗണിക്കുന്ന കാര്യം താൻ ആലോചിച്ചേ ചെയ്യൂവെന്നുമായിരുന്നു ഭീഷണി സ്വരത്തിൽ മനേക ഗാന്ധിയുടെ പ്രസംഗം. ഭൂരിപക്ഷപ്രദേശമായ സുൽത്താൻ പൂരിലെ തൂരബ് ഖനി ഗ്രാമത്തിലായിരുന്നു മനേകയുടെ പ്രസംഗം.
''ഇങ്ങോട്ട് തരുന്നില്ലെങ്കിൽ തിരികെ നൽകിക്കൊണ്ടേ ഇരിക്കുമെന്ന് കരുതരുത്. നമ്മൾ മഹാത്മാ ഗാന്ധിയുടെ മക്കളല്ലല്ലോ. (കൈയടിയും ചിരിയും) പിലിഭിത്തിൽ ഞാൻ എന്ത് ചെയ്തെന്ന് എല്ലാവർക്കും അറിയാം. അത് നോക്കി എനിക്ക് വോട്ട് ചെയ്യണോ വേണ്ടയോ എന്ന് നിങ്ങൾക്ക് തീരുമാനിക്കാമെന്നും മനേക പറഞ്ഞിരുന്നു. പ്രസംഗം സാമൂഹ്യമാധ്യമത്തില്‍ വ്യാപകമായി പ്രചരിച്ചതോടെയാണ് മനേക വെട്ടിലായത്.
