Asianet News MalayalamAsianet News Malayalam

പോളിംഗിനിടെ ഉദ്യോഗസ്ഥന്‍ കുഴഞ്ഞുവീണു; ജീവന്‍ രക്ഷിക്കാന്‍ തോളിലിട്ട് 3 കിലോമീറ്റർ ദൂരം ഓടി ജവാന്‍

വൈകുന്നേരം 4  മണി.പോളിങ്ങ് തീരാൻ ഇനിയും നേരമുണ്ട്. പെട്ടെന്ന് ലിയോണാർഡ് കുഴഞ്ഞുവീണു. അദ്ദേഹത്തിന്റെ വായിൽ നിന്നും മൂക്കിൽ നിന്നും രക്തം ഒഴുകാൻ തുടങ്ങി

Election official collapses during polling, CRPF jawan runs 3 km carrying him on shoulder to hospital
Author
Gumla, First Published May 1, 2019, 11:26 AM IST

ഇന്ത്യയിലെ തെരഞ്ഞെടുപ്പുകൾ ലോകത്തിലെ തന്നെ ഏറ്റവും വിപുലമായ ജനാധിപത്യ പ്രക്രിയകളിൽ ഒന്നാണ്. അതിന്റെ ഭാഗമായി ഡ്യൂട്ടികൾ കിട്ടുന്ന സർക്കാർ സേവകർ തങ്ങളെ ഏൽപ്പിച്ച ദൗത്യങ്ങൾ നിർവഹിക്കാനായി കാടും മേടും കേറിയിറങ്ങി, പ്രതികൂലമായ കാലാവസ്ഥകൾക്കും, തീവ്രവാദ ഭീഷണികൾക്കും ഇടയിലും  എങ്ങനെയും അത് പൂർത്തിയാക്കാറുണ്ട്. ഇക്കഴിഞ്ഞ ദിവസം പര്യവസാനിച്ച ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ നാലാം ഘട്ട പോളിങ്ങിനിടെ ഝാര്‍ഖണ്ഡിലെ ഗുംലാ ജില്ലയിൽ നിന്നും കേവല മനുഷ്യനന്മയുടെയും സ്തുത്യർഹമായ കൃത്യ നിർവ്വഹണത്തിന്റെയും ഒരു ഉദാത്ത മാതൃക കൂടി പുറത്തുവന്നിരിക്കുകയാണ്. 

 ലിയോണാർഡ് ലക്ഡാ എന്ന തെരഞ്ഞെടുപ്പുദ്യോഗസ്ഥൻ ഗുംലാ ജില്ലയിലെ വിദൂരമായ ഒരു ഗ്രാമമായ സരാംഗോയിലാണ് പോസ്റ്റ് ചെയ്യപ്പെട്ടിരുന്നത്. വൈകുന്നേരം 4  മണി.പോളിങ്ങ് തീരാൻ ഇനിയും നേരമുണ്ട്. പെട്ടെന്ന് ലിയോണാർഡ് കുഴഞ്ഞുവീണു. അദ്ദേഹത്തിന്റെ വായിൽ നിന്നും മൂക്കിൽ നിന്നും രക്തം ഒഴുകാൻ തുടങ്ങി. 

ഗുംല ഒരു നക്സൽ ബാധിത പ്രദേശമാണ്. അതുകൊണ്ടുതന്നെ സിആർപിഎഫിന്റെ C/226 ബറ്റാലിയൻറെ അർധസൈനികർ അവിടെ നിയുക്തരായിരുന്നു. അവരിൽ ചിലർ ഈ പോളിങ്ങ് ബൂത്തിന്റെ സുരക്ഷയ്ക്കായും നിയോഗിക്കപ്പെട്ടിരുന്നു. 

ലക്ഡാ കുഴഞ്ഞു വീണതും CRPF ജവാനായ കോൺസ്റ്റബിൾ അനിൽ ശർമ്മ ഉടനടി അദ്ദേഹത്തെ പരിചരിക്കാനെത്തി.  ഫസ്റ്റ് എയിഡ് നൽകി. എന്നാൽ വിദഗ്ധമായ തുടർ പരിചരണം കുഴഞ്ഞുവീണയാൾക്ക് ആവശ്യമാണെന്ന് അദ്ദേഹത്തിന് ബോധ്യപ്പെട്ടു.  എന്നാൽ അതൊരു നക്സൽ ബാധിത വനപ്രദേശമായിരുന്നതിനാൽ അടുത്തെങ്ങും ഒരു ക്ലിനിക്കുപോലും ഉണ്ടായിരുന്നില്ല. പ്രദേശവാസികളോട് അന്വേഷിച്ചപ്പോൾ ഏറ്റവും അടുത്ത സർക്കാർ ഡിസ്‌പെൻസറി ബൂത്തിൽ നിന്നും 3  കിലോമീറ്റർ അകലെയാണെന്നും, നടന്നുമാത്രമേ അവിടെ എത്താനാവൂ എന്നും മനസ്സിലായി. 

പിന്നെ അദ്ദേഹം ഒട്ടും മടിച്ചുനിന്നില്ല. അപ്പോഴും ബോധം വീണിട്ടില്ലാത്ത ലിയോണാർഡിനെയും തന്റെ തോളിലേറ്റി അദ്ദേഹം ഓടി.  നേരത്തിന് ആശുപത്രിയിലെത്തിച്ചതുകൊണ്ടുമാത്രം ആ ഉദ്യോഗസ്ഥന്റെ ജീവൻ രക്ഷപ്പെടുത്താൻ ഡോക്ടർമാർക്ക് സാധിച്ചു. 

തങ്ങളുടെ സൈനികന്റെ ഈ ധീരപ്രവൃത്തിയിൽ അഭിമാനം പ്രകടിപ്പിച്ചുകൊണ്ടും, അദ്ദേഹത്തെ പ്രശംസിച്ചുകൊണ്ടും CRPF അവരുടെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിൽ നിന്നും ഒരു ട്വീറ്റ് ഇട്ടപ്പോഴാണ് ഈ വിവരം പുറം ലോകം അറിയുന്നത്. വേണ്ട സമയത്ത് വേണ്ട പോലെ പ്രവർത്തിക്കാൻ അനിൽ ശർമ്മ എന്ന ധീര സൈനികൻ കാണിച്ച മനസ്സാന്നിധ്യത്തെച്ചൊല്ലി  ലോകമെമ്പാടുമുള്ള ഭാരതീയർ ഇപ്പോൾ അഭിനന്ദനങ്ങൾ കൊണ്ട് മൂടുകയാണ് അദ്ദേഹത്തെ. 

 

 

Follow Us:
Download App:
  • android
  • ios