ബാലറ്റുപയോഗിച്ചു തെരഞ്ഞെടുപ്പ് നടത്തിയ ബൂത്തുകളിലൊക്കെ എ സി ജോസിന് ഭൂരിപക്ഷം കിട്ടി. എന്നാൽ EVM  ഉപയോഗിച്ചിടത്തെല്ലാം. നേരെ തിരിച്ചും. തട്ടിക്കിഴിച്ചു നോക്കിയപ്പോൾ വെറും 123 വോട്ടിന്റെ ഭൂരിപക്ഷത്തിന്  ശിവൻ പിള്ള വിജയിച്ചു.  അതോടെ ആകെ ബഹളമായി. 

ഇലക്ട്രോണിക് വോട്ടിങ്ങ് മെഷീനുകളുടെ ചരിത്രത്തിൽ മധ്യകേരളത്തിലെ നോർത്ത് പറവൂർ മണ്ഡലത്തിന് സുപ്രധാനമായ ഒരു സ്ഥാനമുണ്ട്. 1982-ൽ ആദ്യമായി ഒരു തെരഞ്ഞെടുപ്പിൽ EVM ഉപയോഗിച്ചത് പറവൂരിൽ ആയിരുന്നു. അരങ്ങേറ്റത്തിൽ തന്നെ മെഷീന്റെ പ്രവർത്തനക്ഷമതയ്ക്കുമേൽ ചോദ്യങ്ങളുയരുകയും, റീപോളിങ്ങിൽ തോറ്റയാൾ ജയിക്കുകയും ചെയ്തു ഇവിടെ. 

പറവൂർ ഇന്ത്യൻ തെരഞ്ഞെടുപ്പിൽ എന്തും ആദ്യം പരീക്ഷിക്കപ്പെടുന്ന മണ്ഡലമായിരുന്നു. തീരെ ചെറിയ ഒരു മണ്ഡലമായിരുന്നു പറവൂർ എന്നതുതന്നെയായിരുന്നു ആ പരിഗണനയ്ക്കു പിന്നിൽ. പ്രചാരണ സമയത്തുതന്നെ പോളിങ്ങ് മെഷീൻ ഉപയോഗിക്കപ്പെടാൻ പോവുന്നു എന്നുള്ള വിവരം രാഷ്ട്രീയപാർട്ടികൾ അറിയിച്ചു കഴിഞ്ഞിരുന്നു. സിപിഐയുടെ ശിവൻ പിള്ളയും, കോൺഗ്രസിന്റെ ഡെപ്യൂട്ടി സ്പീക്കർ ആയിരുന്ന എ സി ജോസും ആയിരുന്നു മുഖ്യ സ്ഥാനാർത്ഥികൾ.

വോട്ടിങ്ങ് മെഷീൻ എന്ന് കേട്ടപ്പോൾ തന്നെ രണ്ടു പാർട്ടികളും ആ ആശയത്തെ നഖശിഖാന്തം എതിർത്തു. അവരെ ആ ഒരു പരീക്ഷണത്തിന്റെ പ്രാധാന്യം പറഞ്ഞു മനസ്സിലാക്കാൻ കമ്മീഷൻ ഒരുപാട് പ്രയാസപ്പെട്ടെങ്കിലും മനസ്സില്ലാമനസ്സോടെ അവർ ഒടുക്കം അതിനു തയ്യാറായി. പിന്നെ പ്രചാരണം തീരും വരെ പോളിങ്ങ് മെഷീനുകളുടെ മാതൃകകളുമേന്തി, ജനങ്ങളെ അതിന്റെ പ്രവർത്തനം പഠിപ്പിച്ചുകൊണ്ടായി ഇരുപാർട്ടികളുടേയും പ്രചാരണം. 

മണ്ഡലത്തിലെ ആകെ വോട്ടർമാരുടെ എണ്ണം 80,431. എഴുപത്തൊമ്പതു ശതമാനം പോളിങ്ങ് നടന്ന ആ തെരഞ്ഞെടുപ്പിൽ രേഖപ്പെടുത്തപ്പെട്ട വോട്ടുകളുടെ എണ്ണം 63,486 ആയിരുന്നു. 50 ബൂത്തുകളിൽ വോട്ടിങ്ങ് മെഷീനുകൾ വിന്യസിക്കപ്പെട്ടു. ബാക്കിയുള്ളതിൽ ബാലറ്റും. പോളിങ്ങ് മെഷീൻ വിന്യസിച്ച ബൂത്തുകളിൽ സ്റ്റാൻഡ് ബൈ ആയി ബാലറ്റും കരുതിയിരുന്നെങ്കിലും, മെഷീനിൽ തന്നെ പോളിങ്ങ് പൂർത്തിയാക്കപ്പെട്ടു. പുതിയ മെഷീന്റെ സൗകര്യങ്ങൾ പോളിങ്ങ് വേളയിൽ ഇരുപാർട്ടികളെയും ആകർഷിച്ചു. വരണാധികാരികൾക്കും പോളിങ്ങ് ഓഫീസർമാർക്കും അനുയായികൾക്കും ഒക്കെ സന്തോഷം തന്നെ. ബാലറ്റുപേപ്പർ സോർട്ട് ചെയ്യണ്ട, ടാലി ചെയ്യണ്ട, ബണ്ടിൽ ആക്കേണ്ട. ബാലറ്റുകളെക്കാൾ പത്തിരട്ടി വേഗത്തിൽ വോട്ടെണ്ണൽ പൂർത്തിയാകുന്നു. എല്ലാം കൊണ്ടും വളരെ നല്ലൊരു പരിഷ്‌കാരം എന്ന പ്രതീതി പരന്നു.

ആ പ്രതീതി പക്ഷേ, ഫലം പുറത്തുവന്നതോടെ അസ്തമിച്ചു. ബാലറ്റുപയോഗിച്ചു തെരഞ്ഞെടുപ്പ് നടത്തിയ ബൂത്തുകളിലൊക്കെ എ സി ജോസിന് ഭൂരിപക്ഷം കിട്ടി. എന്നാൽ EVM ഉപയോഗിച്ചിടത്തെല്ലാം. നേരെ തിരിച്ചും. തട്ടിക്കിഴിച്ചു നോക്കിയപ്പോൾ വെറും 123 വോട്ടിന്റെ ഭൂരിപക്ഷത്തിന് ശിവൻ പിള്ള വിജയിച്ചു. അതോടെ ആകെ ബഹളമായി. അത്ര നേരം EVMന്റെ അപദാനങ്ങൾ പാടിനടന്നിരുന്ന കോൺഗ്രസ് പരാജയം രുചിച്ചതോടെ നേരെ തിരിഞ്ഞു. വോട്ടിങ്ങ് മെഷീന്റെ പ്രവർത്തനത്തിലെ പാളിച്ചകൾ കൊണ്ടോ അല്ലെങ്കിൽ ക്രമക്കേടുകൾ കൊണ്ടോ ആവാം എ സി ജോസ് തോറ്റത് എന്ന് സ്വാഭാവികമായും അവർക്ക് തോന്നി. 

എ സി ജോസ് ഫയൽ ചെയ്ത തെരഞ്ഞെടുപ്പ് കേസ് അന്തിമവാദത്തിനായി സുപ്രീം കോടതിയിൽ എത്തിപ്പെടുന്നത് 1984 മാർച്ചിലാണ്. ജോസിന് വേണ്ടി കെ.കെ. വേണുഗോപാലും ശിവൻ പിള്ളയ്ക്ക് വേണ്ടി റാം ജേഠ് മലാനിയുമാണ് കേസ് വാദിക്കാൻ സുപ്രീം കോടതിയിൽ എത്തിയത്. 1951 -ലെ ജനപ്രാതിനിധ്യ നിയമവും, 1961 ലെ തെരഞ്ഞെടുപ്പ് നടത്തിപ്പ് നിയമവും പ്രകാരം ഇലക്ട്രോണിക് വോട്ടിങ്ങ് മെഷീനുകൾ പോളിങ്ങിന് ഉപയോഗിക്കുന്നത് നിയമവിരുദ്ധമാണ് എന്നായിരുന്നു ജോസിന്റെ വാദം. ആ വാദം അംഗീകരിച്ച സുപ്രീം കോടതി EVM ഉപയോഗിച്ച 50 ബൂത്തുകളിൽ മാത്രം റീപോളിങ്ങ് നടത്താൻ ഉത്തരവിട്ടു. ഇത്തവണ ബാലറ്റ് ഉപയോഗിച്ചേ തെരഞ്ഞെടുപ്പ് നടത്താവൂ എന്നും നിഷ്കർഷിച്ചു.

എന്തായാലും ആ ബൂത്തുകളിൽ റീപോളിങ്ങ് കഴിഞ്ഞ് റിസൾട്ട് വന്നപ്പോൾ തെരഞ്ഞെടുപ്പ് ഫലം നേരെ തിരിഞ്ഞു. 1,472 വോട്ടുകളുടെ ഭൂരിപക്ഷത്തിന് എ സി ജോസ് ജയിച്ചു. അതോടെ IC ചിപ്പുകൾ ഉപയോഗിച്ച്, കെ എം ഹനീഫയുടെ ഡിസൈനിൽ നിർമ്മിച്ച ആ ബാച്ച് ഇലക്ട്രോണിക് വോട്ടിങ്ങ് മെഷീനുകൾ ഉപയോഗിക്കുന്നത് നിർത്തലാക്കി. പിന്നീട്, 1989 -ൽ ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ്(BEL) എന്ന കേന്ദ്ര സർക്കാർ സ്ഥാപനത്തിലെ പ്രോജക്ട് എഞ്ചിനീയറായ 'സുജാത' രംഗരാജനാണ് ഇന്ന് നമ്മൾ കാണുന്ന EVM ഡിസൈൻ ചെയ്തത്. ആ EVM അതിന്റെ പ്രാഗ് രൂപങ്ങളെക്കാൾ മികവുറ്റ ഡിസൈനിൽ ഉള്ളതായിരുന്നു. അതുകൊണ്ടുതന്നെ ഡിസൈനിൽ ഉണ്ടായിരുന്ന ചെറിയ പ്രശ്നങ്ങളെ പരിഹരിച്ചുകൊണ്ട് അതേ മെഷീൻ തന്നെയാണ് ഇന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ പിന്തുടരുന്നത്.