Asianet News MalayalamAsianet News Malayalam

'ചിഹ്നം തീരുമാനിച്ചിട്ടില്ല; പരസ്യമായി പിന്തുണച്ചില്ലെങ്കിലും എന്റെ നാട്ടുകാർ എന്നെ ജയിപ്പിക്കും': ​ഗോമതി

''എല്ലാവർക്കും എന്നെ അറിയാം. ഞാൻ ഒറ്റയ്ക്കാണ് എല്ലായിടത്തും വോട്ട് ചോദിക്കാൻ പോകുന്നത്. പ്രത്യേകിച്ച് പരിചയപ്പെടുത്തലിന്റെ ആവശ്യം വരുന്നില്ലല്ലോ.'' ​ഗോമതി പറയുന്നു. 

intervew with gomathi pombilai orumai leader
Author
Thiruvananthapuram, First Published Mar 26, 2019, 1:18 PM IST

ഒരു കൊടിയുടെയും തണലില്ലാതെ, ഒരു പാർട്ടിയുടെയും പിന്തുണയില്ലാതെ ജനങ്ങൾ നൽകിയ ആത്മവിശ്വാസത്തിന്റെ കരുത്തിൽ ​ഗോമതി ജി എന്ന വനിതാ നേതാവ് ​തെരഞ്ഞെടുപ്പ് ​ഗോദയിലേക്ക് ഇറങ്ങുകയാണ്. മൂന്നാറിലെ ബഹുഭൂരിപക്ഷം വരുന്ന തോട്ടം തൊഴിലാളികളുടെ സമരനായികയാണ് ​ഗോമതി അക്ക. മൂന്നാറിന്റെ പച്ചപ്പിൽ നിന്നും പൊള്ളുന്ന സമരച്ചൂടിലേക്ക് ഇറങ്ങിച്ചെന്ന ഒരു കൂട്ടം തോട്ടം തൊഴിലാളി സ്ത്രീകൾ. അവർക്ക് ആവശ്യം അർഹതപ്പെട്ട വേതനവും ആനുകൂല്യങ്ങളുമായിരുന്നു. ഒരു രാഷ്ട്രീയത്തിന്റെയും സഹായം ആവശ്യമില്ലെന്ന് പറഞ്ഞ് ഒരു കൂട്ടം പാവപ്പെട്ട തൊഴിലാളി സ്ത്രീകൾ ഒന്നു ചേർന്നപ്പോൾ പൊമ്പിളൈ ഒരുമ എന്ന ശക്തമായ തൊഴിലാളി കൂട്ടായ്മയുണ്ടായി. 

തൊട്ടടുത്തെത്തിയ പതിനേഴാം ലോക്സഭാ തെരഞ്ഞെടുപ്പിൽ ​ഗോമതിയും സ്ഥാനാർത്ഥിയാകുന്നുണ്ട്. ഇടുക്കി മണ്ഡലത്തിൽ നിന്ന് സ്വതന്ത്ര സ്ഥാനാർത്ഥിയായിട്ടാണ് മത്സരിക്കുന്നത്. കേരളം കണ്ട വലിയൊരു സ്ത്രീ തൊഴിലാളി സമരത്തിന്റെ മുന്നിൽ നിന്ന് നയിച്ച അതേ ചങ്കുറപ്പാണ് ഒരു പാർട്ടിയുടെയും പിന്തുണയില്ലാതെ സ്വതന്ത്രയായി നിന്ന് മത്സരിക്കാനുള്ള ആത്മവിശ്വാസം ​ഗോമതിക്ക് നൽകുന്നത്. മൂന്നാറിലെ ഓരോ മണൽത്തരിക്ക് പോലും ​ഗോമതി അക്കയെ അറിയാം. അതുകൊണ്ട് പ്രചാരണത്തിന് മറ്റ് സ്ഥാനാർത്ഥികളെപ്പോലെ ആളും ആരവവുമായിട്ടല്ല ​ഗോമതി പോകുന്നത്, ഒറ്റയ്ക്കാണ്.

intervew with gomathi pombilai orumai leader

 

''എല്ലാവർക്കും എന്നെ അറിയാം. ഞാൻ ഒറ്റയ്ക്കാണ് എല്ലായിടത്തും വോട്ട് ചോദിക്കാൻ പോകുന്നത്. പ്രത്യേകിച്ച് പരിചയപ്പെടുത്തലിന്റെ ആവശ്യം വരുന്നില്ലല്ലോ.'' ​ഗോമതി പറയുന്നു. തോട്ടം തൊഴിലാളികളെയും അവരുടെ പ്രശ്നങ്ങളെയും വളരെ വ്യക്തമായി അറിയാവുന്നത് കൊണ്ട് തന്നെയാണ് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ തീരുമാനിച്ചതെന്ന് ​ഗോമതി ഉറച്ച ശബ്ദത്തിൽ പറയുന്നു. ''അവർക്ക് വേണ്ടി സംസാരിക്കാൻ ഒരാളുണ്ടാകണം. അവരുടെ വേതന വിഷയത്തിലും അവർക്ക് അർഹതപ്പെട്ട ആനുകൂല്യങ്ങൾ ലഭിക്കുന്ന വിഷയത്തിലും തീരുമാനമുണ്ടാകണം. അതുപോലെ ആദിവാസികളെ അവരുടെ സ്വാഭാവിക വാസസ്ഥാനത്ത് നിന്നും പുറത്താക്കാനുള്ള നടപടി തുടങ്ങിക്കഴി‍ഞ്ഞു. അതിനെതിരെയും ശബ്ദമുയർത്തണമെന്ന് ഞാൻ വിശ്വസിക്കുന്നു.തോട്ടം തൊഴിലാളികൾക്ക് നൽകിയ  വാ​ഗ്ദാനങ്ങളൊന്നും പാലിക്കാൻ ഇതുവരെ സർക്കാരിന് സാധിച്ചിട്ടില്ല. അനവധി പ്രതിസന്ധികളിലൂടെയാണ് തോട്ടം തൊഴിലാളികൾ കടന്നു പോകുന്നത്. ഇത്തവണ ബജറ്റിൽ പോലും തോട്ടം തൊഴിലാളികളെ ഉൾപ്പെടുത്തിയിട്ടില്ല. അധികാരികളുടെ അടുത്ത് അവരുടെ പ്രശ്നങ്ങള്‍ എത്തിക്കണം'' ​ഗോമതിയുടെ വാക്കുകൾ.

intervew with gomathi pombilai orumai leader

ഏത് ചിഹ്നത്തിലാണ് മത്സരിക്കുന്നതെന്ന് തീരുമാനിച്ചിട്ടില്ലെന്നും ​ഗോമതി വെളിപ്പെടുത്തുന്നു. പരസ്യമായി തന്നെ പിന്തുണയ്ക്കാത്ത പല നാട്ടുകാരും തനിക്ക് വോട്ട് ചെയ്യാമെന്ന് ഉറപ്പ് നൽകിയിട്ടുണ്ട്. ജയിച്ചാൽ മൂന്നാറിലെ തോട്ടം തൊഴിലാളികളുടെ ഭൂമി പ്രശ്നത്തിൽ പരിഹാരം കാണാൻ സാധിക്കുമെന്ന് ഗോമതി ആത്മവിശ്വാസത്തോടെ ഉറപ്പ് നല്‍കുന്നു. കൂലിയില്ലായ്മ, ഭൂമിയില്ലായ്മ, ബോണസ് എന്നിവയാണ് തോട്ടം തൊഴിലാളികൾ നേരിടുന്ന അടിസ്ഥാന പ്രശ്നങ്ങൾ. ഇടതു വലതു മുന്നണികൾ പിന്തുണയ്ക്കുന്നില്ലെങ്കിലും മറ്റ് പല സംഘടനകളും പിന്തുണ നൽകാമെന്ന് അറിയിച്ചിട്ടുണ്ട്. തൊഴിലാളികളുടെ ശമ്പളം വർദ്ധിപ്പിക്കാമെന്ന് ട്രേഡ് യൂണിയനുകൾ പറഞ്ഞെങ്കിലും അത് ഇതുവരെ പാലിക്കപ്പെട്ടിട്ടില്ല. 

തോട്ടം തൊഴിലാളികൾക്ക് വേണ്ടി സംസാരിക്കാൻ ഒരാളുണ്ടാകുക എന്നതാണ് പ്രധാനമെന്നും ​ഗോമതി പറയുന്നു. 'ഇവിടെ നടക്കുന്ന കാര്യങ്ങൾ എനിക്ക് ജനങ്ങളെ അറിയിക്കണം. അതിന് വേണ്ടിയാണ് ഞാൻ മത്സരിക്കാനിറങ്ങിയിരിക്കുന്നത്.'  ഇടുക്കിയിലെ  ജനങ്ങൾ തന്നെ ജയിപ്പിക്കുമെന്ന ആത്മവിശ്വാസമാണ് ഗോമതിയുടെ വാക്കുകളില്‍ നിറയുന്നത്. 

Follow Us:
Download App:
  • android
  • ios