കൽവകുണ്ടല ചന്ദ്രശേഖര റാവു എന്ന കെസിആറിന്റെ സാമ്രാജ്യമാണ്  തെലങ്കാന. ആന്ധ്രപ്രദേശ് മാറിമാറി ഭരിച്ചു പോന്ന രാഷ്ട്രീയ കക്ഷികളുടെ അവഗണനയിൽ പ്രതിഷേധിച്ചുകൊണ്ട്  2001-ലാണ് അദ്ദേഹം തെലുഗുദേശം പാർട്ടി വിട്ട് തെലങ്കാന രാഷ്ട്ര സമിതി എന്ന പേരിൽ ഒരു പാർട്ടിയുണ്ടാക്കുന്നത്. തെലങ്കാനാ പ്രവിശ്യയുടെ വികസനം പുതിയൊരു സംസ്ഥാനം രൂപീകരിച്ചുകൊണ്ടുമാത്രമേ സാധ്യമാവൂ എന്ന തന്റെ ആവശ്യത്തിൽ ഉറച്ചു നിന്നുകൊണ്ട് അദ്ദേഹം തുടർന്ന സമരങ്ങളാണ് ഒടുവിൽ 2014-ൽ തെലങ്കാനാ സംസ്ഥാന രൂപീകരണത്തിൽ കലാശിച്ചത്. അന്നുതൊട്ടിന്നുവരെ തെലങ്കാനയുടെ മുഖ്യമന്ത്രി അദ്ദേഹം തന്നെ. 

എന്നാൽ, ഇത്തവണ കൂടുതൽ ശക്തിയാർജ്ജിച്ച ബിജെപി തരംഗത്തിൽ അദ്ദേഹത്തിൻെറ കാൽക്കീഴിലെ മണ്ണും ഇളകിത്തുടങ്ങിയിരിക്കുന്നു. അതിന്റെ ഏറ്റവും പ്രകടമായ ലക്ഷണമാണ് ഈ തെരഞ്ഞെടുപ്പിൽ, ടിആർഎസിന്റെ ഉറച്ച കോട്ടയായിരുന്ന  നിസാമാബാദ് ലോക്‌സഭാ മണ്ഡലത്തിൽ കെസിആറിന്റെ മകൾ കൽവകുണ്ടല കവിതയ്ക്ക് രുചിക്കേണ്ടി വന്ന പരാജയം. ബിജെപി സ്ഥാനാർഥി അരവിന്ദ് ധർമപുരിയാണ് കവിതയെ 70,000-ലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിന് തോൽപ്പിച്ചുകളഞ്ഞത്. 

2018-ൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ കെസിആർ നേടിയ ഉജ്ജ്വലവിജയം (88/ 119) ഇക്കുറി മകൾ കവിതയെയും അനായാസം നിസാമാബാദിൽ വിജയിപ്പിച്ചു വിടുമെന്നായിരുന്നു പരക്കെയുള്ള പ്രതീക്ഷ.  എന്നാൽ, തെരഞ്ഞെടുപ്പ് തുടങ്ങുന്നതിന് മാസങ്ങൾ മുമ്പുമാത്രമാണ് ഇക്കുറി കവിതയുടെ ജനസ്വാധീനത്തിന്റെ അടിവേരിളക്കുന്ന തരത്തിലുള്ള ഒരു പ്രതിഷേധം ഉരുൾപൊട്ടി വന്നത്. അതോടെ കവിതയുടെ പോരാട്ടം, ബിജെപി സ്ഥാനാർത്ഥി അരവിന്ദ് ധർമപുരിയോടും, മുതിർന്ന കോൺഗ്രസ് സ്ഥാനാർത്ഥിയായ മധു യഷ്‌കിയോടും മാത്രം അല്ലാതായി. അവരുടെ പോരാട്ടം സംസ്ഥാനത്തെ കഷ്ടപ്പെടുന്ന മഞ്ഞൾ കർഷകരുടെ പ്രതിനിധികളായ 174 കർഷകരോടുകൂടി ആയി മാറി. ദിവസങ്ങളുടെ ഇടവേള കൊണ്ട് അവർക്കെതിരെ സമർപ്പിക്കപ്പെട്ടത് 185  കർഷകരുടെ നാമനിർദേശപത്രികകളാണ്. അതിൽ 174  എണ്ണം സ്‌ക്രീനിങ്ങിനു ശേഷം മത്സര രംഗത്ത് വന്നു. 

ആ കർഷകരോട് അവരുടെ നാമനിർദേശ പത്രികകൾ പിൻവലിക്കാൻ കവിത പരമാവധി അപേക്ഷിച്ചുവെങ്കിലും അവർ തയ്യാറായില്ല. ഒടുവിൽ, അവരുടെ സമ്മർദ്ദങ്ങൾക്ക് വഴങ്ങി, തെലങ്കാനയിൽ 'മഞ്ഞൾ ബോർഡ്' സ്ഥാപിക്കുമെന്നുവരെ വാഗ്ദാനം നൽകി നോക്കി കവിത. എന്നാൽ അതൊന്നും തന്നെ തെരഞ്ഞെടുപ്പിൽ അവരെ സഹായിച്ചില്ല. കർഷകരുടെ പ്രതിഷേധം കേന്ദ്രത്തിനെതിരെയാണെന്നും തന്റെ വിജയപ്രതീക്ഷകളെ അതൊന്നും ബാധിക്കുന്നില്ല എന്ന് കവിത ഫലം വരും വരെയും പ്രതീക്ഷ പ്രകടിപ്പിച്ചുവെങ്കിലും ഫലം അവരുടെ പ്രതീക്ഷകളെ തകിടം മറിച്ചു. ഈ 174  മഞ്ഞൾ കർഷകരും കൂടി വെട്ടിപ്പിടിച്ചത് ഒരു ലക്ഷത്തിൽപ്പരം വോട്ടുകളാണ്. അതിനേക്കാൾ കുറഞ്ഞ വോട്ടിനാണ് കവിത അരവിന്ദിനോട് പരാജയപ്പെട്ടതും..!  

 പാവപ്പെട്ട കർഷകർ എന്നും രാഷ്ട്രീയപ്പാർട്ടികൾക്ക് വെളിയിലാണ്. അവരുടെ ആവശ്യങ്ങൾ പലപ്പോഴും അംഗീകരിക്കപ്പെടുന്നില്ല. കൃഷിചെയ്യാൻ വെള്ളത്തിനും, വിളകൾ വിറ്റഴിക്കാൻ  വിപണിയ്ക്കും വേണ്ടിയുള്ള അവരുടെ ന്യായമായ ആവശ്യങ്ങൾക്കു നേരെ പാർട്ടികൾ കണ്ണടക്കുന്നു. അവഗണനകളിൽ നിരാശരായി പലപ്പോഴും അവർ ആത്മാഹുതി ചെയ്യുന്നു. അവർക്ക് പലപ്പോഴും സംഘടിക്കാൻ പോലും ഒരു പ്ലാറ്റ്‌ഫോം കിട്ടാറില്ല. എന്നാൽ ഈ പതിവ് രീതികളൊക്കെ തെറ്റിച്ചുകൊണ്ട്, രാഷ്ട്രീയ പാർട്ടികൾക്ക് ദുസ്വപ്നങ്ങൾ സമ്മാനിച്ചിരിക്കുന്നു, തങ്ങളുടെ ശബ്ദം തെരഞ്ഞെടുപ്പ് ഗോദയിൽ ഉച്ചത്തിൽ കേൾപ്പിച്ചിരിക്കുന്നു ഇക്കുറി തെലങ്കാനയിലെ  ഈ മഞ്ഞൾ കർഷകർ.. ഇനി അവരെ ആർക്കും അവഗണിക്കാനായെന്നു വരില്ല. അവർക്ക് ഈ തോൽവി പോലും, പുതിയൊരു പോരാട്ടത്തിന്റെ തുടക്കമാവാം.