അഞ്ച്‌ സീറ്റില്‍ മുറുകെപ്പിടിച്ച്‌ 'കനലൊരു തരി മതി' എന്നൊക്കെ ആശ്വസിക്കാമെങ്കിലും താത്വികപരമായി അവലോകനം ചെയ്യുമ്പോള്‍ ഈ പരാജയത്തെ എങ്ങനെ വിശദീകരിക്കുമെന്നോര്‍ത്ത്‌ നേതാക്കള്‍ തലപുകയ്‌ക്കുകയാണെന്നാണ്‌ സൂചന.

ലോക്‌സഭാ തെരഞ്ഞെടുപ്പ്‌ ചരിത്രത്തിലെ ഏറ്റവും ദയനീയ തോല്‍വിയാണ്‌ രാജ്യത്തെ ഇടതുപാര്‍ട്ടികള്‍ക്ക്‌ ഇക്കുറി നേരിടേണ്ടിവന്നത്‌. ശക്തമായ ഇടത്‌ കോട്ടയെന്ന്‌ വിശേഷിപ്പിച്ചിരുന്ന പശ്ചിമബംഗാളില്‍ ഇടതുപക്ഷം വിശിഷ്യാ സിപിഎം നാമാവശേഷമായി. ത്രിപുരയിലും സ്ഥിതി വ്യത്യസ്‌തമല്ല. ചെങ്കൊടി പാറുമെന്ന്‌ ഏറെ പ്രതീക്ഷിച്ച കേരളവും ഇടതുപക്ഷത്തെ നിരാശപ്പെടുത്തി. അങ്ങനെ 17ാം ലോക്‌സഭയിലെ ഇടത്‌ സാന്നിധ്യം വെറും അഞ്ച്‌ സീറ്റ്‌ മാത്രമായി.

ഇത്തവണ തെരഞ്ഞെടുപ്പില്‍ ഏറ്റവും കൂടുതല്‍ വിജയം ഇടതുപക്ഷത്തിന്‌ നേടാനായത്‌ തമിഴ്‌നാട്ടില്‍ നിന്നാണ്‌, നാല്‌ സീറ്റ്‌. (സിപിഐക്ക്‌ രണ്ട്‌ സിപിഎമ്മിന്‌ രണ്ട്‌.) അപ്പോഴും എടുത്തുപറയേണ്ട കാര്യം ഈ വിജയങ്ങള്‍ കോണ്‍ഗ്രസ്‌-ഡിഎംകെ സഖ്യത്തിന്റെ കൂടി പിന്തുണയില്‍ നേടിയതാണ്‌ എന്നതാണ്‌. അതുകൊണ്ട്‌ തന്നെ ആ നാലിടങ്ങളിലെ വിജയത്തെ യുപിഎയുടെ അക്കൗണ്ടിലേക്ക്‌ ചേര്‍ത്തുവച്ചേ മതിയാവൂ.

അങ്ങനെ നോക്കുമ്പോള്‍ ഇടതുപക്ഷത്തിന്റെ നേട്ടങ്ങളുടെ കോളത്തിലേക്ക്‌ ചേര്‍ത്ത്‌ വയ്‌ക്കാനുള്ളത്‌ കേരളത്തിലെ ഒരു സീറ്റ്‌ മാത്രമാണ്‌. തമിഴ്‌നാട്ടില്‍ ഒപ്പം നിന്ന അതേ കോണ്‍ഗ്രസ്സാണ്‌ കേരളത്തില്‍ ഇടതിനെ തറപറ്റിച്ചത്‌ എന്നതാണ്‌ ഏറ്റവും വലിയ വിരോധാഭാസം!

ഇടതുപക്ഷം ഏറ്റവും വലിയ മുന്നേറ്റം നടത്തിയ ലോക്‌സഭാ തെരഞ്ഞെടുപ്പ്‌ 2004ലേതായിരുന്നു. അന്ന്‌ ഇടുകക്ഷികളെല്ലാം കൂടി നേടിയത്‌ 59 സീറ്റുകളാണ്‌. ഒന്നാം യുപിഎ സര്‍ക്കാരിനെ പുറത്ത്‌ നിന്ന്‌ പിന്തുണച്ച്‌ ഭരണത്തിന്റെ ഭാഗമാകാനും ഇടത്‌ പക്ഷത്തിന്‌ അന്ന്‌ സാധിച്ചു. പിന്നീടിങ്ങോട്ട്‌ പക്ഷേ ഇടതുപക്ഷം ശോഷിക്കുന്ന കാഴ്‌ച്ചയാണ്‌ കണ്ടത്‌.

2009ല്‍ 20 സീറ്റാണ്‌ സിപിഎമ്മും സിപിഐയും കൂടി നേടിയത്‌. 2014ല്‍ പാര്‍ലമെന്റിലെ ഇടത്‌ സീറ്റുകളുടെ എണ്ണം 12 ആയി ചുരുങ്ങി. 2015ല്‍ ഇരുപാര്‍ട്ടികള്‍ക്കും കൂടി 10 അംഗങ്ങളാണ്‌ പാര്‍ലമെന്റില്‍ ഉണ്ടായിരുന്നത്‌. അതാണ്‌ ഇക്കുറി വീണ്ടും ചുരുങ്ങി അഞ്ചിലേക്ക്‌ എത്തിയത്‌.

ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷം ഏറെ പ്രതീക്ഷ പുലര്‍ത്തിയിരുന്നത്‌ കേരളത്തിലായിരുന്നു. രാഹുല്‍ ഗാന്ധിയുെട വയനാട്‌ സ്ഥാനാര്‍ത്ഥിത്വമോ മോദിതരംഗമോ ഒന്നും തങ്ങള്‍ക്ക്‌ വെല്ലുവിളിയാവില്ലെന്ന്‌ ഇടത്‌ നേതാക്കള്‍ പ്രചാരണകാലത്ത്‌ ആവര്‍ത്തിച്ച്‌ പറഞ്ഞതും ആ പ്രതീക്ഷ അത്രമേല്‍ ഉറച്ചതായതുകൊണ്ട്‌ തന്നെ. എന്നിട്ടും കേരളത്തില്‍ ഇടത്‌കോട്ട തകര്‍ന്നു. പതിറ്റാണ്ടുകള്‍ ഭരിച്ച ബംഗാളും ത്രിപുരയും കൈവിട്ടതിന്‌ പിന്നാലെ കേരളവും ഇടത്‌ പക്ഷത്തോട്‌ കടക്ക്‌ പുറത്ത്‌ എന്ന്‌ പറഞ്ഞു. അഞ്ച്‌ സീറ്റില്‍ മുറുകെപ്പിടിച്ച്‌ 'കനലൊരു തരി മതി' എന്നൊക്കെ ആശ്വസിക്കാമെങ്കിലും താത്വികപരമായി അവലോകനം ചെയ്യുമ്പോള്‍ ഈ പരാജയത്തെ എങ്ങനെ വിശദീകരിക്കുമെന്നോര്‍ത്ത്‌ നേതാക്കള്‍ തലപുകയ്‌ക്കുകയാണെന്നാണ്‌ സൂചന.