185 സ്ഥാനാർത്ഥികൾ മത്സരിക്കുന്ന മണ്ഡലത്തിലെ ഓരോ പോളിങ് സ്റ്റേഷനിലുമായി 12 ഇലക്ട്രോണിക് വോട്ടിങ് മെഷിനുകളാണ് (ഇവിഎം) സ്ഥാപിക്കുക. ഇതോടെ ഇവിഎം ഉപയോഗിച്ച് വോട്ടെടുപ്പ് നടത്തുന്ന രാജ്യത്തെ ആദ്യ ലോക്സഭാ മണ്ഡലമായി നിസാമാബാദ് മാറും. 

ഹൈദരാബാദ്: ലോക്സഭാ തെരഞ്ഞെടുപ്പിൽ ചരിത്രം സൃഷ്ടിക്കാൻ ഒരുങ്ങുകയാണ് തെലങ്കാനയിലെ നിസാമാബാദ് ലോക്സഭാ മണ്ഡലം.185 സ്ഥാനാർത്ഥികൾ മത്സരിക്കുന്ന മണ്ഡലത്തിലെ ഓരോ പോളിങ് സ്റ്റേഷനിലുമായി 12 ഇലക്ട്രോണിക് വോട്ടിങ് മെഷിനുകളാണ് (ഇവിഎം) സ്ഥാപിക്കുക. ഇതോടെ ഇവിഎം ഉപയോഗിച്ച് വോട്ടെടുപ്പ് നടത്തുന്ന രാജ്യത്തെ ആദ്യ ലോക്സഭാ മണ്ഡലമായി നിസാമാബാദ് മാറും. 

ലോക്സഭാ തെരഞ്ഞെടുപ്പിൽ രാജ്യത്ത് ഏറ്റവും കൂടുതൽ സ്ഥാനാർത്ഥികൾ മത്സരിക്കുന്ന മണ്ഡലമെന്ന ഖ്യാതിയും നിസാമാബാദിന് തന്നെയാണ്. 178 കർഷകരാണ് സംസ്ഥാനത്തെ വിവിധ മണ്ഡലങ്ങളിലായി മത്സരിക്കുന്നത്. കാർഷിക ഉത്പന്നങ്ങളുടെ വില വർധിപ്പിക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടെന്ന് കാണിച്ചാണ് നിസാമാബാദിൽ കർഷകർ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ തീരുമാനിച്ചത്. ഇവിഎമ്മിൽ 64 പേരുകൾ മാത്രമേ ചേർക്കാൻ കഴിയുകയുള്ളുവെന്ന സാഹചര്യത്തിൽ മണ്ഡലത്തിൽ ബാലറ്റ് പേപ്പർ സംവിധാനം ഒരുക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനിച്ചതായിരുന്നു. പിന്നീടാണ് ഓരോ മണ്ഡലത്തിലുമായി 12 ഇവിഎം സ്ഥാപിക്കാമെന്ന ആശയത്തിൽ കമ്മീഷൻ എത്തിയത്. 

ഇതിനായി 26,820 ഇവിഎം 2,240 കൺട്രോൾ യൂണിറ്റുകൾ, 2,600 വോട്ടർ വെരിഫൈഡ് പേപ്പർ ഓഡിറ്റ് ട്രയൽസ് (വിവിപാറ്റ് ) എന്നിവ വിതരണം ചെയ്യാൻ ഇലക്ട്രോണിക്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡിനോട് (ഇസിഐഎൽ) തെരഞ്ഞെടുപ്പ് കമ്മീഷൻ ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പിന് മൂന്ന് ദിവസം മാത്രം ബാക്കി നിൽക്കെ മറ്റ് നടപടിക്രമങ്ങൾ പൂർത്തിയാക്കാനുള്ള തിരക്കിലാണ് ഉദ്യോ​ഗസ്ഥർ. 16 ലോക്സഭാ മണ്ഡലങ്ങളുള്ള നിസാമാബാ​ദിൽ ഏപ്രിൽ 11-നാണ് തെരഞ്ഞെടുപ്പ് നടക്കുക.

പോളിങ് ബൂത്തുകളിൽ എം3 (M3) വേർഷനിലുള്ള ഇവിഎം മെഷിനുകളാണ് സ്ഥാപിക്കുന്നത്. ഒറ്റ കൺട്രോൾ യൂണിറ്റിൽ പ്രവർത്തിക്കുന്ന മെഷിനുകൾക്കൊപ്പം വിവിപാറ്റും ഘടിപ്പിക്കും. 16 സ്ഥാനാർത്ഥികളുടെ പേരുകൾ ഉൾക്കൊള്ളുന്ന മെഷിനുകൾ 'എൽ' ആകൃതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്. സംസ്ഥാനത്താകെ 1,778 പോളിങ് സ്റ്റേഷനുകളാണുള്ളത്. എല്ലാ പോളിങ് സ്റ്റേഷനുകളിലും സ്ഥാനാർത്ഥികളുടെ പേര്, സീരിൽ നമ്പർ, ഫേട്ടോ എന്നിവ പ്രദർശിപ്പിക്കുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി.