എന്നാല്‍ കാത്തിരിക്കുന്നത് അനിവാര്യമായ തോല്‍വിയാണെന്നും അതിനെ മറികടക്കേണ്ടത് പോരാളിയുടെ മിടുക്കാണെന്നുമുള്ള ആത്മവിശ്വാസമായിരുന്നു കെ മുരളീധരന്‍റെ കൈമുതല്‍. 

17 -ാം ലോകസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പുറകേ പാര്‍ട്ടി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചപ്പോള്‍ സിപിഎമ്മിന്‍റെ വിജയസാധ്യത ഏറ്റവും കൂടിയ സ്ഥാനാര്‍ത്ഥിയായിരുന്നു പി ജയരാജന്‍. കണ്ണൂര്‍ രാഷ്ട്രീയത്തിനും മേലെ സംസ്ഥാന സിപിഎമ്മിന്‍റെ അകത്തളങ്ങളില്‍ പിണറായി വിജയന്‍ കഴിഞ്ഞാല്‍ കരുത്തന്മാരില്‍ മുന്‍പന്തിയിലുണ്ടായിരുന്നു പി ജയരാജന്‍. അതുകൊണ്ട് തന്നെ തെരഞ്ഞെടുപ്പിനും ഏറമുന്നേ ജയിച്ച സ്ഥാനാര്‍ത്ഥി എന്ന ആത്മവിശ്വാസത്തോടെയായിരുന്നു പാര്‍ട്ടിയും സ്ഥാനാര്‍ത്ഥിയും തെരഞ്ഞെടുപ്പ് പ്രചാരണത്തെ സമീപിച്ചിരുന്നത്. 

എന്നാല്‍ ആ ആത്മവിശ്വാസത്തിനേറ്റ ആദ്യത്തെ അടിയായിരുന്നു കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി കെ മുരളീധരന്‍റെ വരവ്. 1989,1991,1999 വര്‍ഷങ്ങളില്‍ കോഴിക്കോട് നിന്ന് ലോകസഭയെ പ്രതിനിധീകരിച്ച കെ മുരളീധരന്‍ നിലവില്‍ വട്ടിയൂര്‍കാവ് എംഎല്‍എയാണ്. പി ജയരാജനെ എതിരിടാന്‍ പല പേരുകളും കോണ്‍ഗ്രസ് പരിശോധിച്ചെങ്കിലും ആരും തയ്യാറാകാതിരുന്നിടത്താണ് സ്വന്തം ആത്മവിശ്വാസത്തില്‍ മുരളീധരന്‍ വടകരയില്‍ മത്സരത്തിനായെത്തുന്നത്. 

മുരളീധരന്‍റെ രംഗപ്രവേശനത്തില്‍ ആടിയുലഞ്ഞ സിപിഎം സ്ഥാനാര്‍ത്ഥി തനിക്കേറ്റ മുറിവുകള്‍ ഉയര്‍ത്തിക്കാട്ടി ഫേസ്ബുക്ക് കുറിപ്പുകളെഴുതി. " പരാജയ ഭീതിയിലായ യുഡിഎഫും ബിജെപിയും ചേർന്ന് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ കഴിയുമോ എന്ന പരിശ്രമമാണ് നടത്തുന്നത്. ജനാധിപത്യ വ്യവസ്ഥയിൽ ജനങ്ങളാണ് പരമാധികാരികൾ. ജനകീയ കോടതിക്ക് മുൻപിൽ ഈ വസ്തുതകൾ ഞാൻ അവതരിപ്പിക്കും. കോൺഗ്രസ്സും ബിജെപിയും എന്തൊക്കെ കള്ള പ്രചാരണങ്ങൾ നടത്തിയാലും അതെല്ലാം വോട്ടർമാർ പരിഹസിച്ച് തള്ളും.വടകരയിലെ പ്രബുദ്ധരായ ജനങ്ങൾ എൽ.ഡി.എഫിനൊപ്പമാണ്. " പി.ജയരാജന്‍ ആത്മവിശ്വാസത്തോടെ എഴുതി. 

തെരഞ്ഞെടുപ്പ് അടുക്കുന്തോറും വടകര തിരിച്ചുപിടിക്കാമെന്ന ആത്മവിശ്വാസം സിപിഎമ്മിനുണ്ടായിരുന്നു. അതുവരെ കൂത്തുപറമ്പും തലശ്ശേരിയിലും പരമാവധി ലീഡ് ഉയര്‍ത്തുക. വടകരയില്‍ വീരേന്ദ്രകുമാറിന്‍റെ ജെഡിയുവിന്‍റെ പരമാവധി വോട്ടുകള്‍ സമാഹരിക്കുക എന്നിങ്ങനെ മനക്കോട്ടകള്‍ ഉയര്‍ന്ന പാര്‍ട്ടിഗ്രാമങ്ങളില്‍ പക്ഷേ കാര്യങ്ങള്‍ കീഴ്മേല്‍ മറിയുകയാണെന്ന് മനസിലാക്കാന്‍ പാര്‍ട്ടിക്ക് പറ്റാതെ പോയി. 

എന്നാല്‍ കാത്തിരിക്കുന്നത് അനിവാര്യമായ തോല്‍വിയാണെന്നും അതിനെ മറികടക്കേണ്ടത് പോരാളിയുടെ മിടുക്കാണെന്നുമുള്ള ആത്മവിശ്വാസമായിരുന്നു കെ മുരളീധരന്‍റെ കൈമുതല്‍. 2014 ലെ തെരഞ്ഞെടുപ്പില്‍ മുല്ലപ്പള്ളി രാമചന്ദ്രനൊപ്പം നിന്ന് മണ്ഡലം എന്ന ബലമാത്രമായിരുന്നു കെ മുരളീധരന്‍റെ ആത്മവിശ്വാസം. എന്നാല്‍ എതിരാളി പി ജയരാനായത് കൊണ്ട് ആ ആത്മവിശ്വാസം മുല്ലപ്പള്ളിക്ക് പോലും ഉണ്ടായിരുന്നില്ലെന്നാതാണ് സത്യം. 2014 ല്‍ തനിക്ക് കിട്ടിയ 3,306 വോട്ടിന്‍റെ ഭൂരിപക്ഷത്തില്‍ മുല്ലപ്പള്ളിക്കും വിശ്വാസമുണ്ടായിരുന്നില്ല. 

2014 ല്‍ എ എന്‍ ഷംസീറിനെ (64404) തുണച്ച തലശ്ശേരി മണ്ഡലം ഇത്തവണയും പതിവ് തെറ്റിക്കാതെ ലീഡുയര്‍ത്തി പി ജയരാജനൊപ്പം (65401) ഉറച്ച് നിന്നു. 997 വോട്ടിന്‍റെ ലീഡാണ് തലശ്ശേരിയില്‍ ഉയര്‍ന്നത് എന്നാല്‍ കെ മരുളീധരന്‍ ആദ്യ തിരിച്ചടി തലശ്ശേരിയില്‍ നല്‍കിയിരുന്നു. മുല്ലപ്പള്ളിക്ക് ( 41365) കിട്ടിയതിനേക്കാള്‍ 12567 വോട്ടാണ് മുരളീധരന്‍ തലശ്ശേരിയില്‍ അധികം പിടിച്ചത്. 

കൂത്തുപറമ്പും സിപിഎമ്മിനെ കൈവിട്ടില്ല. ഷംസീര്‍ നേടിയ 59486 വോട്ടിന്‍റെ സ്ഥാനത്ത് 64359 വോട്ട് ജയരാജന് ലഭിച്ചപ്പോള്‍ കെ മരളീധരന്‍ 13731 വോട്ടാണ് തന്‍റെ മുന്‍കാമിയേക്കാള്‍ (54761 മുല്ലപ്പള്ളിക്ക് ലഭിച്ചത് ) നേടിയത്. ജയരാജന് കൂത്തുപറമ്പ് ഉയര്‍ത്താന്‍ കഴിഞ്ഞത് 4,873 വോട്ടുകള്‍ മാത്രമാണ്. 2001,2005,2006 നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ കൂത്തുപറമ്പിനെ പ്രതിനിധീകരിച്ച് നിയമസഭയിലെത്തിയ പി ജയരാജനെ ഒടുവില്‍ കൂത്തുപറമ്പും കൈവിട്ടു.

പാര്‍ട്ടി ഗ്രാമമായ വടകരയും സിപിഎമ്മിന്‍റെ കൈയില്‍ നിന്ന് വഴുതുന്ന കാഴ്ചയായിരുന്നു പിന്നെ കാണുന്നത്. 42315 ല്‍ നിന്ന് ലീഡ് 48199 ലേക്ക് ഉയര്‍ത്തിയെങ്കിലും മുരളീധരന് ഉയര്‍ത്തിയത് 13,506 ല്‍ വോട്ടിന്‍റെ ലീഡായിരുന്നു (71162). കുറ്റ്യാടിയിലും നാദാപുരത്തും പേരാമ്പ്രയിലും 80,000 ത്തിന് മുകളില്‍ വോട്ട് മുരളീധരന്‍ പിടിച്ചപ്പോള്‍ 60000 കൊണ്ട് തൃപ്തിപ്പെടാനായിരുന്നു പി ജയരാജന്‍റെ യോഗം. കൊയിലാണ്ടിയില്‍ 3010 വോട്ട് കഴിഞ്ഞ തവണത്തേക്കാള്‍ സിപിഎം നേടിയപ്പോള്‍ മുരളീധരന് ലഭിച്ചത് മുന്‍വര്‍ഷത്തെക്കാള്‍ 17429 വോട്ടുകളായിരുന്നു. വോട്ടുകണക്കുകള്‍ എല്ലാം കണിക്കുന്നത് വടകരയില്‍ പി ജയരാജന്‍റെത് സമ്പൂര്‍ണ്ണ പരാജയമാണെന്നാണ്. 

കെ കെ രമയും കല്യോട്ടെ ഇരട്ടക്കൊലയ്ക്ക് കിട്ടിയ മാധ്യമ പ്രധാന്യത്തിനൊപ്പം സീറ്റ് നിഷേധിക്കപ്പെട്ട ജെഡിയുവിന്‍റെ നിരാശയോടുമൊപ്പം രാഹുല്‍ ഗാന്ധിയുടെ വയനാട് സ്ഥാനാര്‍ത്ഥിത്വം കൂടിയാകുമ്പോള്‍ സിപിഎമ്മിന് വടകരയില്‍ നിന്നും പാര്‍ലമെന്‍റിലേക്കുള്ള ടിക്കറ്റ് വീണ്ടും ബാലികേറാമലയായി തുടരുകയായിരുന്നു. 1996 ല്‍ ഒ ഭരതന്‍ മുതല്‍ 2009 ല്‍ പി സതീദേവിവരെ നാല് തവണകളിലായി പതിമൂന്ന് വര്‍ഷം ഭരിച്ച് മണ്ഡലത്തില്‍ കഴിഞ്ഞ പത്ത് വര്‍ഷമായി സിപിഎം പടിക്ക് പറത്ത് തന്നെയാണ്. 

പി ജയരാജനിലൂടെ മണ്ഡലം പിടിക്കാനിറങ്ങിയ സിപിഎമ്മിന് അഭിമാനപ്പോരാട്ടത്തിലും ദയനീയ പരാജയം നേരിടേണ്ടി വന്നതോടെ ത്രിശങ്കുവിലായത് പി ജയരാജന്‍ എന്ന കരുത്തന്‍റെ സാധ്യതകള്‍ തന്നെയാണ്. കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി 2010 മുതല്‍ 2019 വരെ ഇരുന്ന പി ജയരാജനെ ഇനി ഏത് സ്ഥാനത്തിരുത്തുമെന്നത് പാര്‍ട്ടിയെ സംബന്ധിച്ച് കീറാമുട്ടിയായിരിക്കുകയാണ്. പാരാജയം പ്രതിരോധിക്കാന്‍ ഏത് തരംഗത്തെ എടുത്തുപയോഗിച്ചാലും 84663 വോട്ടിന്‍റെ കനത്ത പരാജയം പി ജയരാജനെ ഏറെക്കാലം വേട്ടയാടുമെന്നുറപ്പ്.